Monday, March 16, 2026 Last Updated 52 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

മദപ്പാടിലുള്ള ആനയെ ഉത്സവത്തിന്‌ നിയോഗിച്ച്‌ ദേവസ്വം ബോര്‍ഡ്‌

പൊന്‍കുന്നം: ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിനു മദപ്പാടിലുള്ള ആനയെ എഴുന്നള്ളിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്‌തമാകുന്നു. മദപ്പാടില്‍ കഴിയുന്ന ചിറക്കടവ്‌ ദേവസ്വം തിരുനീലകണ്‌ഠനെയാണ്‌ ഉത്സവത്തിനു ഡ്യൂട്ടിക്കിട്ടിരിക്കുന്നത്‌. ദേവസ്വം ആനയായ തിരുവല്ല ജയരാജനെ ചിറക്കടവില്‍ ഡ്യൂട്ടിക്കിട്ടെങ്കിലും കൊടിയേറ്റിനു പിന്നാലെ തിരിച്ചുകൊണ്ടുപോയി. രണ്ടാം ഉത്സവദിനം മുതല്‍ ദേവസ്വം ആനയില്ലാതെ, ഭക്‌തജനങ്ങളുടെ ചെലവില്‍ സ്വകാര്യ ആനകളെയാണ്‌ ആശ്രയിക്കുന്നത്‌.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ വക 22 ആനകള്‍ ഉള്ളതില്‍ 11 എണ്ണവും മദപ്പാടിലല്ല. ഇവയ്‌ക്കു മറ്റ്‌ ക്ഷേത്രങ്ങളില്‍ ഡ്യൂട്ടിയും ഇല്ലാതിരിക്കേയാണ്‌ മദപ്പാടിലുള്ള തിരുനീലകണ്‌ഠനെ ചിറക്കടവില്‍ എഴുന്നള്ളിപ്പിക്കാനുള്ള ഉത്തരവ്‌. ആനകളുടെ ചുമതലയുള്ള പത്തനംതിട്ട ഡപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ വിചിത്രമായ ഉത്തരവിനെതിരേ ഭക്‌തര്‍ കടുത്ത രോഷത്തിലാണ്‌. ഉത്സവത്തിനു ദേവസ്വം ആനയെ വിട്ടുനല്‍കുന്നില്ലെങ്കില്‍, മദപ്പാട്‌ കഴിഞ്ഞാലും തിരുനീലകണ്‌ഠനെ മറ്റ്‌ ക്ഷേത്രങ്ങളിലേക്കു നിയോഗിക്കാന്‍ അനുവദിക്കില്ലെന്നാണു നാട്ടുകാരുടെ നിലപാട്‌.
തിരുനീലകണ്‌ഠനെ പ്രതിവര്‍ഷം എഴുപതോളം എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിച്ച്‌ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ദേവസ്വം ബോര്‍ഡ്‌, ചിറക്കടവിലെ ആവശ്യത്തിനു പകരം ആനയെ നല്‍കാത്തതു ധാര്‍ഷ്‌ട്യവും ധിക്കാരവുമാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
ദേവസ്വം അധികൃതരും സ്വകാര്യ ആന ലോബിയുമായുള്ള ഒത്തുകളിയാണിതെന്നും ആരോപണമുണ്ട്‌. മദപ്പാടിലുള്ള ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയതിലൂടെ ജനങ്ങളുടെ ജീവനും പുല്ലുവില കല്‍പ്പിക്കുകയാണ്‌ ബോര്‍ഡ്‌. കഴിഞ്ഞ 31-നു കൊടിയേറി, ഫെബ്രുവരി ഒന്‍പതിനാണ്‌ ചിറക്കടവ്‌ ശ്രീമഹാദേവക്ഷേത്രത്തിലെ ആറാട്ട്‌.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED