Monday, March 16, 2026 Last Updated 16 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.35 PM

തന്ത്രിക്ക്‌ എന്റെ സ്‌ഥാപനത്തില്‍ നിക്ഷേപമില്ല: നെടുമ്പറമ്പില്‍ ഫിനാന്‍സ്‌ ഉടമ

കൊച്ചി: ശബരിമല തന്ത്രി കണ്‌ഠര്‌ രാജീവര്‌ തന്റെ ധനകാര്യ സ്‌ഥാപനത്തില്‍ നിക്ഷേപമില്ലെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ ആന്റോ ആന്റണി എം.പി. രണ്ടുകോടി വാങ്ങിയിട്ട്‌ തിരികെ നല്‍കിയിട്ടില്ലെന്നും വെളിപ്പെടുത്തി തിരുവല്ല നെടുമ്പറമ്പില്‍ ഫിനാന്‍സ്‌ ഉടമ എന്‍.എം. രാജു.
തെരഞ്ഞെടുപ്പ്‌ സമയത്താണ്‌ പത്തനംതിട്ട എം.പിക്കു പണം നല്‍കിയത്‌. തെരഞ്ഞെടുപ്പ്‌ ആവശ്യത്തിനായിട്ടാണ്‌ പണം ചോദിച്ചത്‌. നിക്ഷേപകരുടെ പണമാണിത്‌. മകളടക്കം പലകുറി ആന്റോയുടെ വീട്ടില്‍ പോയി പറഞ്ഞു. കരഞ്ഞു കാലുപിടിച്ചു പറഞ്ഞിട്ടും ആന്റോ ആന്റണി എം.പി. പണം മടക്കി നല്‍കിയില്ല. ഈ വിവരം ഇ.ഡി. അടക്കമുള്ള അന്വേഷണ ഉദ്യോഗസ്‌ഥരോട്‌ വെളിപ്പെടുത്തിയിട്ടുണ്ടെന്നും രാജു പറഞ്ഞു. 2019-ലെ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ആന്റോ ആന്റണി എം.പി. പണത്തിനായി വന്നത്‌. പലിശയ്‌ക്കാണ്‌ പണം നല്‍കിയത്‌. രണ്ടുമാസത്തിനകം മടക്കിത്തരാമെന്നു പറഞ്ഞാണ്‌ പണം വാങ്ങിയത്‌. ഏഴു വര്‍ഷമായിട്ടും പണം തന്നില്ല. ഇതുവരെ ആകെ 20 ലക്ഷം മാത്രമാണ്‌ തിരിച്ചു തന്നത്‌. യാതൊരുവിധ ഈടും നല്‍കാതെയാണ്‌ പണം നല്‍കിയത്‌. പണം നല്‍കുന്ന സമയത്ത്‌ താനും കുടുംബവും യു.ഡി.എഫിലായിരുന്നെന്നും രാജു പറഞ്ഞു. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇ.ഡി. അന്വേഷണം നേരിടുന്ന സ്‌ഥാപനമാണിത്‌. ഇവിടെ ശബരിമല തന്ത്രി കണ്‌ഠര്‌ രാജീവര്‍ക്കു നിക്ഷേപമുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ്‌ നിക്ഷേപ സ്‌ഥാപനം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്‌. രണ്ടരക്കോടിരൂപ തന്ത്രി നിക്ഷേപിച്ചിരുന്നുവെന്നാണ്‌ സി.പി.എം. ആരോപണമുന്നയിച്ചത്‌. എന്നാല്‍, തന്ത്രിക്ക്‌ തന്റെ സ്‌ഥാപനത്തില്‍ നിക്ഷേമപില്ലെന്നു രാജു പറഞ്ഞു. തന്ത്രിയുടെയോ ബന്ധുക്കളുടേയോ പണം സ്‌ഥാപനത്തിലില്ല. ഇവരാരെയും നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ല. സ്‌ഥാപനത്തില്‍ രണ്ടരക്കോടി രൂപ നിക്ഷേപമുള്ള പലരുമുണ്ട്‌. അതില്‍ തന്ത്രിയില്ല. തന്ത്രിയുടെ പണം എവിടെയാണെന്നു കണ്ടെത്തേണ്ടത്‌ താനല്ല. സ്വര്‍ണക്കൊള്ള കേസില്‍ എസ്‌.ഐ.ടിയുടെ അന്വേഷണം നടക്കുകയാണ്‌. അവരാരും തന്ത്രിയുടെ നിക്ഷേപത്തെക്കുറിച്ച്‌ തന്നോട്‌ ചോദിച്ചിട്ടില്ല. സ്‌ഥാപനം പൂട്ടിയിട്ടും തന്ത്രി പണം തിരികെ കിട്ടാന്‍ പരാതി നല്‍കിയിരുന്നില്ലെന്ന്‌ നേരത്തേ സി.പി.എം. ആരോപിച്ചിരുന്നു.
44 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിനാണ്‌ നെടുമ്പറമ്പില്‍ ഫിനാന്‍സിനെതിരേ ഇ.ഡി. അന്വേഷണം നടക്കുന്നത്‌. ഇ.ഡി. അന്വേഷണം നടക്കുന്നുണ്ടെന്ന്‌ രാജു സമ്മതിച്ചു. മറ്റാരോപണങ്ങള്‍ രാഷ്‌ട്രീയപ്രേരിതമാണെന്നും അദ്ദേഹം എറണാകുളം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോടു പറഞ്ഞു.

Ads by Google
Saturday 07 Feb 2026 11.35 PM
YOU MAY BE INTERESTED