Wednesday, March 18, 2026 Last Updated 4 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

വിമര്‍ശനങ്ങള്‍ തള്ളുന്നു; വോട്ടിന്‌ വിലയുണ്ടെന്ന്‌ തെളിയിക്കണം: വെള്ളാപ്പള്ളി

കോട്ടയം: തനിക്കെതിരായ എല്ലാ വിമര്‍ശനങ്ങളെയും തള്ളുന്നെന്നും ആവശ്യമില്ലാത്ത വിമര്‍ശകരോടു പോടാ പുല്ലേ എന്നു പറയുമെന്നു എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയം എസ്‌.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വത്തില്‍ നാഗമ്പടം ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ വോട്ടിനു കോട്ടയത്തു വിലയുണ്ടെന്നു തെളിയിക്കണം. ഇവിടെ കോട്ടയത്ത്‌ ഈഴവന്റെ വോട്ടിനു വിലയില്ല. ഈഴവ സമുദായത്തിന്‌ എന്തു കിട്ടി? കോട്ടയത്ത്‌ ആകെ ഒരു എം.എല്‍.എയുണ്ട്‌. സംഘടിത മത ശക്‌തികള്‍ ഏല്ലാം കൊണ്ടുപോയപ്പോള്‍ അസംഘടിത ഭൂരിപക്ഷ സമുദായങ്ങള്‍ക്ക്‌ ഒന്നും കിട്ടിയില്ല. പാര്‍ലമെന്റിലായാലും നിയമസഭയിലായാലും നമ്മള്‍ക്കു വേണ്ടി പറയാന്‍ പ്രതിനിധികളുണ്ടോ.
എനിക്കു പാര്‍ലമെന്ററി മോഹം ഇല്ല. അങ്ങനെ എനിക്ക്‌ ഒരു മോഹം ഉണ്ടെന്നു നിങ്ങള്‍ക്കു തോന്നിയാല്‍ നിങ്ങള്‍ എന്നെ ഊളമ്പാറയില്‍ അയയ്‌ക്കണം. കുറെ യൂട്യൂബുകാര്‍ക്കു പണം കൊടുത്തു ചില മതശക്‌തികള്‍ എന്നെ ചീത്ത പറയിക്കുന്നു. പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല. ഞാന്‍ ഒറ്റയ്‌ക്കു നിന്നാല്‍ സീറോ, നിങ്ങള്‍ കൂടെ നിന്നപ്പോള്‍ ഹീറോ.
മറ്റുള്ള സമുദായങ്ങള്‍ മണിമാളികകള്‍ പണിയുമ്പോള്‍ വീടില്ലാത്തവര്‍ പിന്നാക്ക സമുദായക്കാരും പട്ടിക ജാതിക്കാരുമാണ്‌. തൊഴിലുറപ്പ്‌ ജോലിക്ക്‌ പോകുന്നവര്‍ അധികം ഈഴവ സമുദായത്തിലുള്ളവരാണ്‌.-വെള്ളാപ്പള്ളി പറഞ്ഞു. തന്നെ പല ഘട്ടത്തില്‍ പലരും കൊല്ലാന്‍ ശ്രമിച്ചെന്നും പക്ഷെ കൊല്ലാന്‍ ശ്രമിച്ചവരൊക്കെ ചത്തുപോയെന്നും താന്‍ ഇപ്പോഴും ചക്കക്കുരു പോലെ നില്‍ക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED