Monday, March 16, 2026 Last Updated 2 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.37 PM

'ജമാഅത്തെ ഇസ്ലാമി സഖ്യത്തില്‍ ലീഗ്‌ നിലപാട്‌ വ്യക്‌തമാക്കണം'

വടകര: വര്‍ഗീയ അജന്‍ഡയുമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെയുമായുള്ള യു.ഡി.എഫ്‌. സഖ്യം സംബന്ധിച്ച്‌ മുസ്ലിംലീഗ്‌ നിലപാട്‌ വ്യക്‌തമാക്കണമെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ധ്രുവീകരണത്തിന്‌ ശ്രമിക്കുകയാണെന്ന്‌ സമസ്‌ത അതിന്റെ നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടുണ്ട്‌. സുന്നി വിഭാഗങ്ങളെല്ലാം ജമാഅത്തിന്റെ നിലപാടിനെ ശക്‌തമായി എതിര്‍ക്കുമ്പോഴും ലീഗ്‌ മൗനം പാലിക്കുകയാണ്‌. വി.ഡി സതീശന്‍ മാത്രമാണ്‌ മറുപടി പറയുന്നത്‌. കോണ്‍ഗ്രസ്‌-ലീഗ്‌ -ബി.ജെ.പി സഖ്യത്തിനേയും ജമാഅത്തിനേയും കൂട്ടിയോജിപ്പിക്കുന്ന അംബാസഡറായാണ്‌ സതീശന്‍ പ്രവര്‍ത്തിക്കുന്നത്‌. വര്‍ഗീയതയുമായുള്ള യു.ഡി.എഫിന്റെ കൂട്ടുകൂടലിന്‌ വലിയ വിലകൊടുക്കേണ്ടി വരും. ജമാഅത്തെയുമായി എല്‍.ഡി.എഫ്‌. ഒരിക്കലും രാഷ്‌ട്രീയ ബന്ധം ഉണ്ടാക്കിയിട്ടില്ല. സതീശന്റേത്‌ നുണരോഗമാണ്‌. സതീശന്‍ ജമാഅത്ത്‌ കൂട്ടുകെട്ട്‌ ശരിയാണെന്ന്‌ പറയുകയാണ്‌. വര്‍ഗീയ അജന്‍ഡയാണ്‌ പ്രതിപക്ഷ നേതാവിനുള്ളത്‌. അത്‌ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഈ നിലപാട്‌ തന്നെയാണോ ലീഗിനെന്നും അവര്‍ വ്യക്‌തമാക്കണം.
മതനിരപേക്ഷതയാണ്‌ കേരളത്തിന്റെ കരുത്ത്‌. ആര്‍.എസ്‌.എസും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയും വര്‍ഗീയത പടര്‍ത്താന്‍ ശ്രമം നടത്തുകയാണ്‌. നമുക്ക്‌ അത്‌ പ്രതിരോധിക്കാന്‍ കഴിയണം. ജമാഅത്തെയും ലീഗും ചേര്‍ന്ന്‌ പറയുന്നത്‌ എസ്‌.ഐ.ആറിന്റെ ഉത്തരവാദി പിണറായി സര്‍ക്കാര്‍ ആണെന്നാണ്‌. ജമാഅത്തെ ഇസ്ലാമിയുടെ ആശയം കൈകാര്യം ചെയ്ുന്ന രീതിയിലേക്ക്‌ ലീഗ്‌ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വേരൂന്നാനുള്ള വര്‍ഗീയ ശക്‌തികളുടെ നീക്കത്തിനെതിരേ ശക്‌തമായ പോരാട്ടം വേണം. വിശ്വാസി സമൂഹം അതിനായി കൈകോര്‍ക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വികസനം തന്നെയാണ്‌ പ്രധാന പ്രചാരണ വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED