Monday, March 16, 2026 Last Updated 0 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 15 Feb 2026 11.30 PM

രണ്ട്‌ എസ്‌.എഫ്‌.ഐക്കാര്‍ പിടിയില്‍, ഞൊടിയില്‍ ജാമ്യം; പോലീസുകാരനെയും സഹോദരിയെയും വളഞ്ഞിട്ടാക്രമണം, കാക്കിക്കുമേല്‍ കൈവച്ചാല്‍ വിടില്ലെന്നു കമ്മിഷണര്‍

രാഷ്‌ട്രീയ സമ്മര്‍ദത്തിനു വഴങ്ങി സഹപ്രവര്‍ത്തകനെ ഒറ്റുകൊടുത്ത നടപടിക്കെതിരേ സേനയ്‌ക്കുള്ളില്‍ വലിയ പൊട്ടിത്തെറി ഉണ്ടായ പശ്‌ചാത്തലത്തിലാണ്‌ അടിയന്തര ഇടപെടല്‍.
uploads/news/2026/02/825633/k2.jpg

തിരുവനന്തപുരം: നഗരത്തിലെ മാളില്‍ വച്ച്‌ എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ മിഥുന്‍ റോയിയെയും സഹോദരിയെയും മര്‍ദിച്ചകേസില്‍ രണ്ട്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ പിടിയിലായി;ഞൊടിയിടയില്‍ ജാമ്യം. വിനയ്‌ പ്രകാശ്‌, സുര്‍ജിത്‌ എന്നിവരെയാണ്‌ വഞ്ചിയൂര്‍ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയിരുന്നതിനാല്‍ ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ പോലീസ്‌ ഓഫീസര്‍ മിഥുന്‍ റോയിക്കെതിരേ വഞ്ചിയൂര്‍ പോലീസ്‌ എടുത്ത കേസ്‌ റദ്ദാക്കും. മിഥുനെയും സഹോദരിയെയും പ്രതികളാക്കി തയാറാക്കിയ എഫ്‌.ഐ.ആര്‍. അടിയന്തരമായി പിന്‍വലിക്കാന്‍ കോടതിയില്‍ പോലീസ്‌ അപേക്ഷ നല്‍കും.

രാഷ്‌ട്രീയ സമ്മര്‍ദത്തിനു വഴങ്ങി സഹപ്രവര്‍ത്തകനെ ഒറ്റുകൊടുത്ത നടപടിക്കെതിരേ സേനയ്‌ക്കുള്ളില്‍ വലിയ പൊട്ടിത്തെറി ഉണ്ടായ പശ്‌ചാത്തലത്തിലാണ്‌ അടിയന്തര ഇടപെടല്‍. സിറ്റി പോലീസ്‌ കമ്മിഷണര്‍ കെ. കാര്‍ത്തിക്കാണ്‌ കേസ്‌ റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയത്‌.
സംഭവത്തില്‍ മര്‍ദനമേറ്റ പോലീസുകാരനെതിരേ കേസെടുത്തത്‌ സിറ്റി പോലീസ്‌ കമ്മിഷണറില്‍നിന്നു മറച്ചുവച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സര്‍ക്കാരിന്റെ പ്രതിച്‌ഛായ തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിച്ചവര്‍ക്കെതിരേയും അന്വേഷണം നടത്തും. തെറ്റായ റിപ്പോര്‍ട്ട്‌ നല്‍കി കേസെടുക്കാന്‍ പ്രേരിപ്പിച്ചവരെ കണ്ടെത്തും. വിഷയത്തില്‍ ശംഖുമുഖം അസിസ്‌റ്റന്റ്‌ കമ്മിഷണറോട്‌ 24 മണിക്കൂറിനകം വിശദ റിപ്പോര്‍ട്ട്‌ നല്‍കാന്‍ കമ്മിഷണര്‍ കെ. കാര്‍ത്തിക്‌ നിര്‍ദേശിച്ചു.

കുറ്റക്കാരായ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും. എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും പ്രതികളെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കാനും കമ്മിഷണര്‍ ഉത്തരവിട്ടിട്ടുണ്ട്‌. പുതുവത്സരത്തലേന്ന്‌ ശംഖുമുഖത്ത്‌ ഡ്യൂട്ടിക്കിടെ നിയമലംഘനം തടഞ്ഞതിലുള്ള വ്യക്‌തിവൈരാഗ്യമാണ്‌ മിഥുന്‍ റോയിക്കെതിരായ ആസൂത്രിത ആക്രമണത്തില്‍ കലാശിച്ചത്‌.

പോലീസുകാരനെ വളഞ്ഞിട്ട്‌ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഇടിവള ഉപയോഗിച്ച്‌ മിഥുന്‍ മര്‍ദിച്ചെന്ന വ്യാജ ആരോപണമുയര്‍ത്തിയാണ്‌ വഞ്ചിയൂര്‍ പോലീസ്‌ കേസെടുത്തത്‌. വാട്ട്‌്സ്‌ആപ്പ്‌ ഗ്രൂപ്പുകളില്‍ കമ്മിഷണര്‍ക്കെതിരേ വരെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്‌ സേനയ്‌ക്ക്‌ വലിയ നാണക്കേടായിരുന്നു. എന്നാല്‍, പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ പോലീസുകാരനെതിരേ നടന്നത്‌ ആസൂത്രിതമായ ഏകപക്ഷീയ ആക്രമണമാണെന്ന്‌ തെളിഞ്ഞതോടെ കേസിലെ കള്ളിവെളിച്ചത്തായി. നീതി നടപ്പാക്കാനുള്ള അതിവേഗ നടപടികള്‍ക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ സേനയ്‌ക്കുള്ളിലെ പ്രതിഷേധം തണുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

പോലീസുകാരനും കുടുംബത്തിനും നേരെയുണ്ടായ ഈ നീതിനിഷേധത്തിനെതിരേ പോലീസ്‌ അസോസിയേഷന്‍ ശക്‌തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഔദ്യോഗിക ഡ്യൂട്ടി നിര്‍ഹിക്കുന്ന ഉദ്യോഗസ്‌ഥരെയും കുടുംബത്തെയും വേട്ടയാടാന്‍ അനുവദിക്കില്ലെന്നും അസോസിയേഷന്‍ വ്യക്‌തമാക്കി. നഗരത്തിലെ മാളില്‍ പോലീസ്‌ ഉദ്യോഗസ്‌ഥനുനേരേയുണ്ടായ ആക്രമണം ജനാധിപത്യ കേരളത്തിന്‌ അപമാനമാണെന്ന്‌ കേരളാ പോലീസ്‌ അസോസിയേഷന്‍ വ്യക്‌തമാക്കി.

കാക്കിക്കുമേല്‍ കൈവച്ചാല്‍ വിടില്ലെന്നു കമ്മിഷണര്‍

തിരുവനന്തപുരം: കാക്കി ചട്ടയ്‌ക്കു മേല്‍ കൈവച്ചാല്‍ ആരെയായാലും വെറുതെ വിടില്ലെന്നു തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മിഷണര്‍ കെ കാര്‍ത്തിക്‌. എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച പോലീസുകാരന്‍ മിഥുന്‍ റോയിക്കെതിരായ കേസ്‌ നിലനില്‍ക്കില്ലെന്ന പ്രാഥമിക വിലയിരുത്തലിലാണ്‌ കാര്‍ത്തിക്‌.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്‌ ഇത്തരത്തില്‍ കേസെടുത്തത്‌ എന്നത്‌ കമ്മിഷണര്‍ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്‌. പോലീസിലുള്ളവരെ പ്രതിയാക്കി കേസെടുക്കുമ്പോള്‍ കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി ഇനി വേണ്ടി വരും.
എസ്‌.എഫ്‌.ഐക്കാര്‍ മിഥുനെ പിന്തുടര്‍ന്ന്‌ ശല്യപ്പെടുത്തുകയായിരുന്നുവെന്നും പ്രതിരോധിക്കുകയല്ലാതെ ആയുധം ഉപയോഗിച്ചിട്ടില്ലെന്നുമാണ്‌ നിഗമനം. പോലീസ്‌ സേനയുടെ ആത്മവീര്യം കെടുത്തുന്ന തരത്തിലായിരുന്നു ശല്യപ്പെടുത്തല്‍. ഈ സാഹചര്യത്തിലാണ്‌ അതിവേഗ നടപടികള്‍ എടുത്തത്‌. മിഥുനും സഹോദരിക്കും എതിരായ കേസുകള്‍ വേണ്ടെന്ന്‌ വച്ചത്‌ ഈ സാഹചര്യത്തിലാണ്‌. ആഭ്യന്തര വകുപ്പിനേയും തന്റെ നിലപാട്‌ കാര്‍ത്തിക്‌ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കൂടി സമ്മതത്തോടെയാണ്‌ കേസ്‌ എഴുതിത്തള്ളുന്നതിനുള്ള നടപടികളിലേക്ക്‌ കടന്നത്‌.

Ads by Google
സ്വന്തം ലേഖകന്‍
Sunday 15 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google