Wednesday, March 18, 2026 Last Updated 10 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.25 PM

444 കിടത്തിച്ചികിത്സാ ആശുപത്രികള്‍ പൂട്ടിപ്പോയി: ഐ.എം.എ.

കൊച്ചി: കേരളത്തില്‍ അഞ്ച്‌ വര്‍ഷത്തിനിടെ 1,306 ഒ.പി. സ്‌ഥാപനങ്ങളും 444 കിടത്തിച്ചികിത്സ നല്‍കുന്ന ആശുപത്രികളും പൂട്ടിപ്പോയതായി ഐ.എം.എ.
എന്നാല്‍, കേരളത്തിലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്‌ഥാപനങ്ങളും കിടക്കകളും വരികയും മൊത്തം സ്‌ഥാപനങ്ങള്‍ 3,677 ല്‍നിന്ന്‌ 5,402 ആവുകയും ചെയ്‌തതായി ഐ.എം.എ. സംസ്‌ഥാന പ്രസിഡന്റ്‌ ഡോ. എം.എന്‍. മേനോനും സെക്രട്ടറി ഡോ. റോയ്‌ ആര്‍ ചന്ദ്രനും അറിയിച്ചു.
2021 ന്‌ മുമ്പുള്ള അഞ്ച്‌ വര്‍ഷം 148 ഒ.പി. സ്‌ഥാപനങ്ങളും 262 കിടത്തി ചികിത്സാ ആശുപത്രികളുമായിരുന്നു അടഞ്ഞുപോയത്‌. കേരളത്തിലെ സ്വകാര്യ മേഖലയില്‍ ആശുപത്രി കിടക്കകള്‍ 80,267 ല്‍നിന്നും 82,557 ആയും വര്‍ധിച്ചിട്ടുണ്ട്‌.
നിലവില്‍ കിടത്തിച്ചികിത്സ നടത്തുന്ന 1708 സ്‌ഥാപനങ്ങളില്‍ 39 എണ്ണം 300 കിടക്കകള്‍ക്ക്‌ മുകളിലും 312 എണ്ണം 50 നും 300 നും ഇടയ്‌ക്ക്‌ കിടക്കകളും 1357 ആശുപത്രികളില്‍ 50 ല്‍ താഴെ കിടക്കകളുമാണ്‌ ഉള്ളത്‌. ഇവയില്‍ 1018 ആശുപത്രികളില്‍ 20 ല്‍ താഴെ കിടക്കകളാണ്‌. ഈ ചെറിയ ആശുപത്രികളാണ്‌ ചെറിയ ചെലവില്‍ സാധാരണക്കാര്‍ക്ക്‌ ആധുനിക ചികിത്സ പ്രദാനം ചെയ്യുന്നത്‌. ഇവയെ നിലനിര്‍ത്തേണ്ടത്‌ അനിവാര്യമാണ്‌.
ഡോക്‌ടര്‍മാര്‍ നേരിട്ട്‌ നടത്തുന്ന ഈ ചെറിയ ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഉണ്ട്‌. എന്നാല്‍ സ്‌റ്റാഫില്‍ ഭൂരിപക്ഷം മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരാകയാല്‍ ഓഫീസും മറ്റ്‌ വിപുലമായ സജ്‌ജീകരണങ്ങളും ഉണ്ടാകില്ല. അതിനാല്‍ ചികിത്സാ ചെലവ്‌ നന്നായി കുറയ്‌ക്കാന്‍ സാധിക്കുമെങ്കിലും വിപുലമായ ഓഫീസ്‌ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുക എളുപ്പമല്ല. ഇത്തരം സജ്‌ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ചെലവ്‌ വളരെ വര്‍ധിക്കുകയും അത്‌ ചികിത്സാ ചെലവ്‌ കൂട്ടുകയും ചെയ്യും.
അതിനാല്‍ അനാവശ്യ നിബന്ധനകളില്‍നിന്നും ഓഫീസ്‌ ചട്ടങ്ങളില്‍നിന്നും ഇവയെ ഒഴിവാക്കി ഈ സ്‌ഥാപനങ്ങള്‍ ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ രജിസ്‌ട്രേഷനില്‍നിന്ന്‌ ഒഴിവാക്കണമെന്ന്‌ ഐ.എം.എ ആവശ്യപ്പെട്ടു.
പ്രധാനപ്പെട്ട ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഐ.എം.എ. ഇന്നു പൊതുജന ആരോഗ്യ സംരക്ഷണ ദിനം ആചരിക്കും.

Ads by Google
Thursday 12 Feb 2026 11.25 PM
YOU MAY BE INTERESTED