ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിക്കൂട്ടിലായ തന്ത്രി കണ്ഠരര് രാജീവര്‍ പെരുംകള്ളന്മാരുടെ പട്ടികയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. കേസില്‍ എസ്.ഐ.ടി അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസുകാര്‍ക്കും വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് അറസ്റ്റിന് പിന്നിലെന്ന വാദത്തെ തള്ളിയ അദ്ദേഹം, കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് യു.ഡി.എഫും ബി.ജെ.പിയും സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ ആരോപണങ്ങള്‍ വരുമ്പോള്‍ മാത്രം വലിയ വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍, ബി.ജെ.പിക്കും കോണ്‍ഗ്രസിനും എതിരെയുള്ള കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. തന്ത്രിയെ പിടികൂടിയപ്പോള്‍ ബി.ജെ.പി പ്രതിരോധിക്കാന്‍ നില്‍ക്കാതെ ഒഴിഞ്ഞുമാറി. ഇ.ഡി അന്വേഷണം പോലും തന്ത്രിയുടെ അടുത്തേക്ക് എത്തുന്നില്ല. ഇതിനെല്ലാം പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല എന്നതാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടെന്ന് എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ആരെയും സംരക്ഷിക്കില്ലെന്നും എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്ത്രിയെയും മറ്റും സംരക്ഷിക്കാന്‍ നാണംകെട്ട രീതിയിലാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.