Monday, March 16, 2026 Last Updated 4 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
ടി.കെ. സുധീഷ്‌ കുമാര്‍
Tuesday 03 Feb 2026 11.37 PM

അടുക്കളയുടെ ഗ്യാസ്‌ പോയി ; ബോട്ട്‌ലിങ്‌ പ്ലാന്റിലെ മെല്ലെപ്പോക്കു സമരവും കേന്ദ്രത്തിന്റെ സുരക്ഷാ പരിശോധനയും, പാചകവാതക വിതരണത്തില്‍ പ്രതിസന്ധി

സുരക്ഷാ പരിശോധനയ്‌ക്കായി ഉന്നത ഉദ്യോഗസ്‌ഥര്‍ കേന്ദ്രത്തില്‍നിന്ന്‌ എത്തിയതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. പരിശോധന ആരംഭിച്ചതോടെ മെല്ലെപ്പോക്കിനു നേതൃത്വം നല്‍കിയിരുന്ന സി.ഐ.ടി.യു. താത്‌കാലികമായി സമരത്തില്‍നിന്നു പിന്നോട്ടുപോയിട്ടുണ്ട്‌.
uploads/news/2026/02/823747/Cooking-gas.jpg

പത്തനംതിട്ട: ബോട്ട്‌ലിങ്‌ പ്ലാന്റിലെ മെല്ലെപ്പോക്കു സമരത്തിനു പിന്നാലെ നടക്കുന്ന സുരക്ഷാ പരിശോധനയില്‍ത്തട്ടി പാചകവാതക വിതരണം വൈകുന്നു. സിലിണ്ടര്‍ ബുക്ക്‌ ചെയ്‌ത്‌ ഒരു മാസമായിട്ടും ലഭിക്കുന്നില്ലെന്ന്‌ ഉപയോക്‌താക്കള്‍.
കൊച്ചിയിലെ ബോട്ട്‌ലിങ്‌ പ്ലാന്റില്‍ തൊഴിലാളി യൂണിയന്‍ മെല്ലെപ്പോക്ക്‌ സമരത്തിലായതിനാലാണ്‌ സിലിണ്ടര്‍ വൈകുന്നതെന്നായിരുന്നു ഏജന്‍സികള്‍ ആദ്യം പറഞ്ഞിരുന്നത്‌. സുരക്ഷാ പരിശോധനയ്‌ക്കായി ഉന്നത ഉദ്യോഗസ്‌ഥര്‍ കേന്ദ്രത്തില്‍നിന്ന്‌ എത്തിയതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. പരിശോധന ആരംഭിച്ചതോടെ മെല്ലെപ്പോക്കിനു നേതൃത്വം നല്‍കിയിരുന്ന സി.ഐ.ടി.യു. താത്‌കാലികമായി സമരത്തില്‍നിന്നു പിന്നോട്ടുപോയിട്ടുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ നില്‍ക്കെ സമരം തുടരുന്നത്‌ തിരിച്ചടിച്ചേക്കാമെന്ന നേതൃത്വത്തിന്റെ വിലയിരുത്തല്‍ മറ്റൊരു കാരണമായി. മെല്ലെപ്പോക്കിനെത്തുടര്‍ന്ന്‌ ഏജന്‍സികളിലേക്ക്‌ ലോഡ്‌ അയയ്‌ക്കുന്നത്‌ വൈകിയിരുന്നു. ഇതോടെ ഗ്രാമീണ മേഖലകളില്‍ സിലിണ്ടര്‍ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി.
ഇതിനിടയില്‍ പ്ലാന്റില്‍ പരിശോധന ആരംഭിച്ചത്‌ സ്‌ഥിതി രൂക്ഷമാക്കി. ലോറിപ്രവേശനത്തിനുപോലും നിയന്ത്രണം ഏര്‍പ്പെടുത്തിയായിരുന്നു പരിശോധന. വാഹനവുമായി പ്ലാന്റ്‌ വളപ്പിലേക്കു പ്രവേശിക്കാന്‍ ൈഡ്രവര്‍മാര്‍ക്ക്‌ നിരവധി രേഖകള്‍ ഹാജരാക്കേണ്ടിവരുന്നുമുണ്ട്‌. ഇതെല്ലാം ലോഡ്‌ കയറ്റി തിരിച്ചെത്തുന്നതിനുള്ള കാലതാമസത്തിനു വഴിവയ്‌ക്കുന്നു. സ്വാഭാവികമായും പാചകവാതക സിലിണ്ടര്‍ വിതരണവും ഇതേത്തുടര്‍ന്നു വൈകുകയാണ്‌.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ ഉപയോക്‌താക്കളെയാണ്‌ പ്രതിസന്ധി കൂടുതല്‍ ബാധിച്ചിട്ടുള്ളത്‌. സിലിണ്ടര്‍ ബുക്ക്‌ ചെയ്‌ത്‌ കാത്തിരിക്കുന്നവരുടെ എണ്ണം അനുദിനം പെരുകുകയാണ്‌. വാണിജ്യ സിലിണ്ടര്‍ വാങ്ങാന്‍ പലരും നിര്‍ബന്ധിതരാകുന്നുമുണ്ട്‌.
പ്ലാന്റിലെ പരിശോധനയില്‍ കണ്ടെത്തിയ വീഴ്‌ചകള്‍ പരിഹരിച്ച ശേഷം മാത്രമാകും ഇവിടെ നിന്നു കൃത്യമായി ലോഡ്‌ അയയ്‌ക്കുന്നത്‌. ഇതോടെ സിലിണ്ടറിനായുള്ള ഉപയോക്‌താക്കളുടെ കാത്തിരിപ്പും നീളാനാണു സാധ്യത.

ടി.കെ. സുധീഷ്‌ കുമാര്‍

Ads by Google
ടി.കെ. സുധീഷ്‌ കുമാര്‍
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED