Wednesday, March 18, 2026 Last Updated 4 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

'യു.പി. പോലീസ്‌ സ്‌റ്റേറ്റ്‌ ആകാന്‍ അനുവദിക്കില്ല'

അലാഹാബാദ്‌: നിശ്‌ചിത ഉത്തരവുകള്‍ പുറപ്പെടുവിക്കാനായി ഉത്തര്‍പ്രദേശിലെ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ജഡ്‌ജിമാരെ, പ്രത്യേകിച്ച്‌ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുമാരെ (സി.ജെ.എം.) സമ്മര്‍ദത്തിലാക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി അലാഹാബാദ്‌ ഹൈക്കോടതി. ഉത്തര്‍പ്രദേശിനെ ഒരു 'പോലീസ്‌ സ്‌റ്റേറ്റ്‌' ആകാന്‍ അനുവദിക്കില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
ഉത്തര്‍പ്രദേശ്‌ പോലീസ്‌ പ്രതികളുടെ കാലുകളില്‍ വെടിവയ്‌ക്കുന്ന പ്രവണത വര്‍ധിക്കുന്നതു തടയാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച്‌ വിശദീകരിക്കാന്‍ പോലീസ്‌ ഡയറക്‌ടര്‍ ജനറല്‍ (ഡി.ജി.പി.) രാജീവ്‌ കൃഷ്‌ണയെയും അഡീഷണല്‍ ചീഫ്‌ സെക്രട്ടറി (ആഭ്യന്തര) സഞ്‌ജയ്‌ പ്രസാദും വീഡിയോ കോണ്‍ഫറന്‍സ്‌ വഴി കോടതിയില്‍ ഹാജരായിരുന്നു. വിഷയത്തില്‍ വാദം നടക്കുന്നതിനിടെ സംസ്‌ഥാന അഭിഭാഷകനു കോടതി താക്കീത്‌ നല്‍കിയത്‌.
' ഒരു ജില്ലയിലെയും നിയമം പാലിക്കപ്പെടുന്നില്ല. സുപ്രീം കോടതിയുടെ നിയമമോ നിര്‍ദേശമോ പാലിച്ച ഒരു കേസും കാണുന്നില്ല. ഒരു പ്രത്യേക ഉത്തരവിനായി എസ്‌.പിമാര്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരില്‍ സമ്മര്‍ദം ചെലുത്തുന്നത്‌ പതിവായിരിക്കുന്നു.'- ജസ്‌റ്റിസ്‌ അരുണ്‍ കുമാര്‍ സിങ്‌ ദേശ്‌വാള്‍ പറഞ്ഞു.
യു.പി. പോലീസ്‌ പ്രതികളുടെ കാലില്‍ വെടിവയ്‌ക്കുന്നതും പിന്നീട്‌ ഇത്‌ ഏറ്റുമുട്ടലാണെന്ന്‌ അവകാശപ്പെടുന്ന പ്രവണതയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
പ്രതികളെ വെടിവയ്‌ക്കാനോ അല്ലെങ്കില്‍ പോലീസ്‌ ഏറ്റുമുട്ടലാണെന്ന്‌ അവകാശപ്പെട്ട്‌ വെടിവയ്‌ക്കാനോ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്ന്‌ അറിയിക്കാന്‍ കോടതി ഡി.ജി.പിയോടും അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയോടും ആവശ്യപ്പെട്ടു. മേലുദ്യോഗസ്‌ഥരെ പ്രീതിപ്പെടുത്താനോ പ്രതികളെ പാഠം പഠിപ്പിക്കാനോ വേണ്ടിയാണോ ഇതു ചെയ്യുന്നത്‌.
'ശിക്ഷിക്കാനുള്ള അധികാരം പോലീസിനല്ല. കോടതികളുടെ മാത്രം അധികാരപരിധിയിലുള്ളതാണത്‌. ഇന്ത്യ നിയമവാഴ്‌ചയാല്‍ ഭരിക്കപ്പെടുന്ന ഒരു ജനാധിപത്യ രാഷ്‌ട്രമാണ്‌. എക്‌സിക്യൂട്ടീവ്‌, നിയമസഭ, ജുഡീഷ്യറി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്‌തവും വ്യക്‌തമായി നിര്‍വചിക്കപ്പെട്ടതുമാണ്‌. ജുഡീഷ്യല്‍ മേഖലയിലേക്കു പോലീസ്‌ നടത്തുന്ന ഒരു കടന്നുകയറ്റവും അംഗീകരിക്കാനാവില്ല.'-ഹൈക്കോടതി വ്യക്‌തമാക്കി.
വ്യത്യസ്‌ത പോലീസ്‌ ഏറ്റുമുട്ടലുകളില്‍ പരുക്കേറ്റ മൂന്ന്‌ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ്‌ കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്‌.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED