Wednesday, March 18, 2026 Last Updated 54 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
ജിനേഷ് പൂനത്ത്
ജിനേഷ് പൂനത്ത്
Saturday 21 Feb 2026 09.49 AM

പൂരം കലക്കല്‍ വിവാദത്തില്‍ ശാസന; സി.പി.ഐയില്‍ ഒറ്റപ്പെട്ട്‌ വി.എസ്‌. സുനില്‍കുമാര്‍, ഒതുക്കാന്‍ പുതുനേതൃനിര, പാര്‍ട്ടിയില്‍ ഒപ്പം നില്‍ക്കാന്‍ ആളില്ല

പൂരം കലക്കിയാണ്‌ സുരേഷ്‌ഗോപി ജയിച്ചതെന്ന ആരോപണം സര്‍ക്കാരിനെതിരേ തിരിഞ്ഞതോടെയാണ്‌ സി.പി.ഐ. സ്വരം കടുപ്പിച്ചത്‌. മുതിര്‍ന്നനേതാവ്‌ കെ.പി. രാജേന്ദ്രനും മന്ത്രി കെ. രാജനും സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വവും ഉള്‍പ്പെട്ട അച്ചുതണ്ട്‌ സുനില്‍കുമാറിനെതിരാണ്‌
Kerala

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുവട്ടംകൂടി മത്സരിക്കാന്‍ കച്ചമുറുക്കിയ മുന്‍മന്ത്രി വി.എസ്‌. സുനില്‍കുമാറിനെതിരേ സി.പി.ഐയില്‍ പടയൊരുക്കം. പാര്‍ട്ടിക്ക്‌ ഏറെ വേരോട്ടമുള്ള തൃശൂര്‍ ജില്ലയിലെ ശക്‌തനായ നേതാവായിരുന്നെങ്കിലും സുനില്‍കുമാര്‍ നിലവില്‍ രാഷ്‌ട്രീയനിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്‌. പാര്‍ട്ടിയെ നിയന്ത്രിക്കുന്ന പുതുനേതൃനിരയാകട്ടെ സുനില്‍കുമാറിന്റെ ശേഷിക്കുന്ന സ്വാധീനവും ഇല്ലാതാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലും.

തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തിലെ ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ടിനെതിരേ വിമര്‍ശനമുന്നയിച്ചതിലൂടെ മന്ത്രി കെ. രാജനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ സുനില്‍കുമാറിനെ പാര്‍ട്ടി നേതൃത്വം ശാസിച്ച്‌ മൂലയ്‌ക്കിരുത്തുകയായിരുന്നു. പൂരം കലക്കിയതില്‍ ഒന്നാംപ്രതി ജില്ലാ കലക്‌ടറാണെന്ന ആരോപണത്തിന്റെ പേരില്‍ ജില്ലാ എക്‌സിക്യൂട്ടീവില്‍ സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വമാണ്‌ സുനില്‍കുമാറിനെ ശാസിച്ചത്‌. ജില്ലാ എക്‌സിക്യൂട്ടീവില്‍ സുനില്‍കുമാറിനെതിരേ രൂക്ഷവിമര്‍ശനമുയരുകയും ചെയ്‌തു. ഒന്നാംപ്രതി കലക്‌ടറാണെന്നു പറയാന്‍ ആര്‌ ചുമതലപ്പെടുത്തിയെന്നു ചോദിച്ച ബിനോയ്‌ വിശ്വം, ഇത്തരം പരസ്യപ്രതികരണങ്ങള്‍ ആവര്‍ത്തിക്കരുതെന്നും താക്കീത്‌ നല്‍കി.

സുനില്‍കുമാറിന്റെ വിമര്‍ശനത്തോടുള്ള അതൃപ്‌തി റവന്യൂ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മന്ത്രി രാജന്‍ പാര്‍ട്ടി നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. തൃശൂര്‍ പൂരം കലക്കിയതിന്റെ ഉത്തരവാദി തിരുവമ്പാടി ദേവസ്വമാണെന്ന ക്രൈംബ്രാഞ്ച്‌ റിപ്പോര്‍ട്ടിനെതിരേയായിരുന്നു സുനില്‍കുമാറിന്റെ വിമര്‍ശനം.

മൂന്നുതവണ നിയമസഭയിലേക്കു മത്സരിച്ച സുനില്‍കുമാര്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായിരുന്നു. അദ്ദേഹത്തിന്‌ ഇനിയൊരു അവസരം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ്‌ പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട്‌ തോറ്റതും സുനില്‍കുമാറിന്‌ ക്ഷീണമായി. അതോടെ, പൂരം കലക്കിയാണ്‌ സുരേഷ്‌ഗോപി ജയിച്ചതെന്ന ആരോപണവുമായി അദ്ദേഹം നിരന്തരം രംഗത്തുവന്നു.

ആ ആരോപണം പിന്നീട്‌ സര്‍ക്കാരിനെതിരേ തിരിഞ്ഞതോടെയാണ്‌ സി.പി.ഐ. സ്വരം കടുപ്പിച്ചത്‌. തൃശൂരില്‍നിന്നുള്ള മുതിര്‍ന്നനേതാവ്‌ കെ.പി. രാജേന്ദ്രനും മന്ത്രി കെ. രാജനും സംസ്‌ഥാന സെക്രട്ടറി ബിനോയ്‌ വിശ്വവും ഉള്‍പ്പെട്ട അച്ചുതണ്ട്‌ സുനില്‍കുമാറിനെതിരാണ്‌. രാജന്‍ ഒല്ലൂരില്‍ വീണ്ടും സീറ്റ്‌ ഉറപ്പാക്കി. പാര്‍ട്ടിയില്‍ ഒപ്പം നില്‍ക്കാന്‍ ആളില്ലാത്ത അവസ്‌ഥയിലാണ്‌ സുനില്‍കുമാര്‍. ഈ സാഹചര്യത്തിലാണ്‌ പൂരം കലക്കല്‍ വിഷയത്തില്‍ സുനില്‍കുമാറിനെ ശാസിക്കാന്‍ നേതൃത്വം തയാറായത്‌.

-ജിനേഷ് പൂനത്ത്

Ads by Google
ജിനേഷ് പൂനത്ത്
ജിനേഷ് പൂനത്ത്
Saturday 21 Feb 2026 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google