Wednesday, March 18, 2026 Last Updated 0 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 01.16 AM

ഭരണവിരുദ്ധ വികാരം ഭയക്കുന്നു: വൈദ്യുതി ബില്ലിലെ ഇളവ്‌ തുടരും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ ജനങ്ങളെ കൈയിലെടുക്കാന്‍ വൈദ്യുതി ബില്ലിലെ ഇളവ്‌ തുടരും. ഫെബ്രുവരി മുതല്‍ ഇന്ധന സര്‍ചാര്‍ജ്‌ ഈടാക്കില്ലെന്ന്‌ കെ.എസ്‌.ഇ.ബി. അറിയിച്ചിരുന്നു.
സാധാരണക്കാരായ ഉപഭോക്‌താക്കളെ ബാധിക്കുന്ന സര്‍ചാര്‍ജ്‌ ഇനത്തില്‍ വന്‍കുറവ്‌ വരുത്താന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ്‌ ഈ നടപടി. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്പ്‌ ജനങ്ങള്‍ക്കാശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ രാഷ്‌ട്രീയ നീക്കം.
നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ ഉപഭോക്‌താക്കള്‍ക്ക്‌ ഇളവ്‌ തുടര്‍ന്നേക്കും. പ്രതിമാസം ബില്ല്‌ ലഭിക്കുന്ന ഉപഭോക്‌താക്കള്‍ക്ക്‌ ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ്‌ പൂര്‍ണമായും ഒഴിവാക്കിയിരുന്നു.
രണ്ടു മാസത്തിലൊരിക്കല്‍ ബില്ല്‌ ലഭിക്കുന്നവര്‍ക്ക്‌ യൂണിറ്റിന്‌ നാല്‌ പൈസ മാത്രമായിരിക്കും സര്‍ചാര്‍ജ്‌. ജനുവരിയില്‍ ഇത്‌ യഥാക്രമം ഏഴും എട്ടും പൈസയായിരുന്നു. വൈദ്യുതി വാങ്ങുന്ന ചെലവ്‌ വര്‍ധിക്കുമ്പോള്‍ അതിന്റെ ബാധ്യത സര്‍ചാര്‍ജായി ജനങ്ങളില്‍നിന്ന്‌ ഈടാക്കാന്‍ കേന്ദ്ര ചട്ടപ്രകാരം വിതരണ കമ്പനികള്‍ക്ക്‌ അനുവാദമുണ്ട്‌.
എന്നാല്‍, തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ സര്‍ചാര്‍ജ്‌ കൂടി ഈടാക്കുന്നത്‌ ഭരണവിരുദ്ധ വികാരം ശക്‌തമാക്കുമെന്ന്‌ സി.പി.എം. വിലയിരുത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ്‌ സര്‍ചാര്‍ജ്‌ കുറച്ച്‌ ബില്ലില്‍ ആശ്വാസം നല്‍കാന്‍ ബോര്‍ഡിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്‌.
ഡിസംബറിലെ വൈദ്യുതി വാങ്ങല്‍ ചെലവിലെ കുറവ്‌ കണക്കിലെടുത്താണ്‌ സര്‍ചാര്‍ജ്‌ കുറച്ചതെന്നാണ്‌ ബോര്‍ഡിന്റെ ഔദ്യോഗിക വിശദീകരണമെങ്കിലും ഇതിനുപിന്നില്‍ കൃത്യമായ രാഷ്‌ട്രീയ അജന്‍ഡയുണ്ടെന്ന്‌ വ്യക്‌തം. കനത്ത വേനല്‍ തുടങ്ങാനിരിക്കെ വൈദ്യുതി ഉപയോഗം കൂടുന്ന സാഹചര്യത്തില്‍ ബില്ല്‌ തുക കുറയുന്നത്‌ സാധാരണക്കാര്‍ക്ക്‌ ആശ്വാസമാകും.

Ads by Google
Monday 02 Feb 2026 01.16 AM
YOU MAY BE INTERESTED