Monday, March 16, 2026 Last Updated 12 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.39 PM

സര്‍ക്കാര്‍ ചെലവില്‍ വേണ്ട സഖാക്കളേ!, നവകേരള സര്‍വേ കോടതി റദ്ദാക്കി

uploads/news/2026/02/825951/k2.jpg

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്‌ഥാനസര്‍ക്കാര്‍ തുടങ്ങിവച്ച്‌ വിവാദമായ നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ ചെലവില്‍ സി.പി.എം. നടത്തുന്ന തെരഞ്ഞെടുപ്പ്‌ വിവരശേഖരണമെന്നാരോപിച്ച്‌ കെ.എസ്‌.യു. സംസ്‌ഥാനാധ്യക്ഷന്‍ അലോഷ്യസ്‌ സേവ്യര്‍, കോണ്‍ഗ്രസ്‌ നേതാവും എറണാകുളം ജില്ലാപഞ്ചായത്ത്‌ അംഗവുമായ മുബാസ്‌ ഓണക്കാലി എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്‌.
സര്‍വേയ്‌ക്കു ധനവകുപ്പിന്റെ അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൗമന്‍ സെന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌. സര്‍ക്കാരിന്റെ പണം ദുരുപയോഗിച്ച്‌, സി.പി.എമ്മിനു വേണ്ടി വോട്ടര്‍മാരുമായി ബന്ധം സ്‌ഥാപിക്കാനാണ്‌ സര്‍വേയിലൂടെ ശ്രമിക്കുന്നതെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ചെലവില്‍ ഇത്തരമൊരു സര്‍വേ നടത്തുമ്പോള്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന്‌ കോടതി നിരീക്ഷിച്ചു.
ഈമാസം 22 വരെ തുടരാന്‍ നിശ്‌ചയിച്ചിരുന്ന സര്‍വേയാണ്‌ നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടി കോടതി തടഞ്ഞത്‌. സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സര്‍ക്കാരിനു നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ സര്‍വേ ആരംഭിച്ചതെന്നു ഹര്‍ജിക്കാര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണത്തിനായി ഗോവിന്ദനെ കോടതി കേസില്‍ കക്ഷിചേര്‍ക്കുകയും ചെയ്‌തു.
മന്ത്രിസഭാതീരുമാനപ്രകാരമാണ്‌ സര്‍വേയെന്നായിരുന്നു കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട്‌. സര്‍ക്കാര്‍ പദ്ധതികള്‍ ജനം എങ്ങനെ സ്വീകരിക്കുന്നുവെന്നും നാടിന്റെ പുരോഗതിക്ക്‌ ഇനി എന്തൊക്കെ വേണമെന്നും മനസിലാക്കാനുള്ള വിവരശേഖരണം മാത്രമാണിതെന്നു സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

Ads by Google
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED