Wednesday, March 18, 2026 Last Updated 9 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

തര്‍ക്കത്തിനിടെ 'പോയി ചാകെന്ന്‌' പറഞ്ഞാല്‍ ആത്മഹത്യാ പ്രേരണയാകില്ല: ഹൈക്കോടതി

കൊച്ചി: വാക്കുതര്‍ക്കത്തിനിടെ ഒരാളോട്‌ പോയി ചാകാന്‍ പറയുന്നത്‌ ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്നു ഹൈക്കോടതി. കാസര്‍ഗോഡ്‌ സ്വദേശിനി അഞ്ചരവയസുള്ള മകളുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കിയ കേസില്‍ കാമുകനെ കുറ്റവിമുക്‌തനാക്കിയ ഉത്തരവിലാണു ജസ്‌റ്റിസ്‌ സി. പ്രദീപ്‌ കുമാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്‌.
രണ്ടുപേര്‍ തമ്മിലുണ്ടാകുന്ന വഴക്കിനിടെ ഇങ്ങനെ പറയുന്നത്‌ ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്നു വിലയിരുത്തിയാണു കോടതി കാമുകനെ കുറ്റവിമുക്‌തനാക്കി ഉത്തരവിട്ടത്‌. 2023 ലാണു കേസിനാസ്‌പദമായ സംഭവം. അധ്യാപകനായ ഹര്‍ജിക്കാരന്‌ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു.
പിന്നീട്‌ യുവാവ്‌ മറ്റൊരു വിവാഹത്തിന്‌ ഒരുങ്ങുന്നതായി യുവതിക്കു വിവരം കിട്ടി. ഇതുമായി ബന്ധപ്പെട്ട കലഹത്തിനിടെ 'പോയി ചാക്‌' എന്ന്‌ യുവാവ്‌ പറഞ്ഞതാണ്‌ ആത്മഹത്യക്ക്‌ കാരണമായതെന്നാണു പ്രോസിക്യൂഷന്‍ കേസ്‌. മരണത്തിനു പ്രേരിപ്പിക്കണം എന്ന കൃത്യമായ ഉദ്ദേശ്യം പ്രതിക്കുണ്ടെങ്കിലേ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കൂ. മരിച്ചയാള്‍ക്ക്‌ എന്തുതോന്നി എന്നതിനേക്കാള്‍, പ്രതിയുടെ ഉദ്ദേശ്യത്തിനാണ്‌ ഇവിടെ മുന്‍ഗണന നല്‍കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ദേഷ്യത്തിന്റെ പുറത്തോ വാക്കുതര്‍ക്കത്തിനിടയിലോ പെട്ടെന്നുണ്ടാകുന്ന വികാരത്തില്‍ പറയുന്ന വാക്കുകള്‍ ആത്മഹത്യയ്‌ക്കു പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതല്ലെന്നു കോടതി വിലയിരുത്തി. ആത്മഹത്യാ പ്രേരണാ കുറ്റം നിലനില്‍ക്കാത്തതിനാല്‍, തെളിവുനശിപ്പിച്ചു എന്നാരോപിക്കുന്ന 204 വകുപ്പും പ്രതിക്കെതിരേ നിലനില്‍ക്കില്ലെന്നു കോടതി വ്യക്‌തമാക്കി. ഹര്‍ജിക്കാരന്‍ കാസര്‍ഗോഡ്‌ ജില്ലാ സെഷന്‍സ്‌ കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണു ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്‌.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED