Monday, March 16, 2026 Last Updated 4 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 01.29 AM

പദ്ധതികളെല്ലാം കേരളം പാഴാക്കി; റെയില്‍വേക്ക്‌ പണം എ.കെ.ജി. സെന്ററില്‍നിന്ന്‌ കൊണ്ടുവരുമോ: രാജീവ്‌ ചന്ദ്രശേഖര്‍

തിരുവനന്തപുരം: കേന്ദ്രപദ്ധതികള്‍ നടപ്പാക്കാതെ പാഴാക്കുന്ന സംസ്‌ഥാന സര്‍ക്കാര്‍ ബജറ്റിനെതിരേ വ്യാജ പ്രചാരണം നടത്തുകയാണെന്ന്‌ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖര്‍. കൊടുത്ത പദ്ധതികളെല്ലാം നടപ്പാക്കാന്‍ കേരളത്തിനു കഴിയുന്നില്ല.
എന്നിട്ടാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ റെയില്‍വേ ഉണ്ടാക്കാന്‍ പോകുന്നത്‌? ആരെയാണ്‌ പറ്റിക്കുന്നത്‌? ചെയ്യാന്‍ തയാറാണെന്ന്‌ മുഖ്യമന്ത്രി വെറുതെ പറഞ്ഞാല്‍ പോര. അതിന്‌ കാശ്‌ വേണ്ടേ? എ.കെ.ജി സെന്ററില്‍നിന്ന്‌ കൊണ്ടുവരാന്‍ പോകുവാണോയെന്നും രാജീവ്‌ ചന്ദ്രശേഖര്‍ ചോദിച്ചു.
കഴിഞ്ഞ 10-11 ബജറ്റില്‍ കേരളത്തിനു വേണ്ടി എത്രയോ കാര്യങ്ങള്‍ കേന്ദ്രം ചെയ്‌തു. ഇന്നും ആ പദ്ധതികള്‍ കേരളം നടപ്പിലാക്കുന്നില്ല. പി.എം ആവാസ്‌ യോജന, ജല്‍ ജീവന്‍ മിഷന്‍, പി.എം ആയുഷ്‌മാന്‍ തുടങ്ങിയവ ഇതിന്‌ ഉദാഹരണമാണ്‌. 2017ല്‍ എയിംസിനായി തമിഴ്‌നാട്ടിലെ മധുരയെയും കേരളത്തെയും തെരഞ്ഞെടുത്തിട്ട്‌, അന്നുമുതല്‍ ഇന്നുവരെ ഭൂമി ഏറ്റെടുക്കല്‍ നടപ്പാക്കാത്ത സര്‍ക്കാരാണ്‌ ഇടത്‌ സര്‍ക്കാര്‍. പകുതിയില്‍ കൂടുതല്‍ ലാന്‍ഡ്‌ ഇതുവരെ അക്വയര്‍ ചെയ്‌തിട്ടില്ല. അതാണ്‌ സത്യം. 70 വയസ്സിന്‌ മുകളിലുള്ളവര്‍ക്ക്‌ പി.എം ആയുഷ്‌മാന്‍ പദ്ധതി നല്‍കിയിട്ടും ഇതുവരെ ആര്‍ക്കും ലഭിക്കാത്ത സ്‌ഥിതിയാണ്‌.
ജല്‍ ജീവന്‍ മിഷന്‌ 6000 കോടി നല്‍കി. പക്ഷേ, 32 ലക്ഷം വീടുകളില്‍ പദ്ധതി എത്തിയില്ല. എന്തെങ്കിലും നടക്കണമെങ്കില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഇവിടെ വരണം.
ബജറ്റില്‍ യുവാക്കള്‍ക്ക്‌ വേണ്ടി എത്രയോ അവസരങ്ങള്‍ ഉണ്ട്‌. ടൂറിസം മേഖലയിലും, മാനുഫാക്‌ചറിങ്ങിലും, ഇലക്‌ട്രോണിക്‌ കംപോണന്റ്‌സ്‌ മാനുഫാക്‌ചറിങ്ങിലും, എ.ഐയിലും, കാര്‍ഷിക മേഖലയിലുമെല്ലാം. അത്‌ യാഥാര്‍ഥ്യമാക്കാനും സംസ്‌ഥാന സര്‍ക്കാരിന്‌ കഴിവ്‌ വേണം. ഇന്ത്യയെ നാലാം സാമ്പത്തിക ശക്‌തിയായി മാറ്റിയതിന്റെ പ്രതിഫലനമാണ്‌ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പതിനൊന്നാമത്‌ ബജറ്റ്‌. ദീര്‍ഘകാല സാമ്പത്തികതന്ത്രങ്ങളുടെ നേട്ടമാണിതെന്നും രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു.

Ads by Google
Monday 02 Feb 2026 01.29 AM
YOU MAY BE INTERESTED