Wednesday, March 18, 2026 Last Updated 1 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

സിറിയ സമാധാനത്തിലേക്ക്‌; എസ്‌.ഡി.എഫ്‌- സര്‍ക്കാര്‍ കരാര്‍ യാഥാര്‍ഥ്യം

ദമാസ്‌കസ്‌: സമാധാനത്തിനു കളമൊരുക്കി കുര്‍ദുകളുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക്‌ ഫോഴ്‌സു (എസ്‌.ഡി.എഫ്‌)മായി സിറിയന്‍ സര്‍ക്കാര്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ട്‌. ഒരു ദശാബ്‌ദത്തിലേറെയായി എസ്‌.ഡി.എഫ്‌. നിയന്ത്രിച്ചിരുന്ന വടക്കുകിഴക്കന്‍ മേഖലയിലെ വലിയൊരു ഭാഗം ഏറ്റുമുട്ടലിലൂടെ സിറിയന്‍ സൈന്യം തിരിച്ചുപിടിച്ചതിനു പിന്നാലെയാണ്‌ അനുരഞ്‌ജനത്തിനു വഴിയൊരുങ്ങിയത്‌. ഭരണകൂടവുമായി സഹകരിച്ചു നീങ്ങാന്‍ കുര്‍ദിഷ്‌ സേന സമ്മതിച്ച്‌ കരാറിലൊപ്പിട്ടതായാണു വിവരം.
തങ്ങളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന വലിയ ഭൂവിഭാഗം കൈമോശം വന്നതോടെ ഈമാസം ആദ്യം സര്‍ക്കാരുമായി വെടിനിര്‍ത്തലിന്‌ എസ്‌.ഡി.എഫ്‌. തയാറായിരുന്നു. എങ്കിലും ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിന്‌ അവസാനമായിരുന്നില്ല. അതിനൊടുവിലാണ്‌ പുതിയ സമാധാനക്കരാറിനു മഷിപുരണ്ടത്‌. ഇതിന്‍പ്രകാരം ശക്‌തികേന്ദ്രങ്ങളില്‍നിന്ന്‌ എസ്‌.ഡി.എഫ്‌. പിന്മാറും. സംഘാംഗങ്ങള്‍ സിറിയന്‍ സേനയിലും സര്‍ക്കാരിലും അണിചേരും. എസ്‌.ഡി.എഫിന്റെ കീഴിലുണ്ടായിരുന്ന ഭരണ-സിവില്‍ സ്‌ഥാപനങ്ങള്‍ സിറിയന്‍ സര്‍ക്കാരിന്റെ ഭാഗമാകും. ഇതുകൂടാതെ മൂന്നു ബ്രിഗേഡുകള്‍ ഉള്‍പ്പെടുന്ന സൈനികവിഭാഗം രൂപീകരിക്കുന്നതും കരാറില്‍ ഉള്‍പ്പെടുന്നു.
കുര്‍ദിഷ്‌ ജനതയുടെ സിവില്‍, വിദ്യാഭ്യാസ അവകാശങ്ങള്‍ സംബന്ധിച്ചും കരാറില്‍ പരാമര്‍ശിക്കുന്നതായി എസ്‌.ഡി.എഫ്‌. വൃത്തങ്ങള്‍ എക്‌സില്‍ കുറിച്ചു. കുടിയിറക്കപ്പെട്ടവര്‍ക്ക്‌ അവരുടെ വീടുകളിലേക്ക്‌ മടങ്ങാന്‍ അനുവദിക്കുമെന്ന്‌ കരാര്‍ ഉറപ്പുനല്‍കുന്നതായും പ്രസ്‌താവനയിലുണ്ട്‌. ദേശീയഐക്യം, നിലനില്‍ക്കുന്ന സ്‌ഥിരത എന്നിവയിലേക്കുള്ള സിറിയയുടെ യാത്രയിലെ ആഴമേറിയതും ചരിത്രപരവുമായ നാഴികക്കല്ല്‌' എന്നാണ്‌ യുഎസ്‌ പ്രതിനിധി ടോം ബരാക്‌ ഇതിനെ വിശേഷിപ്പിച്ചത്‌. ഭീകരസംഘടനയായ ഇസ്ലാമിക്‌ സ്‌റ്റേറ്റി(ഐഎസ്‌)നെ പരാജയപ്പെടുത്താന്‍ സഹായിച്ചതിനുശേഷം, അമേരിക്കയുടെ പിന്തുണയോടെ സിറിയയുടെ മൂന്നിലൊന്ന്‌ പ്രദേശത്തിന്റെയും നിയന്ത്രണം കുര്‍ദുകള്‍ക്കായിരുന്നു. അസദ്‌ ഭരണകൂടത്തെ അട്ടിമറിച്ച വിമത ആക്രമണത്തിന്‌ നേതൃത്വം നല്‍കിയ നിലവിലെ പ്രസിഡന്റ്‌ അഹമ്മദ്‌ അല്‍-ഷറ, വിഭജിത സിറിയയെ വീണ്ടും ഒന്നിപ്പിക്കുമെന്ന്‌ വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ18 ന്‌ വെടിനിര്‍ത്തല്‍ അംഗീകരിച്ചതിനുശേഷം രാജ്യത്തെ വിഭജനാവസ്‌ഥ അവസാനിപ്പിച്ച്‌ ഐക്യത്തിന്റെയും പുരോഗതിയുടെയും അവസ്‌ഥയിലേക്കു മാറ്റാന്‍ ഇതു പാതയൊരുക്കുമെന്നും അല്‍ ഷറ പ്രത്യാശ പ്രകടിപ്പിച്ചു.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED