Monday, March 16, 2026 Last Updated 13 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.29 PM

വെല്ലുവിളികളെ അതിജീവിക്കണം: തിയഡോഷ്യസ്‌ മെത്രാപ്പോലീത്ത

മാരാമണ്‍: വെല്ലുവിളികളെ അതിജീവിക്കുക എന്നത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. സാമൂഹികതിന്മകളും അസമത്വങ്ങളും ഇല്ലാതാക്കാന്‍ വിശ്വാസ സമൂഹത്തിന്‌ കഴിയണമെന്നും മാരാമണ്‍ കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കി അദ്ദേഹം പറഞ്ഞു.
തിന്മകളോട്‌ അകലം പാലിച്ച്‌ വിവേകത്തോടെ പെരുമാറണം. പ്രാര്‍ഥനയുടെ മഹത്വം പുതിയ തലമുറയിലേക്ക്‌ പകര്‍ത്താന്‍ കുടുംബങ്ങള്‍ പ്രാധാന്യം നല്‍കണം. ഇരുട്ടിനെ അകറ്റി വെളിച്ചം പരത്തുക എന്നത്‌ ദൗത്യമായി ഏറ്റെടുക്കണം. സഭയുടെയും സമൂഹത്തിന്റെയും ഐക്യത്തിനെതിരേ നില്‍ക്കുന്ന ശക്‌തികളെ നേരിടാന്‍ കഴിയണം. അതിന്‌ പ്രായോഗിക ജീവിതത്തില്‍ വചനത്തെ സ്വീകരിക്കേണ്ടത്‌ ആവശ്യമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സാമൂഹിക തിന്മകള്‍ക്കെതിരേ നിലകൊള്ളാന്‍ സഭയ്‌ക്കു കഴിയണം. നമ്മെ കാണുന്നവര്‍ ക്രിസ്‌തുവിനെ കാണുന്നതിന്‌ ഇടയാകണം. നോമ്പിന്റെ അടിസ്‌ഥാനമായ പ്രാര്‍ഥന, ഉപവാസം, ദാനധര്‍മം ശരിയായി പിന്തുടരാന്‍ കഴിയണം. വെല്ലുവിളികളെ നേരിടാന്‍ സഭ തയാറാകണം. മാരാമണ്‍ കണ്‍വന്‍ഷന്റെ പാരമ്പര്യം പരിശുദ്ധിയുടേതാണ്‌. ആ വിശുദ്ധിയില്‍ ഈ ലോകത്തില്‍ ജീവിക്കാനാകണം- അദ്ദേഹം ഓര്‍മിപ്പിച്ചു.
കുടുംബബന്ധങ്ങള്‍ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുന്നു. ബന്ധങ്ങളുടെ നിര്‍മലത കാത്തുസൂക്ഷിക്കാന്‍ നമുക്ക്‌ കഴിയണം. തലമുറയുടെ രൂപീകരണം കുടുംബത്തിലൂടെ സാധ്യമാകണം. ആരാധനയും വചനവും തലമുറകളിലേക്കു പങ്കുവയ്‌ക്കേണ്ടത്‌ ആവശ്യമാണ്‌. മൂല്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കിയാകണം വിശ്വാസി മുന്നോട്ടു പോകേണ്ടതെന്നു സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ്‌ ഡോ .ഐസക്‌ മാര്‍ പീലക്‌സിനോസ്‌ എപ്പിസ്‌കോപ്പ പറഞ്ഞു.

Ads by Google
Sunday 15 Feb 2026 11.29 PM
YOU MAY BE INTERESTED