ഇസ്ലാമാബാദ്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്ക് മറുപടിയായി അഫ്ഗാന്‍ അതിര്‍ത്തിക്കുള്ളില്‍ മിന്നലാക്രമണം നടത്തി പാകിസ്ഥാന്‍. ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ സൈനിക ഓപ്പറേഷനില്‍ പാകിസ്ഥാന്‍ താലിബാന്റെയും ഇസ്ലാമിക് സ്‌റ്റേറ്റിന്റെയും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതിര്‍ത്തി മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന ഭീകരവാദികളെ ലക്ഷ്യമിട്ടായിരുന്നു ഈ കനത്ത തിരിച്ചടി.
പാകിസ്ഥാന്‍ താലിബാന്റെയും അനുബന്ധ സംഘടനകളുടെയും ഏഴോളം താവളങ്ങള്‍ തകര്‍ത്തതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗല്ല തരാര്‍ വ്യക്തമാക്കി. പക്തിക പ്രവിശ്യയിലെ ബെര്‍മല്‍ ജില്ലയിലുള്ള മതപഠന കേന്ദ്രത്തിന് നേരെയും നംഗര്‍ഹാര്‍ പ്രവിശ്യയിലെ വിവിധയിടങ്ങളിലും പാക് യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തി. ബജൗര്‍, ബന്നു എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കുള്ള ശക്തമായ മറുപടിയായാണ് ഈ സൈനിക നീക്കത്തെ പാകിസ്ഥാന്‍ വിശേഷിപ്പിക്കുന്നത്.
ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ബജൗറില്‍ സുരക്ഷാ പോസ്റ്റിന് നേരെ നടന്ന ആക്രമണത്തില്‍ 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ടതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. ഈ ആക്രമണം നടത്തിയത് അഫ്ഗാന്‍ പൗരനാണെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ബന്നുവില്‍ നടന്ന മറ്റൊരു ചാവേര്‍ ആക്രമണത്തില്‍ ഒരു ലെഫ്റ്റനന്റ് കേണല്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതോടെ, ഭീകരവാദത്തോടും അതിന് സഹായം നല്‍കുന്നവരോടും ഇനി സംയമനം പാലിക്കില്ലെന്ന് പാക് സൈന്യം മുന്നറിയിപ്പ് നല്‍കി.
സ്വന്തം മണ്ണ് മറ്റു രാജ്യങ്ങള്‍ക്കെതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന ദോഹ കരാര്‍ താലിബാന്‍ ഭരണകൂടം ലംഘിക്കുകയാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. അഫ്ഗാന്‍ ആസ്ഥാനമായുള്ള ഭീകരര്‍ക്ക് പള്ളി സ്‌ഫോടനത്തിലടക്കം പങ്കുണ്ടെന്ന നിര്‍ണ്ണായക തെളിവുകള്‍ കൈവശമുണ്ടെന്നും പാക് സൈന്യം അവകാശപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച അതിര്‍ത്തി തര്‍ക്കം രൂക്ഷമായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായി തുടരുകയാണ്.