Monday, March 16, 2026 Last Updated 12 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.33 PM

ആരോപണങ്ങള്‍ തള്ളി ദേവസ്വം ബോര്‍ഡ്‌

തിരുവനന്തപുരം: പമ്പയില്‍ കഴിഞ്ഞ സെപ്‌റ്റംബര്‍ 20-നു സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട്‌ കോടികള്‍ തട്ടിയെന്ന ആരോപണവും മുഖ്യമന്ത്രിക്കായി വന്‍തുക മുടക്കി കട്ടില്‍ വാങ്ങിയെന്ന പ്രചാരണവും നുണയാണെന്ന്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌. മഹത്തായ ആത്മീയസംരംഭത്തെ തെറ്റായ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ കരിവാരിത്തേക്കാനുള്ള ശ്രമമാണിത്‌. അയ്യപ്പസംഗമം ധൂര്‍ത്തായിരുന്നില്ല. ശബരിമലയുടെ മഹത്വം ലോകമെമ്പാടും ഉയര്‍ത്താനുള്ള കാലോചിതമായ സംരംഭമായിരുന്നു.
തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. കോടതി നിര്‍ദേശപ്രകാരമാണ്‌ പരിശോധനാ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍ പരിശോധിച്ച്‌ തിരുത്തല്‍ നടപടി സ്വീകരിക്കും. 17-ന്‌ ചേരുന്ന ബോര്‍ഡ്‌ യോഗം വിഷയം ചര്‍ച്ചചെയ്‌ത് അന്തിമതീരുമാനം കൈക്കൊള്ളുമെന്നും ബോര്‍ഡ്‌ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. ബോര്‍ഡിന്റെ വിശദീകരണം ഇങ്ങനെ:

വാങ്ങിയതൊക്കെയും ദേവസ്വം സ്വത്താകും

ദേവസ്വം പരിശോധനാ റിപ്പോര്‍ട്ടിലോ സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലോ മുഖ്യമന്ത്രിക്കായി കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചെന്ന പരാമര്‍ശമില്ല. ഓഫീസ്‌ സമുച്ചയത്തിനും അതിഥിഗൃഹത്തിനുമായി ഉപകരണങ്ങളും അനുബന്ധസാധനങ്ങളും വാങ്ങാന്‍ 3,83,439 രൂപയാണ്‌ വകയിരുത്തിയത്‌. ദേവസ്വത്തിന്റെ അതിഥിഗൃഹത്തിലേക്കു വാങ്ങുന്ന സാധനങ്ങളെല്ലാം ദേവസ്വം സ്വത്താണ്‌. അക്കാര്യം തെറ്റായി വ്യാഖ്യാനിച്ചാണ്‌ വിവാദമുണ്ടാക്കിയത്‌.

നന്ദഗോവിന്ദത്തിന്‌ പണം നല്‍കിയില്ല

സംഗമത്തില്‍ ഭജന അവതരിപ്പിക്കാന്‍ നന്ദഗോവിന്ദം ഭജന്‍സിനെ സമീപിച്ചെങ്കിലും അവര്‍ക്ക്‌ പങ്കെടുക്കാനായില്ല. തുടര്‍ന്ന്‌, ഇഷാന്‍ ദേവ്‌ നയിച്ച സംഘമാണ്‌ പരിപാടി അവതരിപ്പിച്ചത്‌.
മുപ്പത്തഞ്ചോളം കലാകാരന്മാരും സാങ്കേതികപ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിക്കായി താമസം, ഭക്ഷണം, പരിശീലനം ഇനങ്ങളില്‍ എട്ടുലക്ഷം രൂപ ചെലവഴിച്ചു. നന്ദഗോവിന്ദം ഭജന്‍സിന്‌ പണം നല്‍കിയെന്ന പരാമര്‍ശം പരിശോധനയിലെ പിഴവാണ്‌. തുക ഇഷാന്‍ ദേവിന്റെ അക്കൗണ്ടിലാണ്‌ നല്‍കിയത്‌.
ഐ.ഐ.ഐ.സി.
സര്‍ക്കാര്‍ സ്‌ഥാപനം

കുറഞ്ഞ സമയത്തിനുള്ളില്‍ പരിപാടി സംഘടിപ്പിക്കേണ്ടിവന്നതിനാല്‍ അടിസ്‌ഥാനസൗകര്യമേഖലയില്‍ പരിചയസമ്പത്തുള്ള ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍ എന്ന 'സര്‍ക്കാര്‍ സ്‌ഥാപന'ത്തെയാണ്‌ ചുമതലപ്പെടുത്തിയത്‌. മതസമ്മേളനങ്ങള്‍ക്കായി ബജറ്റില്‍ വകയിരുത്തിയ അഞ്ചുകോടി രൂപയില്‍നിന്ന്‌ മൂന്നുകോടി മുന്‍കൂര്‍ നല്‍കി. താമസസൗകര്യങ്ങള്‍ക്കും നികുതി ഇനങ്ങള്‍ക്കും പുറമേ പ്രത്യേകം തുക ചെലവഴിച്ചു.
മൂന്നുകോടി കിട്ടി;
അദാനി തന്നില്ല

സ്‌പോണ്‍സര്‍ഷിപ്‌ ഇനത്തില്‍ ധനലക്ഷ്‌മി ബാങ്ക്‌ രണ്ടുകോടി രൂപയും കേരള ബാങ്ക്‌ ഒരുകോടി രൂപയും നല്‍കി. അദാനി ഗ്രൂപ്പ്‌ ഒരുകോടി രൂപ നല്‍കാമെന്ന്‌ അറിയിച്ചു. കിട്ടിയ തുക ദേവസ്വം അക്കൗണ്ടില്‍ പലിശസഹിതം ശേഷിപ്പുണ്ട്‌.
പരിപാടിക്കായി ദേവസ്വം ഫണ്ടില്‍നിന്ന്‌ എടുത്ത തുക തിരികെക്കിട്ടിയില്ലെന്ന പ്രചാരണം വസ്‌തുതാവിരുദ്ധം.
ക്ഷണിതാക്കള്‍ക്ക്‌
മാത്രമല്ല ഭക്ഷണം

എത്തിയതിലധികം ആളുകള്‍ക്ക്‌ ഭക്ഷണം നല്‍കിയെന്ന കണക്കില്‍ അനധികൃതമായി തുക എഴുതിയെടുത്തെന്ന ആരോപണം തെറ്റ്‌.
ക്ഷണിതാക്കള്‍ക്കു പുറമേ ശബരിമല ദര്‍ശനത്തിനെത്തിയ ഭക്‌തര്‍, ദിവസക്കൂലിക്കാര്‍, ഡോളി തൊഴിലാളികള്‍ തുടങ്ങി എല്ലാവര്‍ക്കും വിവേചനമില്ലാതെ അന്നദാനം നടത്തി. കണക്കാക്കിയതിന്റെ ഇരട്ടിയിലധികം പേര്‍ക്ക്‌ ഭക്ഷണം നല്‍കി.

Ads by Google
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED