Monday, March 16, 2026 Last Updated 30 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

ഇഷ്‌ടക്കാരെ 'ഗിഫ്‌റ്റ്‌' ഡയറക്‌ടറാക്കാന്‍ യോഗ്യതകളില്‍ ഇളവ്‌ വരുത്തി

തിരുവനന്തപുരം: കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ 2009 മുതല്‍ തലസ്‌ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന ഗുലാത്തി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫൈനാന്‍സ്‌ ആന്‍ഡ്‌ ടാക്‌സേഷന്റെ (ഗിഫ്‌റ്റ്‌) ഡയറക്‌ടറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന്‌ മുമ്പ്‌ യോഗ്യതകളില്‍ ഇളവ്‌ വരുത്തി നിയമിക്കാന്‍ നീക്കം. മന്ത്രി കെ.എന്‍. ബാലഗോപാല്‍ ചെയര്‍മാനായ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ അടുപ്പക്കാരനെ ഡയറക്‌ടറായി നിയമിക്കുന്നതിനു വേണ്ടിയാണ്‌ പ്രഫസര്‍ യോഗ്യതയില്‍ ഇളവ്‌ വരുത്തി തിരക്കിട്ട്‌ വിജ്‌ഞാപനം പുറപ്പെടുവിച്ചതെന്ന്‌ ആക്ഷേപമുണ്ട്‌.
മുന്‍ കാലങ്ങളില്‍നിന്നും വ്യത്യസ്‌തമായി അപേക്ഷ സ്വീകരിക്കാനുള്ള സമയം വിജ്‌ഞാപനം മുതല്‍ ഒരു മാസത്തില്‍നിന്ന്‌ 15 ദിവസമായി കുറച്ചത്‌ തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനത്തിനു മുന്‍പ്‌ ഡയറക്‌ടറുടെ നിയമനം നടത്തുന്നതിനാണ്‌. ഇന്റര്‍വ്യൂ നടത്തി പാനല്‍ സമര്‍പ്പിക്കുന്നതിന്‌ സി.പി.എം സഹയാത്രികനായ പ്‌ളാനിങ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍ അധ്യക്ഷനായി ഒരു സെര്‍ച്ച്‌കമ്മിറ്റി സംസ്‌ഥാന ധനവകുപ്പ്‌ കഴിഞ്ഞ അഞ്ചിനു രൂപീകരിച്ചു.
കുസാറ്റിന്റെ അംഗീകൃത ഗവേഷണ സ്‌ഥാപനമായ ഗുലാത്തി ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ എല്ലാ അധ്യാപക തസ്‌തികള്‍ക്കും യു.ജി.സി. യോഗ്യതകളും ശമ്പളവുമാണ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. സമാന ഗവേഷണ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌കളുടെ ഡയറക്‌ടര്‍ തസ്‌തികകള്‍ വി.സിമാരുടെ ശമ്പളത്തിനും യോഗ്യതകള്‍ക്കും തത്തുല്യമായാണ്‌ ഇവിടെയും വ്യവസ്‌ഥ ചെയ്‌തിരുന്നത്‌ പി.എച്ച്‌ഡി. യോഗ്യത കൂടാതെ ഫിനാന്‍സ്‌, കോമേഴ്‌സ്‌, മാനേജെ്‌മന്റ്‌, ഇക്കണോമിക്‌സ്‌, ടാക്‌സേഷന്‍ ലോ എന്നിവയില്‍ ഏതെങ്കിലും മേഖലകളില്‍ ഈടുറ്റ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പത്തു വര്‍ഷത്തില്‍ കുറെയാതെ അധ്യാപന ഗവേഷണ പരിചയമുള്ള പ്രഫസര്‍മാര്‍മാരെയും തത്തുല്യ പദവിയില്‍ ഗവേഷണ സ്‌ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവരെയുമാണ്‌ ഡയറക്‌ടര്‍ പദവിയില്‍ നിയമിക്കേണ്ടത്‌. ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ യു.ജി.സി. ചട്ടങ്ങള്‍ ബാധകമായതുകൊണ്ട്‌ വി.സിക്കു തത്തുല്യമായ പ്രവര്‍ത്തി പരിചയം ഡയറക്‌ടര്‍ക്ക്‌ നിര്‍ബന്ധമാണ്‌.
എന്നാല്‍ മുന്‍കാല വിജ്‌ഞാപനങ്ങള്‍ക്ക്‌ കടക വിരുദ്ധമായി കഴിഞ്ഞ ആറിന്‌ സേര്‍ച്ച്‌ കമ്മിറ്റി പുറപ്പെടുവിച്ച വിജ്‌ഞാപനത്തില്‍ പ്രഫസര്‍ പദവിയും നിശ്‌ചിത അധ്യാപന ഗവേഷണ പരിചയവും വ്യവസ്‌ഥ ചെയ്യുന്നതിന്‌ പകരം അധ്യാപനത്തിലും ഗവേഷണത്തിലും ഗണ്യമായ പരിചയമുള്ള ഒരു വിദഗ്‌ധന്‍ എന്ന്‌ ഭേദഗതി ചെയ്‌തത്‌ സി.പി.എമ്മിനു വേണ്ടപ്പെട്ടവരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതിനാണെന്ന്‌ ആണ്‌ ആക്ഷേപം.
നിരവധി പ്രഫസര്‍മാര്‍ സേവനം അനുഷ്‌ഠിക്കുന്ന ഒരു സ്‌ഥാപനത്തിന്റെ തലപ്പത്ത്‌ പ്രഫസര്‍ പദവിയില്ലാത്ത ഒരാളെ നിയമിക്കുന്നത്‌ അക്കാദമിക്‌ താല്‍പ്പര്യങ്ങള്‍ക്കും യു.ജി.സി വ്യവസ്‌ഥകള്‍ക്കും എതിരാണ്‌ അഞ്ചുവര്‍ഷത്തേക്കാണ്‌ നിയമനം. ഈ മാസം 23 ആണ്‌ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. പരമാവധി 62 വയസ്‌ വരെയുള്ളവക്ക്‌ അപേക്ഷിക്കാം.
കേന്ദ്ര സര്‍ക്കാരിന്‌ കീഴിലുള്ള ഐ.സി.എസ്‌.എസ്‌.ആറിന്റെ അംഗീകാരമുള്ള സ്‌ഥാപനമാണെങ്കിലും ധനമന്ത്രി അധ്യക്ഷനായ ഗവേര്‍ണിങ്‌ ബോര്‍ഡിനാണ്‌ നിയമന അധികാരം.
കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ ഗ്രാന്റിന്റെ അടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനത്തില്‍ ഡയറക്‌ടര്‍ തസ്‌തികയ്‌ക്ക്‌ നിശ്‌ചിത യു.ജി.സി യോഗ്യത ഒഴിവാക്കി വിജ്‌ഞാപനം ചെയ്‌തത്‌ റദ്ദാക്കാന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള കുസാറ്റിന്‌ നിര്‍ദേശം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ സേവ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി, ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കുസാറ്റ്‌ വി.സിക്കും നിവേദനം നല്‍കി.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED