Monday, March 16, 2026 Last Updated 40 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.12 AM

മതരാജ്യവാദത്തെ ജമാഅത്തെ ഇസ്ലാമി പിന്തുണയ്‌ക്കുന്നില്ല; പിന്തുണ സ്വീകരിക്കും: വി.ഡി. സതീശന്‍

കാസര്‍ഗോഡ്‌: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കിയാല്‍ അത്‌ സ്വീകരിക്കുമെന്നും അവര്‍ മതരാജ്യവാദത്തെ പിന്തുണക്കില്ലെന്ന്‌ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍. മതരാജ്യവാദം പറഞ്ഞപ്പോള്‍ അവര്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.
കുമ്പളയില്‍നിന്നാരംഭിച്ച പുതുയുഗ യാത്രയ്‌ക്കു മുന്നോടിയായി കാസര്‍ഗോട്ട്‌ മാധ്യമപ്രവര്‍ത്തകരുമായി സംസരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിനൊപ്പം നില്‍ക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമി മതേതരവാദികളും അല്ലെങ്കില്‍ വര്‍ഗീയവാദികളുമാകുമെന്ന സി.പി.എം. നിലപാടിനോടു യോജിക്കാനാകില്ലെന്നും സതീശന്‍ വ്യക്‌തമാക്കി.
എന്‍.എസ്‌.എസ്‌, എസ്‌.എന്‍.ഡി.പി നേതാക്കളുടെ വിമര്‍ശനം വ്യക്‌തിപരമാണ്‌. അവര്‍ തന്നെയാണ്‌ വിമര്‍ശിച്ചത്‌. കോണ്‍ഗ്രസിനെയോ യു.ഡി.എഫിനെയോ അല്ല.
മുസ്ലിംലീഗ്‌ തകര്‍ന്നാല്‍ ആ സ്‌ഥാനത്ത്‌ ആരു ശക്‌തിപ്പെടുമെന്ന്‌ എല്ലാവര്‍ക്കും അറിയാമെന്നും അതു സംഭവിക്കാതിരിക്കാനാണ്‌ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്നതെന്നും അദ്ദേഹം ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന്റെ കൈകള്‍ പിടിച്ചു കൊണ്ട്‌ പറഞ്ഞു.
സ്വര്‍ണക്കൊള്ളക്കേസില്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്‌താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്ണമെന്ന്‌ ആവശ്യപ്പെട്ട സതീശന്‍, ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ക്രിമിനല്‍ കേസുകളില്‍പ്പെട്ട പ്രതികള്‍ക്ക്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെ പരോള്‍ നല്‍കുകയാണ്‌. ടി.പി കേസ്‌ പ്രതിക്ക്‌ ആയിരം ദിവസം വരെ പരോള്‍ ലഭിച്ചു.
പുതുയുഗ യാത്രയുടെ 75 ശതമാനം സമയവും ഭാവി കേരളം എങ്ങനെയാകണം എന്ന ചര്‍ച്ചയ്‌ക്കായിരിക്കും മാറ്റിവെക്കുക. എവിടെയെല്ലാമാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍ പരാജയപ്പെട്ടത്‌, അവിടെയെല്ലാം യു.ഡി.എഫിന്‌ ബദല്‍ പദ്ധതികളുണ്ട്‌. മതേതരത്വത്തില്‍ യാതൊരു വിട്ടുവീഴ്‌ചയുമുണ്ടാകില്ല. വര്‍ഗീയതയെ കുഴിച്ചുമൂടും.
ശബരിമല വിഷയമടക്കം പ്രധാന ചര്‍ച്ചയാകും. സ്വര്‍ണക്കൊള്ള കേസില്‍ തെളിവില്ലാതെ കേസ്‌ അവസാനിപ്പിക്കാനുള്ള നീക്കമുണ്ടെന്ന ആശങ്ക കേരള സമൂഹത്തിലുണ്ട്‌. ഇതുവരെ അന്വേഷണ സംഘം തൊണ്ടി മുതല്‍ പോലും ശേഖരിച്ചിട്ടില്ല. പുറത്തിറങ്ങുന്ന പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ട്‌.

Ads by Google
Saturday 07 Feb 2026 11.12 AM
YOU MAY BE INTERESTED