Monday, March 16, 2026 Last Updated 0 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.37 PM

നെല്‍കര്‍ഷക പ്രോത്സാഹന ബോണസ്‌: കേന്ദ്ര നിര്‍ദേശത്തിനെതിരേ പിണറായിയും പ്രസാദും

തിരുവനന്തപുരം/ആലപ്പുഴ: നെല്‍കര്‍ഷകര്‍ക്കുള്ള പ്രോത്സാഹന ബോണസ്‌ നിര്‍ത്തണമെന്ന കേന്ദ്രനിര്‍ദേശത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനും കൃഷി മന്ത്രി പി. പ്രസാദും. നെല്ലുല്‍പാദനം കൂടുന്നത്‌ നാടിനാകെ ബാധ്യതയെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിചിത്ര ന്യായം കര്‍ഷകരോടുള്ള വെല്ലുവിളിയെന്ന്‌ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഉത്‌പാദനം ആവശ്യത്തിലധികമായതിനാല്‍ സംഭരണ ചെലവ്‌ ബാധ്യതയാകുമെന്ന്‌ ചീഫ്‌ സെക്രട്ടറിയെ കത്തിലൂടെ കേന്ദ്ര ധനകാര്യ എക്‌സ്‌പന്‍ഡീച്ചര്‍ സെക്രട്ടറിയാണ്‌ അറിയിച്ചത്‌. കിലോയ്‌ക്ക്‌ 6.31 രൂപ കര്‍ഷകര്‍ക്ക്‌ അധികമായി സംസ്‌ഥാന സര്‍ക്കാര്‍ നല്‍കുന്നതില്‍ കേന്ദ്രത്തിന്‌ എന്തിനാണ്‌ അസ്വസ്‌ഥതയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേന്ദ്രനിര്‍ദേശത്തെ സംസ്‌ഥാനം അര്‍ഹിക്കുന്ന അവജ്‌ഞയോടെ തള്ളിക്കളയുന്നെന്ന്‌ മന്ത്രി പി. പ്രസാദ്‌. ആലപ്പുഴയില്‍ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കുള്ള പ്രോത്സാഹന ബോണസ്‌ തുടരും. ഈ നിര്‍ദേശത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന്‌ സംസ്‌ഥാനം മറുപടി നല്‍കിയിട്ടുണ്ട്‌. സംസ്‌ഥാന വിഷയമാണ്‌ കൃഷി. സംസ്‌ഥാനത്തിന്‌ കര്‍ഷകരെ സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതുമായ ഉത്തരവാദിത്വമാണുള്ളത്‌. ഈ അധികാരത്തിനു മുകളില്‍ കയറുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട്‌ അംഗീകരിക്കാനാകില്ല. കേന്ദ്രസര്‍ക്കാരിന്‌ കോര്‍പ്പറേറ്റുകളോട്‌ പ്രണയവും കര്‍ഷകരോട്‌ വിദ്വേഷവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദഗതി കാര്‍ഷിക രാജ്യമായ ഇന്ത്യയ്‌ക്ക്‌ അംഗീകരിക്കാനാകില്ല. സംസ്‌ഥാനത്ത്‌ ഉത്‌പാദിപ്പിക്കുന്ന നെല്ല്‌ മുഴുവനായി കൃഷി വകുപ്പ്‌ സംഭരിക്കുന്നുണ്ട്‌. എന്നാല്‍, പലപ്പോഴും ഇത്രയും നെല്ല്‌ സംഭരിക്കേണ്ടെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ സംസ്‌ഥാനത്തിനോട്‌ ആവശ്യപ്പെടുന്നത്‌. ഇന്ത്യാ-യു.എസ്‌. വ്യാപാരക്കരാറിന്റെ ഭാഗമായിട്ടുള്ള ധാന്യഇറക്കുമതിക്കായിട്ടാണ്‌ പ്രോത്സാഹന ബോണസ്‌ നിര്‍ത്തണമെന്നുള്ള ആവശ്യം. രാജ്യത്തിന്റെ ആഭ്യന്തര കാര്‍ഷിക വിപണി പൂര്‍ണമായും അമേരിക്കയ്‌ക്ക്‌ കേന്ദ്രസര്‍ക്കാര്‍ തുറന്നു നല്‍കുകയാണ്‌. സംസ്‌ഥാനങ്ങളോടു ആലോചിക്കാതെയും ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയുമാണ്‌ വ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടത്‌. വ്യാപാരക്കരാര്‍ എങ്ങനെ ബാധിക്കുമെന്ന്‌ പരിശോധിക്കാന്‍ കൃഷിവകുപ്പിന്റെ പ്രത്യേക സെല്ലിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ കരാര്‍ നാളികേര, ക്ഷീര കര്‍ഷക, റബര്‍ കാര്‍ഷിക മേഖലകളെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED