Monday, March 16, 2026 Last Updated 12 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.28 PM

വിസ്‌മയ നീക്കത്തിന്‌ വീണ്ടും യു.ഡി.എഫ്‌; വി.എസിന്റെ വിശ്വസ്‌തനും കളത്തിലേക്ക്‌?

തൃശൂര്‍: വി.എസ്‌. അച്യുതാനന്ദന്‍ നിയമസഭയില്‍ പ്രതിനിധീകരിച്ച മലമ്പുഴയില്‍ ഒരു കാലത്ത്‌ അദ്ദേഹത്തിന്റെ വിശ്വസ്‌തനായിരുന്ന എ. സുരേഷ്‌ യു.ഡി.എഫ്‌ സ്‌ഥാനാര്‍ഥിയാകുമോ എന്ന ചര്‍ച്ച സജീവം.
യു.ഡി.എഫ്‌. നേതാക്കള്‍ ഇതിനായി ബന്ധപ്പെട്ടിരുന്നതായി സുരേഷ്‌ സ്‌ഥിരീകരിക്കുകകൂടി ചെയ്‌തതോടെ ഇദ്ദേഹം സ്‌ഥാനാര്‍ഥിയാകുമെന്ന വിലയിരുത്തലാണുള്ളത്‌. ദീര്‍ഘകാലം വി.എസ്‌. അച്യുതാനന്ദന്റെ പഴ്‌സണല്‍ അസിസ്‌റ്റന്റായിരുന്ന സുരേഷിനെ പിന്നീട്‌ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കുകയായിരുന്നു. ഇടതു കോട്ടയായി അറിയപ്പെടുന്ന മലമ്പുഴയില്‍ യു.ഡി.എഫ്‌. സ്വതന്ത്രനായി സുരേഷിനെ മത്സരിപ്പിച്ചാല്‍ വി.എസ്‌. അനുകൂലികളുടെ വോട്ടിനൊപ്പം നിഷ്‌പക്ഷ വോട്ടുകളും സമാഹരിക്കാനാകുമെന്നാണ്‌ വിലയിരുത്തുന്നത്‌. വര്‍ഷങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്‌ തിരിച്ചടി നേരിടുന്ന മലമ്പുഴയില്‍ ബി.ജെ.പിക്കും ശക്‌തമായ സ്വാധീനമുണ്ട്‌.
വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ പാര്‍ട്ടിക്കുള്ളിലെ വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ചാണ്‌ സുരേഷിനെ സി.പി.എം പുറത്താക്കിയത്‌. പിന്നീട്‌ പല തവണ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സുരേഷ്‌ പാര്‍ട്ടിയെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടായില്ല. പിണറായിയുടെ കണ്ണിലെ കരടായ സുരേഷിന്റെ മടങ്ങി വരവ്‌ യാഥാര്‍ഥ്യമാകാനുള്ള സാധ്യത കുറവുമാണ്‌. ഈ സാഹചര്യത്തില്‍ സുരേഷ്‌ യു.ഡി.എഫ്‌. ക്യാമ്പിലെത്തുമെന്ന പ്രതീക്ഷയാണ്‌ കോണ്‍ഗ്രസിനുള്ളത്‌.
ഇടതുകോട്ടയായ മലമ്പുഴയില്‍ സുരേഷിന്റെ സ്‌ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടാല്‍ അത്‌ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി നീക്കങ്ങളില്‍ ഒന്നായി മാറും. സി.പി.എമ്മിന്റെ ഉള്ളുകള്ളികള്‍ അറിയാവുന്ന ഒരാള്‍ തന്നെ പോര്‍ക്കളത്തിലിറങ്ങുന്നത്‌ പാര്‍ട്ടി നേതൃത്വത്തെ വല്ലാതെ അസ്വസ്‌ഥമാക്കുമെന്നുറപ്പാണ്‌. വി.എസ്‌. മത്സരിച്ചു ജയിച്ച മലമ്പുഴയെ സുരേഷിനും അടുത്തറിയാം.
അതേസമയം, മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കളെ തീരുമാനം അറിയിച്ചിട്ടില്ലെന്നാണ്‌ എ. സുരേഷ്‌ ഇന്നലെ പ്രതികരിച്ചത്‌.
പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയിട്ട്‌ 11 വര്‍ഷത്തോളമായി. എന്നാല്‍, ഇപ്പോഴും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ്‌ താനെന്നും മറ്റൊരു പാര്‍ട്ടിയിലേക്ക്‌ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ്‌ പറയുന്നു.

Ads by Google
Tuesday 10 Feb 2026 11.28 PM
YOU MAY BE INTERESTED