Monday, March 16, 2026 Last Updated 2 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.38 PM

പോറ്റിക്കൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്‌; ഓര്‍മയില്ലെന്ന്‌ കടകംപള്ളി

uploads/news/2026/02/824591/k2.jpg

തിരുവനന്തപുരം; ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ വസതിയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തിയെന്നു സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്ത്‌.
പോറ്റിയുടെ വീട്ടില്‍ ഒരുതവണ മാത്രമാണ്‌ പോയിട്ടുള്ളതെന്നായിരുന്നു കടകംപള്ളി ഇതുവരെ പറഞ്ഞിരുന്നത്‌. 2016ല്‍ മന്ത്രിയായിരിക്കെ ശബരിമലയില്‍ വച്ചാണ്‌ പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹത്തിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന്‌ 2017ല്‍ പോലീസ്‌ അകമ്പടിയോടെ വീട്ടില്‍ പോയെന്നുമാണ്‌ കടകംപള്ളി നേരത്തെ വ്യക്‌തമാക്കിയിരുന്നത്‌.
എന്നാല്‍, ഒരു വട്ടം പോയെന്നു പറഞ്ഞത്‌ ഓര്‍മയില്‍ നിന്നുള്ള പ്രതികരണമാണെന്നും ഏഴെട്ടുവര്‍ഷം മുന്‍പത്തെ കാര്യമായതിനാല്‍ എല്ലാം വ്യക്‌തമായി ഓര്‍ക്കാന്‍ കഴിയില്ലെന്നുമാണ്‌ കടകംപള്ളിയുടെ ഇപ്പോഴത്തെ വിശദീകരണം. പുറത്തുവന്നത്‌ ഒരു കുട്ടിക്ക്‌ മെമന്റോ നല്‍കുന്ന ചിത്രമാണ്‌. ആ കുട്ടിയോടു ചോദിച്ചാല്‍ അത്‌ എവിടെവച്ചാണ്‌ നല്‍കിയതെന്ന്‌ അറിയാം. ഓര്‍മയില്‍ വരാത്ത കാര്യങ്ങള്‍ക്ക്‌ എന്തു ചെയ്യാനാകും.
രണ്ടുതവണയല്ല, നാല്‍പ്പതുതവണ പോയാലും പോയെന്നു പറയാന്‍ മടിയില്ല. കാരണം, താന്‍ ആരുമായും ഒരു ഇടപാടും നടത്തിയിട്ടില്ല. മെമന്റോ നല്‍കുന്നതിനെ വലിയ സംഭവമായി ചിത്രീകരിക്കുന്നത്‌ അനാവശ്യമാണ്‌. പതിനായിരത്തിലധികം മെമന്റോകള്‍ നാട്ടിലെ കുട്ടികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.-കടകംപള്ളി പറഞ്ഞു. ശബരിമലയിലെ ഒരു സാധാരണ ഭക്‌തന്‍ എന്ന നിലയിലാണ്‌ പോറ്റിയെ പരിചയപ്പെട്ടത്‌. 2025ല്‍ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നതുവരെ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ ശരിയായ ഒരു ഭക്‌തന്‍ എന്ന നിലയിലാണു മനസിലാക്കിയിരുന്നത്‌. അതിനപ്പുറം സംശയകരമായ ഒന്നും അറിയാനായിട്ടില്ല. -കടകംപള്ളി പറഞ്ഞു.

Ads by Google
Sunday 08 Feb 2026 11.38 PM
YOU MAY BE INTERESTED