കൊല്ലം/തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി ദ്വാരപാലകപാളി കേസിനു പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ ജയില്‍മോചിതനായി.
പ്രത്യേക അന്വേഷണ സംഘം 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതിനാലാണു പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിച്ചത്. ദ്വാരപാലക പാളി കേസില്‍ കഴിഞ്ഞ 21ന് പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉണ്ണികൃഷ്‌ണന്‍ പോറ്റി ഇന്നലെ വൈകിട്ട് ജയിലില്‍നിന്നു പുറത്തിറങ്ങി.
സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്. കേരളത്തിനു പുറത്തു പോകരുത്. രണ്ടു ലക്ഷംരൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യത്തിലാണു ജയില്‍മോചനം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്‌ഥന് മുമ്പില്‍ ഹാജരാകണം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്‌റ്റിലായി ജാമ്യം ലഭിക്കുന്ന നാലാമത്തെ പ്രതിയാണ് ഉണ്ണികൃഷ്‌ണന്‍ പോറ്റി. കേസിന്റെ ആസൂത്രകനെന്ന് എസ്.ഐ.ടി. വിശേഷിപ്പിച്ച പ്രതിയും കുറ്റപത്രം നല്‍കാന്‍ വൈകിയതിന്റെ ആനുകൂല്യത്തില്‍ പുറത്തിറങ്ങുന്നതോടെ കേസിന്റെ ഗതി മാറാനാണ് സാധ്യത. ഉണ്ണികൃഷ്‌ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരേ എസ്.ഐ.ടി. അന്വേഷണം തുടരുന്നതിനിടെയാണ് പോറ്റി ജയിലിന് പുറത്തേക്ക് വരുന്നത്.
അതേസമയം പോറ്റിയെ കാത്ത് ഇ.ഡിയും രംഗത്തുണ്ട്. സ്വര്‍ണക്കൊള്ളയിലെ സാമ്പത്തിക ഇടപാടില്‍ പോറ്റിയെ ഉടന്‍ ചോദ്യം ചെയ്യും. നേരത്തെ പോറ്റിയുടെ 1.3 കോടി രൂപയുടെ സ്വത്ത് ഇ.ഡി മരവിപ്പിച്ചിരുന്നു.
മറ്റു പ്രതികളായ മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്‌കുമാര്‍ എന്നിവര്‍ക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു. ഈ മാസം 11ന് എന്‍. വാസുവിന്റേയും 20ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.എം. നേതാവുമായ ബി. പത്മകുമാര്‍ അടക്കമുള്ള മറ്റ് പ്രതികളുടെയും അറസ്‌റ്റ് നടന്ന് 90 ദിവസം പൂര്‍ത്തിയാകും. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ക്കും ജാമ്യം ലഭിക്കാനാണ് സാധ്യത.