Wednesday, March 18, 2026 Last Updated 3 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 01.16 AM

സില്‍വര്‍ ലൈന്‍ കേസുകള്‍ പിന്‍വലിക്കുന്നു

തിരുവനന്തപുരം : കേരളത്തെയാകെ ഇളക്കിമറിച്ച സില്‍വര്‍ലൈന്‍ സമരപരമ്പരകളിലെ കേസുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ നില്‍ക്കെ, ജനവികാരം അനുകൂലമാക്കാനുള്ള രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗമാണ്‌ ഈ പിന്‍വാങ്ങല്‍.
പദ്ധതിക്കായി സ്‌ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കുന്ന കാര്യത്തിലും പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതിലും ഉടന്‍ നിര്‍ണായക പ്രഖ്യാപനമുണ്ടാകും. സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിലൂടെ സര്‍ക്കാരിനെതിരേ രൂപപ്പെട്ട ജനരോഷം വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്ന തിരിച്ചറിവ്‌ സി.പി.എമ്മിനും ഉണ്ട്‌.
പദ്ധതി ഉപേക്ഷിച്ചതായി ഔദ്യോഗികമായി സമ്മതിച്ചിട്ടില്ലെങ്കിലും, റീജനല്‍ റാപ്പിഡ്‌ ട്രാന്‍സിറ്റ്‌ സിസ്‌റ്റത്തിന്‌ (ആര്‍.ആര്‍.ടി.എസ്‌) ബജറ്റില്‍ തുക വകയിരുത്തിയത്‌ സില്‍വര്‍ലൈന്‍ അപ്രായോഗികമാണെന്ന പരോക്ഷ സമ്മതമായി കരുതപ്പെടുന്നു. സില്‍വര്‍ലൈന്‌ സ്‌ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്‌ഞാപന കാലാവധി കഴിഞ്ഞതോടെ സാങ്കേതികമായി പദ്ധതി ഇപ്പോള്‍ വഴിമുട്ടിയ അവസ്‌ഥയിലാണ്‌. എന്നാല്‍, തങ്ങളുടെ ഭൂമിയിലെ മഞ്ഞക്കുറ്റികള്‍ എടുത്തുമാറ്റാന്‍ ഭയന്ന്‌ കഴിയുകയാണ്‌ ഉടമകള്‍.
ഒരു കുറ്റിക്ക്‌ ഗതാഗതച്ചെലവ്‌ ഉള്‍പ്പെടെ അയ്യായിരത്തോളം രൂപ ചെലവായെന്നും അത്‌ മാറ്റിയാല്‍ നിയമനടപടി വരുമെന്നുമുള്ള കെ-റെയില്‍ അധികൃതരുടെ നിലപാട്‌ ഭൂവുടമകളെ പ്രതിസന്ധിയിലാക്കുന്നു. മഞ്ഞക്കുറ്റിയിട്ട ഭൂമി പണയപ്പെടുത്താനോ വില്‍ക്കാനോ കഴിയാതെ കുടുംബങ്ങള്‍ വലയുകയാണ്‌. കുട്ടികളുടെ പഠനം, വിവാഹം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക്‌ പോലും ഈ ഭൂമി ഉപകരിക്കാത്ത സ്‌ഥിതിയാണുള്ളത്‌.
വിജ്‌ഞാപനം റദ്ദായെങ്കിലും കുറ്റികള്‍ മാറ്റുന്നതില്‍ വ്യക്‌തത വരാത്തത്‌ ബാങ്കുകളെ വായ്‌പ നല്‍കുന്നതില്‍നിന്നും പിന്നോട്ടടിക്കുന്നു.

Ads by Google
Monday 02 Feb 2026 01.16 AM
YOU MAY BE INTERESTED