Monday, March 16, 2026 Last Updated 35 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.12 AM

ഇരു മുന്നണികളും ചേര്‍ന്ന്‌ കേരളത്തെ തകര്‍ത്തു: നിതിന്‍ നബിന്‍

അങ്കമാലി: ഇരു മുന്നണികളും മാറിമാറി ഭരിച്ചു മനോഹരമായ കേരളത്തെ നശിപ്പിച്ചിരിക്കുകയാണെന്ന്‌ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍.
വര്‍ഷങ്ങളായി കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്തുകയാണ്‌ ഈ രണ്ട്‌ മുന്നണികളും. നമ്മുടെ യുവാക്കള്‍ വിചാരിച്ചാല്‍ കേരളത്തെ വികസനത്തിലേക്ക്‌ നയിക്കാന്‍ കഴിയുമായിരുന്നു. അവരുടെ പ്രവര്‍ത്തനം വികസനത്തിനായി ഉപയോഗിക്കാന്‍ രണ്ട്‌ മുന്നണികള്‍ക്കുമായിട്ടില്ല. അഴിമതിയില്‍ മുങ്ങിയ ഭരണമാണ്‌ രണ്ട്‌ മുന്നണികളും നടത്തിയിരുന്നത്‌. പ്രീണനമായിരുന്നു മുന്നണികളുടെ രാഷ്‌ട്രീയം. രണ്ട്‌ മുന്നണികളുടെയും അഴിമതിയും പ്രീണനവും തുറന്ന്‌ കാണിച്ച്‌ ജനങ്ങളെ സമീപിച്ചാല്‍ അവര്‍ ഇരുകൈയും നീട്ടി ബി.ജെ.പിയെ സ്വീകരിക്കുമെന്നത്‌ ഉറപ്പാണെന്നു നിതിന്‍ നബിന്‍ പറഞ്ഞു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ബൂത്ത്‌ പ്രസിഡന്റുമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദേശീയ അധ്യക്ഷന്‍.
ജമാ അത്തെ ഇസ്ലാമിയുമായും മുസ്ലിം ലീഗുമായും ചേര്‍ന്നാണ്‌ യു.ഡി.എഫ്‌. പ്രവര്‍ത്തിക്കുന്നത്‌. രാമായണം വായിക്കുന്നതിന്‌ പോലും തടസം നില്‍ക്കുന്ന സമീപനം യു.ഡി.എഫിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുണ്ട്‌. ക്ഷേത്രങ്ങളോടും അവര്‍ക്ക്‌ ശത്രുതാമനോഭാവമാണ്‌. ഇടതുപക്ഷമാകട്ടെ വിശ്വാസത്തെ പോലും തകര്‍ക്കുന്ന സമീപനമാണ്‌ സ്വീകരിച്ചത്‌. ഇവിടെ കേരളത്തില്‍ ശബരിമലയെ തകര്‍ത്തുകൊണ്ട്‌ അധികാരം നിലനിര്‍ത്താണ്‌ ഇരുമുന്നണികളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്‌.
ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച രണ്ട്‌ മുന്നണികളെയും വെറുതെ വിടാന്‍ കേരളത്തിലെ ജനത തയാറാവില്ല. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഐക്യമാണ്‌ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്‌. ഈ കുറ്റക്കാര്‍ക്കെതിരേ ശക്‌തമായ പ്രതിഷേധവുമായി ബി.ജെ.പി. മുന്നോട്ടുപോകും.
കേരളം ആസ്‌ഥാനമാക്കിയാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ രാജ്യവ്യാപകമായി പ്രവര്‍ത്തിച്ച്‌ വരുന്നത്‌. ആയിരക്കണക്കിന്‌ ഓഫീസുകളാണ്‌ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. നരേന്ദ്രമോദിയുടെ സര്‍ക്കാരാണ്‌ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച്‌ തീവ്രവാദത്തിന്‌ തടയിടാന്‍ ശ്രമിച്ചത്‌ -അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍, ദേശീയ ജനറല്‍ സെക്രട്ടറി വിനോദ്‌ താവഡെ, തെരഞ്ഞെടുപ്പ്‌ സഹ പ്രഭാരി ശോഭ കരന്തലജെ, കേരളാ പ്രഭാരി പ്രകാശ്‌ ജാവദേക്കര്‍, കേന്ദ്രമന്ത്രി ജോര്‍ജ്‌ കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Saturday 07 Feb 2026 11.12 AM
YOU MAY BE INTERESTED