Wednesday, March 18, 2026 Last Updated 55 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

പാലരുവിയുടെ സമയം മാറ്റം മറ്റ്‌ ട്രെയിനുകളില്‍ തിരക്ക്‌ അനിയന്ത്രിതമാക്കി

അടൂര്‍: പാലരുവി എക്‌സ്‌പ്രസിന്റെ സമയമാറ്റം സ്‌പെഷല്‍ മെമു എക്‌സ്‌പ്രസിലും വേണാടിലും തിരക്ക്‌ വര്‍ധിക്കാനിടയാക്കുന്നു. ഒന്നരവര്‍ഷം മുന്‍പാണ്‌ പലരുവി എക്‌സ്‌പ്രസിന്റെ സമയം മാറ്റിയത്‌. ഇപ്പോള്‍ ഇത്‌ അതിരാവിലെയാണ്‌ ഓടുന്നത്‌.
തൂത്തുക്കുടിയില്‍നിന്നു വരുന്ന പാലരുവി നേരത്തെ ഏറനാട്‌ കഴിഞ്ഞ്‌ 4.20 ന്‌ കൊല്ലത്ത്‌ എത്തുകയും 4.55 ന്‌ കൊല്ലത്തുനിന്ന്‌ എറണാകുളത്തേക്ക്‌ പോകുന്ന വിധമായിരുന്നു സമയക്രമീകരണം. എന്നാല്‍, പരിഷ്‌കാരത്തിനു പിന്നാലെ ഏറനാട്‌ എക്‌സ്‌പ്രസിനു മുന്‍പേ അതിരാവിലെയാണ്‌ കൊല്ലവും ചെങ്ങന്നൂരും കടന്ന്‌ പോകുന്നത്‌.
ഉള്‍പ്രദേശങ്ങളില്‍നിന്നും അതിരാവിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്താന്‍ ബസ്‌ സൗകര്യം ലഭ്യമല്ല. അതിനാല്‍ പുലര്‍ച്ചെ ഓടുന്ന പാലരുവിയില്‍ കയറാന്‍ പലര്‍ക്കും കഴിയുന്നില്ല. അതിനാല്‍ നേരത്തെ പാലരുവി എക്‌സ്‌പ്രസ്സില്‍ യാത്ര ചെയ്‌തിരുന്നവര്‍ ഇപ്പോള്‍ സ്‌പെഷല്‍ മെമുവിലും വേണാടിലുമാണ്‌ യാത്ര ചെയ്യുന്നത്‌. ഇത്‌ ഇരു ട്രയിനുകളിലും അനിയന്ത്രിതമായ തിരക്കിന്‌ ഇടയാക്കുന്നു. ഇപ്പോള്‍ 8.40 നാണ്‌ പാലരുവി എറണാകുളം നോര്‍ത്തില്‍ എത്തുന്നത്‌. നേരത്തെ രാവിലെ 4.55 ന്‌ കൊല്ലത്ത്‌ എത്തിയിരുന്ന പാലരുവി ഇപ്പോള്‍ 4.35 നും രാവിലെ 6.15ന്‌ ചെങ്ങന്നൂരില്‍ എത്തിയിരുന്നത്‌ ഇപ്പോള്‍ 5.58 നും എറണാകുളത്ത്‌ 8.40 ന്‌ എത്തിയിരുന്നത്‌ 8.32 നുമാണ്‌ എത്തുന്നത്‌. പിന്നാലെ വരുന്ന സ്‌പെഷല്‍ മെമു എക്‌സ്‌പ്രസ്‌ 7.15ന്‌ ചെങ്ങന്നൂരില്‍ എത്തും. തുടര്‍ന്ന്‌ 7.30 ന്‌ ഇവിടെ വേണാടും എത്തും. എറണാകുളത്ത്‌ രാവിലെ 9 നും 10 നുമിടയ്‌ക്ക്‌ എത്തുന്ന ട്രെയിനുകളില്‍ എറണാകുളത്ത്‌ ജോലി നോക്കുന്നവരുടെ വലിയ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌.
എറണാകുളത്ത്‌ സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ഇപ്പോള്‍ സ്‌പെഷല്‍ മെമു എക്‌സ്‌പ്രസിനേയും വേണാടിനേയുമാണ്‌ ആശ്രയിക്കുന്നത്‌. വേണാട്‌ എക്‌സ്‌പ്രസ്‌ കോട്ടയം, ഏറ്റുമാനൂര്‍ സ്‌റ്റേഷനുകളില്‍ എത്തുമ്പോഴേക്കും നിറയുന്ന അവസ്‌ഥയാണ്‌ ഉള്ളത്‌. പിന്നെ വാതില്‍പടി വരെ യാത്രക്കാരുണ്ടാകും. ഇതൊടെ ട്രയിനില്‍ ഒന്ന്‌ കയറിപ്പറ്റാനും ഇറങ്ങാനും ഭഗീരഥപ്രയത്‌നം തന്നെ വേണം.
പാലരുവി പഴയ സമയക്രമമാക്കുകയും സ്‌പെഷല്‍ മെമുവിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്‌താല്‍ തിരുവനന്തപുരം -എറണാകുളം റൂട്ടില്‍ രാവിലെ അനുഭവപ്പെടുന്ന തിരക്കിന്‌ പരിഹാരമാകും.

സനില്‍ അടൂര്‍

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED