Monday, March 16, 2026 Last Updated 7 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.33 PM

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അമ്പതുകാരനു പുനര്‍ജന്മം

പാലാ: മരണത്തെ മുഖാമുഖം കണ്ട പോരാട്ടത്തിനൊടുവില്‍ സങ്കീര്‍ണമായ മസ്‌തിഷ്‌ക ശസ്‌ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ 50-വയസുകാരനു മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുനര്‍ജന്മം. ന്യൂറോ സര്‍ജറി ആന്‍ഡ്‌ സ്‌പൈന്‍ സര്‍ജറി വിഭാഗത്തിലെ വിദഗ്‌ധ ചികിത്സയാണ്‌ ഇദ്ദേഹത്തിനു പുനര്‍ജന്മം നല്‍കിയത്‌. രണ്ടു മാസം മുന്‍പ്‌ വീട്ടില്‍വച്ചുണ്ടായ വീഴ്‌ചയെത്തുടര്‍ന്നാണ്‌ പാലാ സ്വദേശിയായ 50 വയസുകാരന്റെ നില വഷളായത്‌.
കഠിനമായ തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ തലച്ചോറിലെ രക്‌തധമനി പൊട്ടി കഠിനമായ രക്‌തസ്രാവം (സബ്‌ അരക്‌നോയിഡ്‌ ഹെമറേജ്‌) ഉണ്ടായതായി കണ്ടെത്തി. അബോധാവസ്‌ഥയില്‍ അതീവ ഗുരുതരാവസ്‌ഥയിലായ നിലയിലാണ്‌ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്‌. ന്യൂറോ സര്‍ജറി ആന്‍ഡ്‌ സ്‌പൈന്‍ സര്‍ജറി വിഭാഗം മേധാവി ഡോ. എം.കെ. സരീഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സങ്കീര്‍ണ ശസ്‌ത്രക്രിയകളിലൂടെയാണ്‌ അദ്ദേഹത്തെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാന്‍ സാധിച്ചത്‌.
ന്യൂറോസര്‍ജറി ആന്‍ഡ്‌ സ്‌പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. ആര്‍.രാജീവ്‌, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. ജോസുകുട്ടി മാത്യു, സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. അഞ്‌ജു മേരി ദേവസ്യ, അസോസിയേറ്റ്‌ കണ്‍സള്‍ട്ടന്റ്‌ ഡോ.ജാസണ്‍ സഖറിയ, അനേസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. ശിവാനി ബക്ഷി, ഡോ ബേസില്‍ പോള്‍ മനയില്‍ എന്നിവരും ചികിത്സയുടെ ഭാഗമായി. തലച്ചോറിലെ പ്രധാന രക്‌തധമനിയില്‍ ഉണ്ടായ വീക്കമായിരുന്നു രക്‌തസ്രാവത്തിനു കാരണമായത്‌.
തലച്ചോറിലെ അമിതമായ ദ്രാവക സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനായി വി.പി.ഷണ്ട്‌ ശസ്‌ത്രക്രിയയാണ്‌ ആദ്യം നടത്തിയത്‌. ഏതാനും ദിവസത്തിനുശേഷം അതീവ സങ്കീര്‍ണമായ ക്രേനിയോട്ടമി ശസ്‌ത്രക്രിയയിലൂടെ രക്‌തധമനിയിലെ വീക്കം അന്യൂറിസം ക്ലിപ്പിങ്ങിലൂടെ സുരക്ഷിതമാക്കി. ശസ്‌ത്രക്രിയയ്‌ക്കുശേഷമുള്ള ചികിത്സാ കാലയളവ്‌ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.
ഐ.സി.യുവില്‍ കഴിയവെ കഠിനമായ ന്യൂമോണിയ, ഹൃദയമിടിപ്പ്‌ കുറയുന്ന അവസ്‌ഥ എന്നിവയും അദ്ദേഹത്തെ ബാധിച്ചു. ഒരു ഘട്ടത്തില്‍ ശ്വസനതടസം നേരിട്ടപ്പോള്‍ ശ്വാസനാളത്തില്‍ ദ്വാരമിട്ട്‌ (ട്രക്കിയോസ്‌റ്റമി) വെന്റിലേറ്റര്‍ സഹായത്തോടെയാണ്‌ ജീവന്‍ നിലനിര്‍ത്തിയത്‌. ഒരു മാസത്തിനുശേഷം ആശുപത്രി വിടുമ്പോള്‍ പൂര്‍ണ ബോധാവസ്‌ഥയിലെത്തിയ അമ്പതുകാരന്‍ കൈകാലുകള്‍ ചലിപ്പിക്കാനും സംസാരം തിരിച്ചുകിട്ടാനും പ്രാപ്‌തനാകുകയും ചെയ്‌തിരുന്നു.

Ads by Google
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED