Monday, March 16, 2026 Last Updated 42 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.12 AM

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ക്ക്‌ പിഴ ഈടാക്കിയോയെന്നു ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത്‌ അനധികൃത ഫ്‌ളെക്‌സ്‌ ബോര്‍ഡുകളും കൊടിതോരണങ്ങളും വ്യാപകമായെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എല്ലാ പാര്‍ട്ടികളും ഇത്‌ ചെയ്യുന്നുണ്ടെന്നും എല്ലായിടത്തും പ്ലാസ്‌റ്റിക്‌ ബോര്‍ഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ വ്യാപകമായി അനധികൃത ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ സ്‌ഥാപിച്ചതിനെയും കോടതി വിമര്‍ശിച്ചു. തിരുവനന്തപുരത്ത്‌ അനധികൃത ബോര്‍ഡുകള്‍ വച്ചതിന്റെ പിഴ ഈടാക്കിയോ എന്നു ചോദിച്ച കോടതി, എഫ്‌.ഐ.ആര്‍. ഹാജരാക്കാനും നിര്‍ദേശിച്ചു.
കൊച്ചിയില്‍ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി വന്നതിന്റെ ഭാഗമായി ബോര്‍ഡുകള്‍ വച്ചതിനെയും കോടതി വിമര്‍ശിച്ചു. അതിന്റെ പേരില്‍ കേസെടുത്തോയെന്നും ചോദിച്ചു. കേസെടുത്തെങ്കില്‍ എഫ്‌.ഐ.ആര്‍. ഹാജരാക്കാനും നിര്‍ദേശിച്ചു. കൊച്ചിയില്‍ 248 അനധികൃത ബോര്‍ഡുകള്‍ ഇന്നു മാത്രം കണ്ടെത്തിയെന്ന്‌ കൊച്ചി കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. ഇത്രയധികം ബോര്‍ഡുകള്‍ നിറച്ചിട്ട്‌ സ്വച്‌ഛ്‌ ഭാരതും നവകേരളവും പറയാന്‍ വരരുതെന്നും കോടതി വിമര്‍ശിച്ചു. തദ്ദേശ സെക്രട്ടറിമാര്‍ക്ക്‌ നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ പണി അവസാനിപ്പിച്ച്‌ പോകണം. കൊച്ചി നഗരത്തില്‍ ഇന്നലെ ബോര്‍ഡ്‌ വച്ചത്‌ ആരാണെന്നു ഹൈക്കോടതി ചോദിച്ചു. ഏത്‌ ഏജന്‍സിയാണ്‌ ഇതിനു പിന്നിലെന്നു ചോദിച്ച കോടതി, ആ ഏജന്‍സിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിക്ക്‌ പിഴയിട്ട ഉദ്യോഗസ്‌ഥയെ സ്‌ഥലം മാറ്റുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവേളയില്‍ അനുമതിയില്ലാതെ ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ സ്‌ഥാപിച്ചതിന്‌ തിരുവനന്തപുരം കോര്‍പ്പറേഷനിലെ റവന്യു ഓഫീസര്‍ പിഴയിട്ടിരുന്നു. ഇതിനുപിന്നാലെ ഇവരെ സ്‌ഥലംമാറ്റുകയും ചെയ്‌തു. കോര്‍പ്പറേഷന്‍ റവന്യു ഓഫീസറായിരുന്ന ജി. ഷൈനിയെ റവന്യു വിഭാഗത്തില്‍നിന്ന്‌ മാറ്റുകയായിരുന്നു. അനുമതിയില്ലാതെ ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ സ്‌ഥാപിച്ചതിന്‌ ബി.ജെ.പിക്ക്‌ 20 ലക്ഷം രൂപ ഇവര്‍ പിഴയിട്ടിരുന്നു. കൂടാതെ, കോര്‍പ്പറേഷന്റെ പരാതിയില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ കരമന ജയനെതിരെ പോലീസ്‌ കേസുമെടുത്തിരുന്നു. നടപ്പാത തടസപ്പെടുത്തി ഫ്‌ളെക്‌സ്‌ ബോര്‍ഡ്‌ വച്ചതിനാണ്‌ കേസെടുത്തത്‌. പാളയം മുതല്‍ പുളിമൂട്‌ ജംങ്‌ഷന്‍ വരെ പൊതുജനങ്ങളുടെ വഴി തടസപ്പെടുത്തിയെന്ന്‌ പോലീസ്‌ പറയുന്നു. കേസെടുത്തതിന്റെ എഫ്‌.ഐ.ആര്‍. അടക്കം ഹാജരാക്കാനാണ്‌ ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്‌.

Ads by Google
Saturday 07 Feb 2026 11.12 AM
YOU MAY BE INTERESTED