Monday, March 16, 2026 Last Updated 59 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിധി പറഞ്ഞ ജഡ്‌ജി ഹണി എം. വര്‍ഗീസിന്‌ സ്‌ഥലംമാറ്റം

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടത്തി വിധി പറഞ്ഞ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി ഹണി എം.വര്‍ഗീസിന്‌ സ്‌ഥലംമാറ്റം. ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്‌ജിയായാണ്‌ ഹണി എം.വര്‍ഗീസിനെ നിയമിച്ചത്‌. ഹൈക്കോടതിയാണ്‌ ഉത്തരവ്‌ പുറത്തിറക്കിയത്‌.
ഹണി എം. വര്‍ഗീസിനു പകരം ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്‌ജിയായിരുന്ന കെ.കെ.ബാലകൃഷ്‌ണനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജിയായി നിയമിച്ചു. തൊടുപുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്‌ജിയായിരുന്ന പി.എസ്‌.ശശികുമാറിനെ തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്‌ജിയായും നിയമിച്ചിട്ടുണ്ട്‌.
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടത്തിയതും വിധി പറഞ്ഞതും ഹണി എം.വര്‍ഗീസിന്റെ കോടതിയായിരുന്നു. 2019ലാണ്‌ സി.ബി.ഐ. സ്‌പെഷല്‍ കോടതി ജഡ്‌ജിയായിരുന്ന ഹണി എം.വര്‍ഗീസിനെ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേക കോടതി ജഡ്‌ജിയായി ഹൈക്കോടതി നിയമിച്ചത്‌. വനിതാ ജഡ്‌ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഇത്‌. പിന്നീട്‌ ഹണി എം.വര്‍ഗീസ്‌ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി ജഡ്‌ജി ആയപ്പോള്‍ കേസിന്റെ വിചാരണ ഈ കോടതിയിലേക്ക്‌ മാറ്റി. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ കഴിഞ്ഞ ഡിസംബര്‍ എട്ടിനു കേസില്‍ വിധി പ്രഖ്യാപിച്ചു.
കുറ്റകൃത്യത്തില്‍ നേരിട്ട്‌ ഇടപെട്ട ഒന്നു മുതല്‍ ആറു വരെ പ്രതികളെ 20 വര്‍ഷം കഠിനതടവിനു ശിക്ഷിച്ചപ്പോള്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപ്‌ അടക്കം നാലു പേരെ വെറുതേ വിടുകയും ചെയ്‌തു. സാധാരണ മൂന്നു വര്‍ഷത്തിലൊരിക്കല്‍ ജഡ്‌ജിമാര്‍ക്ക്‌ സ്‌ഥലം മാറ്റം ഉണ്ടാകാറുണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ടുപോയതിനാല്‍ ഹണി എം.വര്‍ഗീസിന്‌ സ്‌ഥലം മാറ്റം ഉണ്ടായിരുന്നില്ല.
കേസില്‍ വിധി പറഞ്ഞതിനുശേഷം സ്‌ഥലംമാറ്റം ഉണ്ടാകുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രണ്ടു മാസം കൂടി കഴിഞ്ഞാണ്‌ സ്‌ഥലംമാറ്റുന്നത്‌.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED