Monday, March 16, 2026 Last Updated 2 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 12 Feb 2026 01.17 AM

24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക്‌ തുടങ്ങി, ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

uploads/news/2026/02/825061/Harthal.jpg

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്‌ത ട്രേഡ്‌ യൂണിയന്‍ സമിതിയുടെ 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക്‌ തുടങ്ങി.
ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്‌ഥാപിക്കുക, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പണിമുടക്ക്‌.

വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ പൂര്‍ണമായി നിശ്ചലമാകും എന്നാണ് തൊഴിലാളി സംഘടനകളുടെ അവകാശവാദം. സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് മുടങ്ങാനാണ് സാധ്യത.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, റയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുന്നുണ്ട്. അതേ സമയം, പണിമുടക്കിനു ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പണിമുടക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകില്ലെന്ന് ഉത്തരവിൽ പറയുന്നു

സി.പി.എം, സി.പി.ഐ. അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും കര്‍ഷകത്തൊഴിലാളി സംഘടനകളും സര്‍ക്കാര്‍-അധ്യാപക സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെന്നു സി.ഐ.ടി.യു. അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം അറിയിച്ചു. അവശ്യസര്‍വീസുകളെ പണിമുടക്കില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

ബലപ്രയോഗമോ അക്രമമോ ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. ഐ.എന്‍.ടി.യു.സി. കേരളത്തില്‍ പ്രത്യേകമായാണ്‌ പണിമുടക്കുകയെന്നു സംസ്‌ഥാന പ്രസിഡന്റ്‌ ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം പണിമുടക്കില്‍ ബി.എം.എസ്‌. പങ്കെടുക്കുന്നില്ല.ഷോപ്പിങ്‌ മാളുകള്‍, സ്‌പെഷല്‍ ഇക്കണോമിക്‌ സോണ്‍ അടക്കമുള്ളവ പ്രവര്‍ത്തിക്കുന്നില്ല. പാല്‍, പത്രം, ആശുപത്രി, മരുന്ന്‌ ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ, ആംബുലന്‍സ്‌ തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച്‌ മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികള്‍ പണിമുടക്കുന്നുണ്ടെന്നു തൊഴിലാളി യൂണിയനുകള്‍ പറയുന്നു.

ബാങ്കുകളെയും കടകളെയുമൊക്കെ പണിമുടക്ക് ബാധിക്കും. സ്വകാര്യവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ തടസമില്ല എന്നാണ് പണിമുടക്ക് നടത്തുന്ന തൊഴിലാളി സംഘടനകള്‍ പറഞ്ഞിരിക്കുന്നത്. എങ്കിലും കഴിയുന്നതും സഹകരിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Ads by Google
സ്വന്തം ലേഖകന്‍
Thursday 12 Feb 2026 01.17 AM
YOU MAY BE INTERESTED