Monday, March 16, 2026 Last Updated 35 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

അപകടാവസ്‌ഥയിലായ ആര്‍മി ടവറിലെ താമസക്കാരന്‌ വാടക നല്‍കണമെന്ന്‌

കൊച്ചി: അപകടാവസ്‌ഥയിലായ ആര്‍മി ടവറിലെ നിലവിലെ ഏക താമസക്കാരനായ സിബി ജോര്‍ജിനു വാടകയും വീടു മാറാനുള്ള ചെലവും നല്‍കാന്‍ ജില്ലാ കലക്‌ടര്‍ നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി.
വൈറ്റിലയിലെ സില്‍വര്‍ സാന്‍ഡ്‌ ഐലന്‍ഡില്‍ സ്‌ഥിതി ചെയ്യുന്ന ആര്‍മി വെല്‍ഫെയര്‍ ഹൗസിങ്‌ ഓര്‍ഗനൈസേഷന്‍ (എ.ഡബ്ല്യു.എച്ച്‌.ഒ) നിര്‍മ്മിച്ച ആര്‍മി ടവര്‍ കെട്ടിടം ദുര്‍ബലാവസ്‌ഥയിലായ സാഹചര്യത്തിലാണ്‌ അദ്ദേഹം കോടതിയെ സമീപിച്ചത്‌.
എ.ഡബ്ല്യു.എച്ച്‌.ഒ. നിര്‍മിച്ച്‌ ഏഴ്‌ വര്‍ഷം മുമ്പു കൈമാറിയ സി. ടവറിലെ എല്ലാ ഉടമകള്‍ക്കും 35,000 രൂപ വീതം ആറ്‌ മാസത്തെ വാടകയും 30,000 രൂപ ചെലവും നല്‍കാന്‍ സെപ്‌റ്റംബര്‍ 10ന്‌ ഹൈക്കോടതി ഉത്തരവായിരുന്നു. കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയതിന്‌ ശേഷമാണ്‌ റിട്ട.കേണല്‍ സിബി ജോര്‍ജിന്‌ ഡിസംബര്‍ രണ്ടിന്‌ മൂന്ന്‌ മാസത്തെ വാടക മാത്രം നല്‍കിയത്‌.
പണം ലഭിക്കുന്നതിനായി കാത്തിരിക്കാതെ താമസം മാറ്റണമെന്നും ഹര്‍ജിക്കാരനോട്‌ കോടതി നിര്‍ദേശിച്ചു. എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന്‌ വീഴാവുന്ന, അടിയന്തരമായി ഒഴിപ്പിക്കണമെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ ഉത്തരവുള്ള കെട്ടിടത്തില്‍ സിബി ജോര്‍ജും കുടുംബവും മാത്രമാണ്‌ നിലവില്‍ താമസം.
ജില്ലാ കലക്‌ടറുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണ്‌ ടവറുകളിലെ താമസക്കാരെ ഒഴിപ്പിച്ച്‌ ഇവ പൊളിച്ചുമാറ്റി പുതിയ ടവറുകള്‍ നിര്‍മ്മിച്ച്‌ കൈമാറാനുള്ള ചുമതല. അത്രയും കാലം എ.ഡബ്ല്യു.എച്ച്‌.ഒ വാടക നല്‍കണം.
സിബി ജോര്‍ജിന്‌ നല്‍കാനുള്ള മൂന്ന്‌ മാസത്തെ വാടകയും വീട്‌ മാറ്റത്തിനുള്ള ചെലവും രണ്ട്‌ ആഴ്‌ചയ്‌ക്കകം കൈമാറണമെന്ന്‌ കോടതി വ്യക്‌തമാക്കി.
നിര്‍ദേശം പാലിക്കാത്ത പക്ഷം ജില്ലാ കലക്‌ടര്‍ നേരിട്ട്‌ കോടതിയില്‍ ഹാജരാകണമെന്നും ജസ്‌റ്റിസ്‌ കെ.നടരാജനും ജസ്‌റ്റിസ്‌ ജോണ്‍സണ്‍ ജോണും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടു.
ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനാണെന്ന്‌ കോടതി വ്യക്‌തമാക്കി.
കലക്‌ടറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കാണ്‌ ടവറുകളിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ച്‌ പുതിയ ടവറുകള്‍ നിര്‍മിച്ച്‌ കൈമാറാന്‍ ചുമതല. ഇതിനുള്ള ചെലവ്‌ എ.ഡബ്ല്യു.എച്ച്‌.ഒ.തന്നെ വഹിക്കണമെന്നും കോടതി വ്യക്‌തമാക്കി.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED