Wednesday, March 18, 2026 Last Updated 52 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
Saturday 21 Feb 2026 11.33 PM

തന്ത്രിയുടെ സത്യവാങ്‌മൂലത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍; ‘യുവതീപ്രവേശന ശ്രമവും എല്ലാ ദിവസവും ക്ഷേത്രം തുറക്കാനുള്ള നീക്കവും തടഞ്ഞതിലുള്ള പ്രതികാരം’

നിശ്‌ചിത പ്രായപരിധിയിലുള്ള സ്‌ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമം നടന്നപ്പോള്‍ തന്ത്രിയെന്ന നിലയില്‍ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാന്‍ ശക്‌തമായ നിലപാടെടുത്തെന്നാണ്‌ കണ്‌ഠര്‌ രാജീവരുടെ സത്യവാങ്‌മൂലത്തിലുള്ളത്‌
Kerala

കോട്ടയം: സംസ്‌ഥാന സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി തന്ത്രി കണ്‌ഠര്‌ രാജീവര്‌ സത്യവാത്മൂലം സമര്‍പ്പിച്ചതോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി. ശബരിമല സ്വര്‍ണക്കൊള്ള കേസ്‌ പരിഗണിക്കുന്ന കൊല്ലം വിജിലന്‍സ്‌ കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലാണ്‌ തന്ത്രി ആരോപണമുന്നയിച്ചത്‌. ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശന ശ്രമവും എല്ലാ ദിവസവും ക്ഷേത്രം തുറക്കാനുള്ള നീക്കവും തന്ത്രിയെന്ന നിലയില്‍ തടഞ്ഞതിലുള്ള പ്രതികാരമാണ്‌ തന്റെ അറസ്‌റ്റെന്നാണ്‌ തന്ത്രിയുടെ ആരോപണം.

തന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌തത്‌ തെളിവിന്റെ അടിസ്‌ഥാനത്തിലാണോയെന്ന ചോദ്യവുമായി ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തുവന്നിരുന്നു. അവരുടെ ചോദ്യം ശരിവയ്‌ക്കുന്ന വിധത്തിലായിരുന്നു തന്ത്രിക്ക്‌ ജാമ്യം നല്‍കികൊണ്ടുള്ള കൊല്ലം വിജിലന്‍സ്‌ കോടതിയുടെ ഉത്തരവ്‌. തന്ത്രിയെ കുറ്റക്കാരാനാക്കാനുള്ള ഒരു തെളിവും അന്വേഷണ സംഘത്തിനു ഹാജരാക്കാന്‍ സാധിച്ചില്ലെന്നാണ്‌ കോടതിയുടെ നിരീക്ഷണം.

ശബരിമല യുവതീപ്രവേശനത്തിന്‌ ഒത്താശ ചെയ്‌തുകൊടുത്തു എന്നത്‌ ഇടതു സര്‍ക്കാര്‍ നേരിട്ട പ്രധാന ആരോപണമായിരുന്നു. ഇതിനെതിരേ കടുത്ത വിമര്‍ശനമാണ്‌ വിശ്വാസികളില്‍നിന്ന്‌ ഉയര്‍ന്നത്‌. എന്‍.എസ്‌.എസ്‌.അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ സര്‍ക്കാരിനെതിരേ രംഗത്തുവന്നതും ഇതിന്റെ പേരിലാണ്‌. എന്നാല്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന പിടിവാശി പിന്നീടു സര്‍ക്കാര്‍ ഉപേക്ഷിച്ചെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന്‌ എന്‍.എസ്‌.എസ്‌. നേതൃത്വം വ്യക്‌തമാക്കിയിരുന്നു. ഇതിനിടെയാണ്‌ തന്ത്രിയുടെ സത്യവാങ്‌മൂലത്തോടെ ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും സജീവമാകുന്നത്‌.

നിശ്‌ചിത പ്രായപരിധിയിലുള്ള സ്‌ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമം നടന്നപ്പോള്‍ തന്ത്രിയെന്ന നിലയില്‍ ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാന്‍ ശക്‌തമായ നിലപാടെടുത്തെന്നാണ്‌ കണ്‌ഠര്‌ രാജീവരുടെ സത്യവാങ്‌മൂലത്തിലുള്ളത്‌. രാഷ്‌ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ പൂജ നിര്‍ത്തിവച്ച്‌ ഇറങ്ങിപ്പോകുമെന്നു മുന്നറിയിപ്പ്‌ നല്‍കിയതായും അതിലുണ്ട്‌. ഭരണകക്ഷിയുടെ താല്‍പര്യപ്രകാരം നടത്തിയ യുവതീപ്രവേശനം പരാജയപ്പെട്ടത്‌ താനെടുത്ത ശക്‌തമായ നിലപാടുകൊണ്ടാണ്‌. ഇതിന്റെ പ്രതികാരമായാണ്‌ തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നാണ്‌ തന്ത്രി സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നത്‌.

ശബരിമല സ്വര്‍ണക്കേസില്‍ തന്ത്രിക്കെതിരേ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നാല്‍ അദ്ദേഹത്തെ മനഃപൂര്‍വം കുടുക്കിയതിന്‌ സര്‍ക്കാര്‍ സമാധാനം പറയേണ്ടി വരും. വിശ്വാസികള്‍ക്കിടയില്‍ വലിയ രോഷത്തിനും ഇതു കാരണമാകുമെന്ന്‌ ഉറപ്പാണ്‌. ശബരിമലയില്‍ തന്ത്രിക്ക്‌ നടയടയ്‌ക്കാന്‍ ഉപദേശം നല്‍കിയതു താനാണെന്ന്‌ ഗോവ മുന്‍ ഗവര്‍ണര്‍ പി.എസ്‌. ശ്രീധരന്‍ പിള്ള തന്റെ പുസ്‌തകത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. സുപ്രീംകോടതി വിധിയില്‍ നട അടയ്‌ക്കുന്നതു സംബന്ധിച്ച്‌ പരാമര്‍ശമില്ലാത്തതിനാല്‍ കോടതിയലക്ഷ്യമുണ്ടാകില്ലെന്നു തന്ത്രിക്കു താന്‍ ഉറപ്പ്‌ നല്‍കിയെന്നാണ്‌ ശ്രീധരന്‍ പിള്ള പറയുന്നത്‌. ഇതോടെ നിയമത്തിന്റെ പിന്‍ബലം കൂടി ഇതിലുണ്ടായിരുന്നെന്നും വ്യക്‌തമായിട്ടുണ്ട്‌.

ഷാലു മാത്യു

Ads by Google
ഷാലു മാത്യു
Saturday 21 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google