Monday, March 16, 2026 Last Updated 4 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.51 AM

മൂന്നാറില്‍ നാലുകൊമ്പന്മാര്‍ക്ക്‌ മദപ്പാട്‌; പിറകെ ഓടി വനംവകുപ്പ്‌

മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ പടയപ്പയ്‌ക്കു പിന്നാലെ മൂന്ന്‌ ആനകള്‍ക്കുകൂടി മദപ്പാട്‌ സ്‌ഥിരീകരിച്ചതോടെ നിരീക്ഷണം ശക്‌തമാക്കി വനംവകുപ്പ്‌. നാലു കൊമ്പന്‍മാര്‍ക്കും പിന്നാലെ പായുകയാണ്‌ ഉദ്യോഗസ്‌ഥര്‍. കൂടുതല്‍ സമയവും ദേവികുളം റേഞ്ചിലുള്ള പടയപ്പയും ഇന്നലെയോടെ മൂന്നാര്‍ റേഞ്ചിനോട്‌ ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ എത്തുകയായിരുന്നു. പടയപ്പയ്‌ക്ക്‌ പുറമേ വിരിഞ്ഞ കൊമ്പന്‍, ഒറ്റക്കൊമ്പന്‍, മാങ്കുളത്തുനിന്ന്‌ മൂന്നാറിലെത്തിയ കൊമ്പന്‍ എന്നിവയ്‌ക്കാണു മദപ്പാട്‌ സ്‌ഥിരീകരിച്ചിരിക്കുന്നത്‌. മൂന്നാര്‍ വനം വകുപ്പ്‌ റേഞ്ചിന്‌ കീഴിലെ പെട്ടിമുടി സ്‌പെഷല്‍ ആര്‍.ആര്‍.ടി. സംഘമാണ്‌ നിരീക്ഷണം നടത്തുന്നത്‌. ഈ കൊമ്പന്‍മാര്‍ക്കു പുറമേ പതിവായി എത്തുന്ന മൂന്നോളം ആനക്കൂട്ടങ്ങളും മേഖലയിലുണ്ട്‌.
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ്‌ കൃത്യമായ നിരീക്ഷണമാണ്‌ മേഖലയില്‍ നടത്തിവരുന്നത്‌. നാളുകളായി ഒറ്റക്കൊമ്പന്‍ കല്ലാര്‍ മാലിന്യ പ്ലാന്റിന്റെ സമീപം നിലയുറപ്പിച്ചിരിക്കുകയാണ്‌. മറ്റാനകള്‍ തെന്മല, കടലാര്‍, ചൊക്കനാട്‌ ഉള്‍പ്പെടെ മൂന്നാറിന്‌ സമീപമുള്ള പല എസ്‌റ്റേറ്റുകളിലും ഇടയ്‌ക്കിടെയെത്തി ഭീതി പടര്‍ത്തുന്നുണ്ട്‌.
മൂന്നാറിലെ വന്യജീവി ശല്യം കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ്‌ മൂന്നാര്‍ വൈല്‍ഡ്‌ ലൈഫ്‌ ഡിവിഷന്‌ കീഴില്‍ പെട്ടിമുടി സ്‌പെഷല്‍ ആര്‍.ആര്‍.ടി. സംഘം രൂപീകരിച്ചത്‌. നാല്‌ ഉദ്യോഗസ്‌ഥരും ആറ്‌ വാച്ചര്‍മാരും അടങ്ങുന്നതാണ്‌ സംഘം. 20 അംഗങ്ങളെ ഉള്‍പ്പെടുത്തി എലിഫന്റ്‌ ഗ്യാങ്ങുകളും രൂപവത്‌കരിച്ചിട്ടുണ്ട്‌. വനം ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തു എത്തുന്നതുവരെയും നിരീക്ഷണം നടത്തുന്നതിനായും വോളണ്ടറി ൈപ്രമറി റെസ്‌പോണ്‍സ്‌ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്‌. ഇവര്‍ക്കു പരിശീലനം നല്‍കിവരുന്നതായും അത്യാധുനിക ഉപകരണങ്ങളും അനുബന്ധ സാമഗ്രികളുമെത്തിച്ച്‌ ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനാണ്‌ തയാറെടുക്കുന്നതെന്നും മൂന്നാര്‍ റെയിഞ്ച്‌ ഓഫീസര്‍ ബിജു സോമന്‍ പറഞ്ഞു.

Ads by Google
Saturday 14 Feb 2026 11.51 AM
YOU MAY BE INTERESTED