കൊച്ചി: ഹൈദരാബാദ് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡോ. ആന്റണി പൂലയെ സി.ബി.സി.ഐ. പ്രസിഡന്റായി തെരഞ്ഞെടുത്തു. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ നടക്കുന്ന സി.ബി.സി.ഐയുടെ 37-ാമതു ജനറല്‍ ബോഡിയിലാണ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുത്തത്. 1961 നവംബര്‍ 15 ന് ആന്ധ്രയിലെ കര്‍ണൂല്‍ രൂപതയിലെ പോളൂരുവിലാണ് ജനനം. 1992 ഫെബ്രുവരി 20 നു പൗരോഹിത്യം സ്വീകരിച്ചു. യു.എസില്‍ പാസ്‌റ്ററല്‍ കെയറില്‍ ബിരുദാനന്തര ബിരുദവും ഷിക്കാഗോ ലയോള യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്‌ത്ര കോഴ്‌സും പൂര്‍ത്തിയാക്കി. 2008 ഫെബ്രുവരി എട്ടിനു കര്‍ണൂല്‍ മെത്രാനായി. 2020 മുതല്‍ ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പാണ്. 2022 ഓഗസ്‌റ്റ് 27 നു ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തി. ക്രിസ്‌ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് ഏജിങ് ഡയറക്‌ടര്‍, കടപ്പ രൂപതയില്‍ കണ്‍സള്‍ട്ടര്‍, വിദ്യാഭ്യാസ സെക്രട്ടറി, സ്‌കൂളുകളുടെ ഡെപ്യൂട്ടി അഡ്‌മിനിസ്‌ട്രേറ്റര്‍, സ്‌പോണ്‍സര്‍ഷിപ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചു.