Wednesday, March 18, 2026 Last Updated 10 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

അഴിമതി നടത്തി വാങ്ങുന്ന പണം ആശുപത്രിയില്‍ ചെലവാക്കാനേ കാണൂ: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: പോലീസ്‌ ഉദ്യോഗസ്‌ഥര്‍ അനാവശ്യ വിരുന്നുകളില്‍ പങ്കെടുക്കുന്നതും അനാവശ്യ ചങ്ങാത്തങ്ങള്‍ കൂടുന്നതും ഒഴിവാക്കണമെന്നു മന്ത്രി സജി ചെറിയാന്‍. ഇത്തരം വിരുന്നുകളും സൗഹൃദവും വിരമിച്ചിട്ടു മതിയെന്നും അദ്ദേഹം പറഞ്ഞു. കേരളാ പോലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സേനയിലെ അഴിമതി പൂജ്യത്തില്‍ എത്തിക്കണം. മാന്യമായ ശമ്പളം സേനയിലുണ്ട്‌. അഴിമതി നടത്തി വാങ്ങുന്ന പണം ആശുപത്രിയില്‍ ചെലവാക്കാനേ കാണൂ. പോലീസിന്റെ കൈകള്‍ ശുദ്ധമായിരിക്കണം. നിയമം നടപ്പാക്കുകയും അതു പാലിക്കുകയും ചെയ്യേണ്ടവര്‍ ജാഗ്രതയില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹത്തില്‍ തെറ്റായ പല സന്ദേശങ്ങളും എത്തും. വര്‍ഗീയതയോടു സമരസപ്പെടുന്ന ചില പുഴുക്കുത്തകള്‍ പോലീസ്‌ സേനയിലുണ്ട്‌. ഇത്തരം ചില തെറ്റായ ചിന്തകള്‍ പോലീസിലും വളര്‍ന്നുവരുന്നുണ്ട്‌. വിദ്യാഭ്യാസം ഏറെയുള്ള ശാസ്‌ത്രയുഗത്തിലെ പോലീസാണുള്ളത്‌. യുക്‌തിസഹമായും ശാസ്‌ത്രീയമായും അന്വേഷണം നടത്തി ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസില്‍ ഒരു തരത്തിലുള്ള വര്‍ഗീയതയും ഉണ്ടാകരുത്‌.
വര്‍ഗീയമായ ചേരിതിരിവ്‌ ഉണ്ടാകാന്‍ ശ്രമിക്കുന്നവര്‍ സേനയില്‍ നുഴഞ്ഞുകയറിയാല്‍ രാജ്യത്തെതന്നെ ഇല്ലാതാക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ പോലീസ്‌ ഏറ്റവും ജാഗ്രത കാണിക്കണം. വര്‍ഗീയ ധ്രുവീകരണം മുളയിലേ നുള്ളണം. അത്തരം കാര്യങ്ങളില്‍ പോലീസിന്റെ തനിനിറം വര്‍ഗീയവാദികള്‍ക്കു മനസിലാക്കിക്കൊടുക്കണം. ഷോ കാണിക്കാന്‍ ഇറങ്ങുന്ന ആളുകള്‍ സേനയിലുണ്ട്‌. ഒരുതരത്തിലും പോലീസ്‌ സേനയിലെ ക്രിമിനലുകളെ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ല-മന്ത്രി പറഞ്ഞു.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED