തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണന്‍ പോറ്റി ഇന്നലെ പ്രത്യേക അന്വേഷണ സംഘ(എസ്.ഐ.ടി)ത്തിനു മുന്നില്‍ ഹാജരായി.
വെള്ളിയാഴ്‌ചയും ചൊവ്വാഴ്‌ചയും അന്വേഷണ ഉദ്യോഗസ്‌ഥനു മുന്നില്‍ ഹാജരാകണമെന്ന ജാമ്യവ്യവസ്‌ഥയുടെ ഭാഗമായാണ് പോറ്റി എസ്.ഐ.ടിക്കു മുന്നിലെത്തിയത്. സാക്ഷികളെ സ്വാധീനിക്കരുത് അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് പോറ്റിക്ക് സ്വാഭാവികജാമ്യം അനുവദിച്ചത്. 110 ദിവസത്തിനു ശേഷമാണ് പോറ്റി ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന്, ദ്വാരപാലക പാളി കേസിനു പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് മോചനം. മുരാരി ബാബു, ശ്രീകുമാര്‍, സുധീഷ് എന്നിവര്‍ക്കും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോറ്റിക്കും ജാമ്യം ലഭിച്ചത്. കഴിഞ്ഞ 21-നായിരുന്നു ദ്വാരപാലക പാളി കേസില്‍ ജാമ്യം അനുവദിച്ചത്.
ഈ മാസം 11-ന് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് എന്‍. വാസു, 20-ന് സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായ എ. പത്മകുമാര്‍ എന്നിവരുടെ അറസ്‌റ്റിന് 90 ദിവസം പൂര്‍ത്തിയാകും. നിലവിലത്തെ സാഹചര്യത്തില്‍ ഇരുവര്‍ക്കും സ്വാഭാവികജാമ്യം ലഭിച്ച് ജയില്‍ മോചനം ഉണ്ടാകാന്‍ സാധ്യതയുണ്ട്.