തിരുവനന്തപുരം: പതിനാറു വയസുകാരിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 35 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിന്‍കര പെരുങ്കടവിള ആലത്തൂര്‍ ചാനല്‍ക്കര വീട്ടില്‍ രാജേഷി(36)നെയാണ് നെയ്യാറ്റിന്‍കര അതിവേഗ പോക്‌സോ കോടതിഒന്ന് ജഡ്‌ജി കെ.എം. സുജ ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ അധികമായി മൂന്നു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വഞ്ചനയിലൂടെ വീട്ടില്‍നിന്ന് പുറത്തേക്കു കൊണ്ടുപോയ പ്രതി, തന്റെ ബന്ധുവീടുകളില്‍ മാറിമാറി താമസിപ്പിച്ച് അഞ്ചു ദിവസം തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുട്ടിയുടെ പ്രായവും കുറ്റത്തിന്റെ ഗൗരവവും കണക്കിലെടുത്താണ് കടുത്ത ശിക്ഷ വിധിച്ചതെന്ന് കോടതി വിധിന്യായത്തില്‍ വ്യക്‌തമാക്കി.
2017-ല്‍ മാരായമുട്ടം പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ആയിരുന്ന എം.ആര്‍. മൃദുല്‍ കുമാര്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് അന്വേഷണം ആരംഭിച്ചത്. ഇന്‍സ്‌പെക്‌ടറായിരുന്ന കെ.എസ്. അരുണ്‍കുമാര്‍ വിശദമായ അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പൂവച്ചല്‍ എഫ്. വിനോദ്, അഡ്വ. വി.ആര്‍. മായ എന്നിവര്‍ കോടതിയില്‍ ഹാജരായി.