Monday, March 16, 2026 Last Updated 2 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.39 PM

സദാചാരക്കൊലപാതകം: അഞ്ച്‌ പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ 20-ന്‌

മഞ്ചേരി: മങ്കട കൂട്ടില്‍ സദാചാര കൊലപാതകക്കേസില്‍ അഞ്ച്‌ പ്രതികള്‍ കുറ്റക്കാരെന്നു കോടതി. ശിക്ഷ 20-ന്‌് വിധിക്കും.
എട്ട്‌ പ്രതികളുള്ള കേസില്‍ ആദ്യ അഞ്ച്‌ പ്രതികളായ മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത്‌ അബ്‌ദുള്‍ നാസര്‍ (41), സഹോദരന്‍ ഷറഫുദ്ദീന്‍ (34), പട്ടിക്കുത്ത്‌ സുഹൈല്‍ (35), പട്ടിക്കുത്ത്‌ അബ്‌ദുള്‍ ഗഫൂര്‍ (53), പട്ടിക്കുത്ത്‌ സക്കീര്‍ ഹുസൈന്‍ (44) എന്നിവരെയാണ്‌ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഒന്ന്‌) ജഡ്‌ജി എം. തുഷാര്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്‌. തെളിവുകളില്ലാത്തതിനാല്‍ 6-8 പ്രതികളായ ചെണ്ണേക്കുന്നന്‍ ഷഫീഖ്‌ (35), മുക്കില്‍പീടിക പറമ്പാട്ട്‌ മന്‍സൂര്‍ (35), അമ്പലപ്പള്ളി അബ്‌ദുള്‍ നാസര്‍ (36) എന്നിവരെ വിട്ടയച്ചു.
2016 ജൂണ്‍ 28-ന്‌ പുലര്‍ച്ചെ മൂന്നരയ്‌ക്കാണ്‌ കേസിനാസ്‌പദമായ സംഭവം. പ്രവാസിയുടെ ഭാര്യ ഒറ്റയ്‌ക്കു താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിനു പോയെന്നാരോപിച്ച്‌ നാട്ടുകാരനായ നസീര്‍ ഹുസൈ(40)നെ മര്‍ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്ത്‌ അകത്തുകയറിയ പ്രതികള്‍ ക്രൂരമര്‍ദനത്തിനൊടുവില്‍ നസീറിനു വെള്ളം നല്‍കാനോ ആശുപത്രിയിലെത്തിക്കാനോ സമ്മതിച്ചില്ലെന്നും പരാതിയിലുണ്ട്‌.
അബ്‌ദുള്‍ നാസര്‍, ഷറഫുദ്ദീന്‍, അബ്‌ദുള്‍ ഗഫൂര്‍, ഷഫീഖ്‌ എന്നിവരെ 2016 ജൂണ്‍ 30-ന്‌ നിലമ്പൂരില്‍നിന്നും സുഹൈല്‍, സക്കീര്‍ ഹുസൈന്‍ എന്നിവരെ ജൂലൈ രണ്ടിന്‌ ഗൂഡല്ലൂരില്‍നിന്നും അബ്‌ദുള്‍ നാസര്‍, മന്‍സൂര്‍ എന്നിവരെ ജൂലൈ നാലിനു മുക്കില്‍പീടികയില്‍നിന്നുമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 70 സാക്ഷികളുള്ള കേസില്‍ 39 പേരെ പ്രോസിക്യൂഷന്‍ വിസ്‌തരിച്ചു. 123 രേഖകളും 22 തൊണ്ടിമുതലുകളും ഹാജരാക്കി.
കേസിലെ ഒന്നാംസാക്ഷിയും പരാതിക്കാരനും കൊല്ലപ്പെട്ട നസീര്‍ ഹുസൈന്റെ സഹോദരനുമായ കൂട്ടില്‍ കുന്നശ്ശേരി മുഹമ്മദ്‌ നവാസ്‌, രണ്ടാംസാക്ഷിയും വീട്ടുടമയുമായ സാജിദ, ദൃക്‌സാക്ഷി ലത്തീഫ്‌ എന്നിവരും വിസ്‌തരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
പെരിന്തല്‍മണ്ണ സി.ഐമാരായിരുന്ന സിദ്ദിഖും സാജു കെ. എബ്രഹാമുമാണ്‌ കേസ്‌ അന്വേഷിച്ചത്‌. 2024 ഒക്‌ടോബര്‍ 24-ന്‌ വിചാരണ ആരംഭിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. പി.ജി. മാത്യു ഹാജരായി.

Ads by Google
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED