Monday, March 16, 2026 Last Updated 5 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

ജ്യോതിബാബുവിന്റെ ഇടക്കാല ജാമ്യം: മെഡിക്കല്‍ ബോര്‍ഡ്‌ ഇന്ന്‌ പരിശോധന നടത്തും

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവും ഇടക്കാല ജാമ്യം തേടി പുറത്തിറങ്ങാന്‍ സാധ്യത തെളിഞ്ഞു.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ജ്യോതിബാബുവിന്റെ ആരോഗ്യസ്‌ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്‌ ഇന്ന്‌ പരിശോധന നടത്തും. ഏഴു ദിവസത്തിനുള്ളില്‍ ജ്യോതിബാബുവിനെ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ കൈമാറണമെന്നാണ്‌ സുപ്രീം കോടതി മൂന്നംഗ മെഡിക്കല്‍ ബോര്‍ഡിനു നിര്‍ദേശം നല്‍കിയത്‌.
ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ജ്യോതിബാബുവിന്റെ ആവശ്യം പത്തു ദിവസത്തിനുശേഷം പരിഗണിക്കാനായി മാറ്റിയിരുന്നു. പത്തുദിവസം നാളെ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണു പരിശോധന. ജ്യോതിബാബുവിന്റെ രണ്ടു വൃക്കകളും തകരാറിലായെന്നാണ്‌ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്‌. വൃക്ക മാറ്റിവയ്‌ക്കണമെന്നും അതിനായി മൂന്നുമാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ്‌ ആവശ്യം. എന്നാല്‍ വൃക്ക നല്‍കാനുള്ള ദാതാക്കളായോ എന്നു കോടതി ആരാഞ്ഞു. വൃക്ക മാറ്റിവയ്‌ക്കല്‍ അത്ര പെട്ടെന്നു നടക്കുന്ന കാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ടി.പി. വധക്കേസിലെ പ്രധാന പ്രതികളിലാര്‍ക്കും സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ നിലവില്‍ സ്‌ഥിരമായ ജാമ്യം ലഭിച്ചിട്ടില്ല. എന്നാല്‍ പ്രതികള്‍ക്കു തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരേ ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എല്‍.എ. രംഗത്തുവന്നിട്ടുണ്ട്‌. ജ്യോതിബാബുവിനു ജാമ്യം അനുവദിക്കുന്നതിനെ മെറിറ്റില്‍ എതിര്‍ക്കുന്നതായി സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്‌തമാക്കി. അതേസമയം ആരോഗ്യസ്‌ഥിതി സംബന്ധിച്ച്‌ ജ്യോതിബാബു പറയുന്നത്‌ ശരിയാണെന്നും കോടതിയില്‍ അദ്ദേഹം വ്യക്‌തമാക്കി. മൂന്നുമാസത്തേക്ക്‌ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്നു സര്‍ക്കാരും വ്യക്‌തമാക്കിയതോടെ അത്‌ ലഭിക്കുമെന്നുറപ്പാണ്‌.
ഹൈക്കോടതി ശിക്ഷയ്‌ക്കെതിരേ ജ്യോതിബാബു നല്‍കിയ അപ്പീലില്‍ വാദം കേട്ട്‌ കോടതിക്കു പെട്ടെന്ന്‌ തീര്‍പ്പു കല്‍പ്പിക്കാവുന്നതേയുള്ളുവെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ജീവനുണ്ടെങ്കില്‍ മാത്രമേ ശിക്ഷ അനുഭവിക്കാന്‍ കഴിയുകയുള്ളുവെന്ന്‌ ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതിയും അഭിപ്രായപ്പെട്ടിരുന്നു.

ജെബി പോള്‍

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED