Monday, March 16, 2026 Last Updated 0 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 11.34 PM

ഒടുവില്‍ ജയശ്രീ ഇ.ഡിക്കു മുന്നില്‍

uploads/news/2026/02/825740/k2.jpg

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ സെക്രട്ടറി എസ്‌. ജയശ്രീ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി (ഇ.ഡി)നു മുന്നില്‍ ഹാജരായി. ചോദ്യംചെയ്യലിനു കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ കുടുംബസമേതമാണ്‌ അവര്‍ എത്തിയത്‌. ഉദ്യോഗസ്‌ഥര്‍ രേഖകളും സമന്‍സിന്റെ പകര്‍പ്പും പരിശോധിച്ച ശേഷമാണു ചോദ്യം ചെയ്യല്‍ ആരംഭിച്ചത്‌. സുപ്രീം കോടതിയില്‍നിന്നടക്കം കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ്‌ ജയശ്രീ ഹാജരായത്‌.
സ്വര്‍ണം രേഖകളില്‍ ചെമ്പാക്കി നല്‍കാന്‍ ഉത്തരവിട്ടെന്നാണ്‌ ജയശ്രീക്കെതിരായ പ്രധാന കണ്ടെത്തല്‍.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്‌ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) അന്വേഷിക്കുന്ന കേസില്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയെങ്കിലും ജയശ്രീയുടെ അറസ്‌റ്റ്‌ സുപ്രീം കോടതി താത്‌കാലികമായി തടഞ്ഞിട്ടുണ്ട്‌. നേരത്തെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന്‌ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ്‌ കള്ളപ്പണക്കേസില്‍ ഹാജരാകാന്‍ ഇ.ഡി. നോട്ടീസ്‌ നല്‍കിയത്‌. ഈ കേസില്‍ ഇ.ഡി. ചോദ്യം ചെയ്യുന്ന നാലാമത്തെയാളാണ്‌ ജയശ്രീ. സ്വര്‍ണക്കൊള്ളയിലൂടെ ഇവര്‍ സാമ്പത്തിക ലാഭമുണ്ടാക്കിയോയെന്നും അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചിട്ടുണ്ടോ എന്നുമാണ്‌ ഇ.ഡി. പ്രധാനമായും അന്വേഷിക്കുന്നത്‌. സ്വര്‍ണക്കൊള്ളക്കേസിലെ പ്രധാന സാക്ഷിയായ കല്‍പേഷിനെ ചോദ്യം ചെയ്യാനായി ഇ.ഡി. വിളിപ്പിച്ചിട്ടുണ്ട്‌. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കുവേണ്ടി ചെന്നൈയിലെ സ്‌മാര്‍ട്ട്‌ ക്രിയേഷന്‍സില്‍നിന്ന്‌ സ്വര്‍ണം വാങ്ങി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‌ എത്തിച്ചുനല്‍കിയത്‌ കല്‍പേഷാണ്‌. ഇതിനു പുറമെ ഇന്ന്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ നടന്‍ ജയറാമിനും ഇ.ഡി. നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌. നേരത്തെ മുരാരി ബാബു, ശ്രീകുമാര്‍ എന്നിവരില്‍നിന്ന്‌ ഇ.ഡി. വിവരങ്ങള്‍ തേടിയിരുന്നു.
ശബരിമലയില്‍നിന്നു പുറത്തേക്കു കൊണ്ടുപോയ സ്വര്‍ണപ്പാളികളെ ചെമ്പുപാളിയെന്നു രേഖപ്പെടുത്തിയതാണ്‌ ജയശ്രീക്കെതിരേ എസ്‌.ഐ.ടി. പ്രധാനമായും കണ്ടെത്തിയ കുറ്റം. സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ദേവസ്വം ബോര്‍ഡ്‌ സെക്രട്ടറിയായിരിക്കെ നിര്‍ണായക ഉത്തരവിറക്കിയതും ഇവരെ പ്രതിചേര്‍ക്കാന്‍ ഇടയാക്കി. ബോര്‍ഡ്‌ യോഗതീരുമാനത്തിന്‌ വിരുദ്ധമായി ദ്വാരപാലക ശില്‍പങ്ങള്‍ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടണമെന്ന്‌ ഉത്തരവില്‍ ബോധപൂര്‍വം എഴുതിച്ചേര്‍ത്തതു കുരുക്കു മുറുക്കി.
മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സുപ്രീം കോടതിയില്‍ നിന്ന്‌ ജയശ്രീക്ക്‌ അതിരൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജയിലിലോ ആശുപത്രിയിലോ സൗകര്യം ഒരുക്കാമെന്നും ചികിത്സയ്‌ക്ക്‌ എയിംസ്‌ ആശുപത്രിയുണ്ടല്ലോ എന്നുമായിരുന്നു കോടതിയുടെ പ്രതികരണം.

Ads by Google
Monday 16 Feb 2026 11.34 PM
YOU MAY BE INTERESTED