തിരുവനന്തപുരം: വഴുതക്കാട് ട്രിവാന്‍ഡ്രം ക്‌ളബിനു സമീപം ബൈക്ക് യാത്രികരെകാറിടിച്ചു പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രമുഖ നടന്‍ മണിയന്‍പിള്ള രാജുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരായ രാജുവിനെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയ ശേഷമാണ് ജാമ്യം അനുവദിച്ചത്.
അപകടമുണ്ടാക്കിയ വോള്‍വോ കാര്‍ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. ജീവഹാനി വരുത്തുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിക്കല്‍, അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയത്, വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതിരുന്നത് തുടങ്ങിയ കുറ്റങ്ങളാണ് രാജുവിനെതിരേ ചുമത്തിയിരിക്കുന്നത്. അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് താന്‍ തന്നെയാണെന്ന് മണിയന്‍പിള്ള രാജു പോലീസിനോടും മാധ്യമങ്ങളോടും സമ്മതിച്ചു. അമിതവേഗത്തില്‍ എത്തിയ ബൈക്ക് കാറിന്റെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നുവെന്നും അപകടത്തിന് പിന്നാലെ പരിഭ്രമിച്ചതിനാലാണ് വാഹനം നിര്‍ത്താതിരുന്നതെന്നും അദ്ദേഹ വിശദീകരിച്ചു. എന്നാല്‍ ഉടന്‍ തന്നെ സുഹൃത്തുക്കളെ വിളിച്ച് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും രാജു പറഞ്ഞു. കഴിഞ്ഞ അഞ്ചിനു രാത്രി 10.30നാണ് അപകടം നടന്നത്. പരുക്കേറ്റ ശ്രീകണേ്‌ഠശ്വരം സ്വദേശികളായ നിദേവും സൂരജും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. സൂരജിന് തുടയെല്ല് പൊട്ടലുണ്ടായതായും കാലിന് ഒടിവേറ്റ നിദേവിനെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയതായും പോലീസ് അറിയിച്ചു. എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയശേഷം മണിയന്‍പിള്ള രാജു സ്‌റ്റേഷനില്‍ നിന്ന് മടങ്ങി.