Monday, March 16, 2026 Last Updated 35 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

തന്ത്രി കണ്‌ഠരര്‌ രാജീവരുടെ രണ്ടര കോടി നിക്ഷേപം; ധനകാര്യ സ്‌ഥാപനത്തില്‍ ഇ.ഡി. റെയ്‌ഡ്‌

uploads/news/2026/02/824139/k2.jpg

കൊച്ചി/തിരുവല്ല: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ശബരിമല തന്ത്രി കണ്‌ഠരര്‌ രാജീവര്‍ പണം നിക്ഷേപിച്ചെന്ന്‌ ആരോപണം ഉയര്‍ന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തില്‍ ഇ.ഡി. പരിശോധന. ശബരിമല തന്ത്രി കണ്‌ഠരര്‌ രാജീവര്‍ക്കു നെടുംപറമ്പില്‍ ഫിനാന്‍സില്‍ നിക്ഷേപമുണ്ടെന്നു സി.പി.എം. സംസ്‌ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു സ്‌ഥാപനത്തില്‍ ഇ.ഡി. പരിശോധന നടത്തിയത്‌.
ഇന്നലെ രാവിലെ ആറിനു തുടങ്ങിയ റെയ്‌ഡ്‌ 12 മണിക്കൂര്‍ നീണ്ടു. വൈകിട്ട്‌ 6.30 ന്‌ സംഘം മടങ്ങി. എറണാകുളത്തുനിന്നുള്ള ഇ.ഡി. സംഘം നാലു കാറുകളില്‍ വനിതകള്‍ അടക്കമുള്ള സായുധ സേനയുമായിട്ടാണ്‌ റെയ്‌ഡിനെത്തിയത്‌. ഒട്ടേറെ രേഖകള്‍ കണ്ടെത്തിയതായാണു വിവരമെങ്കിലും ഉദ്യോഗസ്‌ഥര്‍ സ്‌ഥിരീകരിച്ചിട്ടില്ല.
സ്‌ഥാപനത്തിന്റെ ഉടമ എന്‍.എം. രാജുവിന്റെ വീട്ടിലും ഇ.ഡി. പരിശോധന നടത്തി.
രണ്ടര കോടി രൂപയോളം തന്ത്രി കണ്‌ഠരര്‌ രാജീവര്‍ നെടുംപറമ്പില്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചിരുന്നു. പിന്നീട്‌ സ്‌ഥാപനം പൂട്ടിപ്പോയെങ്കിലും പരാതി നല്‍കാനോ പോലീസിനെ സമീപിക്കാനോ തന്ത്രി തയാറായിരുന്നില്ല. ഇതാണു സംശയത്തിനിടയാക്കിയത്‌. അതോടൊപ്പം പത്തനംതിട്ട എം.പി. ആന്റോ ആന്റണി രണ്ടര കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചതായും കെ.പി. ഉദയഭാനു ആരോപിച്ചിരുന്നു. ഇതും സംശയത്തിന്‌ വഴിവച്ചിരുന്നു.
കേരളാ കോണ്‍ഗ്രസ്‌ (എം) പത്തനംതിട്ട ജില്ലാ മുന്‍ പ്രസിഡന്റ്‌ എന്‍.എം. രാജു നടത്തിയിരുന്ന സ്‌ഥാപനമാണു നെടുംപറമ്പില്‍ ഫിനാന്‍സ്‌. മുമ്പ്‌ സാമ്പത്തിക തട്ടിപ്പുകേസില്‍ എന്‍.എം. രാജു അറസ്‌റ്റിലായിരുന്നു. നേരത്തെ തന്നെ സ്‌ഥാപനത്തിനെതിരേ നിരവധി പരാതികള്‍ ഉയരുകയും അന്വേഷണം നടക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയായിരുന്നു എന്‍.എം. രാജുവിന്റെ അറസ്‌റ്റ്‌. സ്‌ഥാപനം പൂട്ടിപ്പോയെന്നു പറയുമ്പോഴും നിലവില്‍ ചില ജീവനക്കാര്‍ ജോലി ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ഭാഗീകമായി നടക്കുകയും ചെയ്യുന്നുണ്ട്‌.
ഇത്‌ കൂടി കണക്കിലെടുത്താണു റെയ്‌ഡ്‌ നടത്താനുള്ള ഇ.ഡിയുടെ തീരുമാനമെന്നാണു സൂചന. അന്വേഷണ ഘട്ടത്തില്‍ തന്നെ നെടുംപറമ്പില്‍ ഫിനാന്‍സില്‍ രണ്ടര കോടി രൂപ നിക്ഷേപിച്ചതായി തന്ത്രി എസ്‌.ഐ.ടിയോടു പറഞ്ഞിരുന്നു. ഈ സ്‌ഥാപനം പൂട്ടിയപ്പോള്‍ ഈ പണം നഷ്‌ടമായെന്നും എന്നാല്‍ പരാതി നല്‍കിയിരുന്നില്ലെന്നും കണ്‌ഠരര്‌ രാജീവര്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തിലേക്കു കടക്കാനാണ്‌ ഇ.ഡിയുടെ തീരുമാനം.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED