Monday, March 16, 2026 Last Updated 0 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.33 PM

90% പൊള്ളലേറ്റ കുരുന്നിന്‌ മാര്‍ സ്ലീവാ മെഡിസിറ്റിയിലൂടെ പുനര്‍ജന്മം

പാലാ: ശരീരം തൊണ്ണൂറ്‌ ശതമാനവും പൊള്ളലേറ്റ്‌ മരണത്തെ മുഖാമുഖം കണ്ട രണ്ട്‌ വയസുകാരന്‌ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ വിവിധ ചികിത്സാവിഭാഗങ്ങള്‍ ചേര്‍ന്നു നല്‍കിയത്‌ അത്‌ഭുത പുനര്‍ജന്മം. ഇടുക്കി വണ്ടന്‍മേട്‌ സ്വദേശിയായ രണ്ടു വയസുകാരന്‍ കളിചിരികളും കളിപ്പാട്ടങ്ങളുമായി കഴിഞ്ഞ ദിവസം വീട്ടിലേക്ക്‌ തിരികെ മടങ്ങി.കഴിഞ്ഞ ഒക്‌ടോബര്‍ 9ന്‌ വൈകുന്നേരം വീടിനുള്ളില്‍ തിളപ്പിച്ചു വച്ച ചൂടു വെള്ളത്തിലേക്ക്‌ വീണായിരുന്നു രണ്ട്‌ വയസ്സുകാരന്‌ അപകടം ഉണ്ടായത്‌. തല മുതല്‍ കാല്‍മുട്ട്‌ വരെയുള്ള ഭാഗം പൂര്‍ണമായും ഗുരുതര പൊള്ളലേറ്റിരുന്നു. ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കുഞ്ഞിനെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അതീവ ഗുരുതരാവസ്‌ഥയിലായിരുന്നു. കുരുന്നിനെ എങ്ങനെയെങ്കിലും തിരിച്ചു നല്‍കണമെന്ന മാതാപിതാക്കളുടെ കണ്ണീരോടെയുള്ള പ്രാര്‍ത്ഥന ഡോക്‌ടര്‍മാര്‍ ഏറ്റെടുത്തു.
തുടര്‍ന്ന്‌ ആഴ്‌ചകളും മാസങ്ങളും നടന്നത്‌ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ അതീവസങ്കീര്‍ണമായ ചികിത്സകളുടെയും ശസ്‌ത്രക്രിയകളുടെയും പരമ്പരകളാണ്‌.
ചികിത്സയില്‍ പ്രവേശിപ്പിച്ച ആദ്യദിനങ്ങളില്‍ വൃക്കതകരാര്‍ ഉണ്ടായി രുന്നു. എങ്കിലും താമസിക്കാതെ തന്നെ വൃക്കയുടെ പ്രവര്‍ത്തനം സാധാരണഗതിയിലായി. മുഖത്തും വായിലും അതീവഗുരുതരമായ പൊള്ളലേറ്റിരുന്നതും സ്‌ഥിതിഗതികള്‍ വഷളാക്കിയിരുന്നു. അത്യാധുനിക വെന്റിലേറ്റര്‍ സംവിധാനം ക്രമീകരിച്ചാണ്‌ കുഞ്ഞിന്റെ ശ്വസനം നിയന്ത്രിച്ചിരുന്നത്‌. ദേഹമാസകലം പൊള്ളലേറ്റ കുരുന്നിന്റെ ശരീരം സാധാരണ നിലയിലേക്ക്‌ എത്തിക്കാനുള്ള ദൗത്യം പ്ലാസ്‌റ്റിക്‌ ആന്‍ഡ്‌ റീകണ്‍സ്‌ട്രക്‌ടീവ്‌ വിഭാഗമാണ്‌ ഏറ്റെടുത്തത്‌. കുഞ്ഞിന്റ ശരീരം പൂര്‍ണമായി പൊള്ളിയിരുന്നതിനാല്‍ മാതാവിന്റെ ശരീരത്തില്‍നിന്ന്‌ സ്‌കിന്‍ ഗ്രാഫ്‌റ്റ്‌ എടുത്താണ്‌ ആദ്യശസ്‌ത്രക്രിയകള്‍ ചെയ്‌തിരുന്നത്‌.
എയര്‍കോമഡോര്‍ ഡോ.പോളിന്‍ ബാബു, ഡോ.സഫേലിയ നാസര്‍, ഡോ.അശ്വതി ചന്ദ്രന്‍, ഡോ.അനീഷ്‌ ജോസഫ്‌, ഡോ.മഞ്‌ജുള രാമചന്ദ്രന്‍, ഡോ.തരുണ്‍ ലോറന്‍സ്‌, ഡോ.ജിസ്‌ തോമസ്‌, ഡോ.ജോണ്‍ മാത്യു, ഡോ.ലിനു തോമസ്‌, ഡോ.അമല്‍ സ്‌കറിയ, ഡോ.മഞ്‌ജിത്ത്‌ ജോര്‍ജ്‌, ഡോ.ലിബി ജെ.പാപ്പച്ചന്‍, ഡോ.എബി ജോണ്‍, ഡോ.അഞ്‌ജു ജനാര്‍ദ്ദനന്‍, ഡോ.ജെയിംസ്‌ സിറിയക്‌, ഡോ.ബേസില്‍ പോള്‍ കുന്നത്ത്‌, ഡോ.ശിവാനി ബക്ഷി, ഡോ.സേവ്യര്‍ ജോണ്‍, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു നാലു മാസം നീണ്ട ചികിത്സകള്‍ നയിച്ചത്‌.
വൈദ്യശാസ്‌ത്രത്തിന്റെ മികവും ദൈവത്തിന്റെ കരുണയുമാണ്‌ കുരുന്നിനെ ജീവിതത്തിലേക്ക്‌ തിരിച്ച്‌ എത്തിച്ചതെന്നു ആശുപത്രി മാനേജിങ്‌ ഡയറക്‌ടര്‍ റവ.ഫാ.മാത്യു തെക്കേല്‍ പറഞ്ഞു.

Ads by Google
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED