Monday, March 16, 2026 Last Updated 58 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 11.42 PM

ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടികയുമായി ബി.ജെ.പി

uploads/news/2026/02/826136/k4.jpg

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നണികള്‍ ഒരുക്കങ്ങള്‍ സജീവമാക്കിയിരിക്കേ ആദ്യ ഘട്ട സ്‌ഥാനാര്‍ത്ഥി പട്ടികയുമായി ബി.ജെ.പി. ഒരുപടി മുന്നില്‍. പാര്‍ട്ടിക്ക്‌ ഏറെ സ്വാധീനമുള്ള എ ക്ലാസ്‌ മണ്‌ഡലങ്ങളായ 30 സീറ്റുകളിലാണ്‌ ധാരണയായത്‌. പട്ടിക കേന്ദ്ര നേതൃത്വത്തിന്‌ കൈമാറും. പ്രഖ്യാപനം ഡല്‍ഹിയില്‍ നടക്കും.പാര്‍ട്ടി അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍ നേമത്ത്‌ സ്‌ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച്‌ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ബി.ജെ.പിക്കു പ്രതീക്ഷയുള്ള വട്ടിയൂര്‍ക്കാവില്‍ അന്തിമ തീരുമാനമായില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്‌ഥാനം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്‌ടപ്പെട്ട മുന്‍ ഡി.ജി.പി: ആര്‍. ശ്രീലേഖയെയായിരുന്നു ബി.ജെ.പി. വട്ടിയൂര്‍ക്കാവില്‍ ആദ്യ ഘട്ടത്തിന്‍ പരിഗണിച്ചിരുന്നത്‌. എന്നാല്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ശ്രീലേഖ ഉറച്ചു നിന്നതോടെ അനിശ്‌ചിതത്വം മുറുകി. നിലവില്‍ കൗണ്‍സിലറായ താന്‍ നിയമസഭയിലേക്കും മത്സരിക്കുന്നതോടെ അധിക ചെലവുണ്ടാകുമെന്നും അതിനു തയാറല്ലെന്നുമാണ്‌ ശ്രീലേഖയുടെ നിലപാട്‌.
മേയര്‍ സ്‌ഥാനം നഷ്‌ടമായതിലുള്ള അതൃപ്‌തിയാണെന്നും വ്യാഖ്യാനമുണ്ട്‌. ഈ സാഹചര്യത്തില്‍ ശ്രീലേഖയെ അനുനയിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ നടന്‍ കൃഷ്‌ണകുമാറിനെയാണ്‌ പരിഗണിക്കുന്നത്‌. പാലക്കാട്‌ സീറ്റില്‍ പരിഗണിക്കുന്ന ശോഭാ സുരേന്ദ്രന്റെ പേരും വട്ടിയൂര്‍ക്കാവിലേക്കും പരിഗണനയിലുണ്ട്‌. ഇങ്ങനെ വന്നാല്‍ പാലക്കാട്ട്‌ ജില്ലാ പ്രസിഡന്റും യുവ നേതാവുമായ പ്രശാന്ത്‌ ശിവനാകും നറുക്കു വീഴുക. പാര്‍ട്ടിക്ക്‌ ഏറെ സ്വാധീനമുള്ള പാലക്കാട്ട്‌, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അടക്കമുള്ള വിഷയങ്ങള്‍ സജീവമാക്കി പിടിച്ചെടുക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളാണ്‌ ബി.ജെ.പി. നടത്തുന്നത്‌.
കഴക്കൂട്ടത്ത്‌ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനും കാട്ടാക്കടയില്‍ പി.കെ. കൃഷ്‌ണദാസും മലമ്പുഴയില്‍ സി. കൃഷ്‌ണകുമാറും മഞ്ചേശ്വരത്ത്‌ മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വീണ്ടും മത്സരിക്കും. ആറന്മുളയില്‍ മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ്‌ പരിഗണനയിലുള്ളത്‌. ചെങ്ങന്നൂരില്‍ സന്ദീപ്‌ വചസ്‌പതി സീറ്റ്‌ ഉറപ്പിച്ചു കഴിഞ്ഞു. പാലായില്‍ ക്രിസ്‌ത്യന്‍ വോട്ടില്‍ കണ്ണ്‌ നട്ട്‌, കേരളാ കോണ്‍ഗ്രസിന്റെ ആധിപത്യം തകര്‍ത്ത്‌ കളം പിടിക്കാന്‍ ഷോണ്‍ ജോര്‍ജിനേയും തിരുവല്ലയില്‍ അനൂപ്‌ ആന്റണിയേയും ബി.ജെ.പി. രംഗത്തിറക്കും. തൃശൂരിനായി ചരടുവലിച്ച എം.ടി. രമേശ്‌ മത്സരിക്കാനുള്ള സാധ്യത കുറഞ്ഞു. തൃശൂരിലെ പാര്‍ട്ടി വോട്ടുകള്‍ക്കപ്പുറത്ത്‌ ജയിക്കാനാവശ്യമായ ക്രിസ്‌ത്യന്‍ വോട്ടുകള്‍ നേടാന്‍ രമേശിന്‌ സാധ്യത കുറവാണെന്ന വിലയിരുത്തലാണ്‌ നേതൃത്വത്തിനുള്ളത്‌. മുന്‍ പോലീസ്‌ ഓഫീസറായ ജേക്കബ്‌ തോമസിനെയും തൃശൂരിലോ ഒല്ലൂരിലോ പരിഗണിക്കുന്നുണ്ട്‌. ജേക്കബ്‌ തോമസ്‌ അടുത്തിടെ തൃശൂരിലേക്ക്‌ താമസം മാറ്റുകയും ചെയ്‌തു.
തദേശ തെരഞ്ഞെടുപ്പില്‍ വോട്ട്‌ വിഹിതം കുറഞ്ഞെങ്കിലും നടാടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ സാധിച്ച ആത്മവിശ്വാസത്തിലാണ്‌ നേതൃത്വം പടപ്പുറപ്പാടിനിറങ്ങുന്നത്‌. കേന്ദ്ര നേതൃത്വവും കേന്ദ്ര പ്രഭാരിമാരും വെെേറ നടത്തിയ സര്‍വേ പ്രകാരമാണ്‌ സ്‌ഥാനാര്‍ഥി നിര്‍ണയത്തിലേക്കെത്തിയത്‌.
സംസ്‌ഥാന അധ്യക്ഷന്‍ സ്വന്തം നിലയ്‌ക്കും സ്‌ഥാനാര്‍ത്ഥി നിര്‍ണയ സര്‍വേ നടത്തിയിരുന്നു. ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ട്‌ പങ്കും നേടിയെടുക്കാനുള്ള തന്ത്രമാണ്‌;ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ സംസ്‌ഥാന നേതൃത്വം നടപ്പാക്കുന്നത്‌.

Ads by Google
Wednesday 18 Feb 2026 11.42 PM
YOU MAY BE INTERESTED