Wednesday, March 18, 2026 Last Updated 1 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 Jan 2026 10.11 AM

നഗരസഭ പൂട്ടിച്ച ബാര്‍ രാഷ്‌ട്രീയ നേതാവ്‌ ബിനാമിയായി തുറക്കുന്നു!

കൊല്ലം: കെട്ടിടസുരക്ഷ ഉള്‍പ്പെടെ നക്ഷത്രപദവി ചട്ടങ്ങള്‍ ലംഘിച്ചതിന്‌ നഗരസഭയും എക്‌സൈസും അടച്ചുപൂട്ടിയ ബാര്‍ രാഷ്‌ട്രീയ നേതാവിന്റെ ബിനാമി ഉടമസ്‌ഥതയില്‍ തുറക്കാന്‍ നീക്കം. കോട്ടയം തിരുനക്കര ബസ്‌ സ്‌റ്റാന്‍ഡിലെ നഗരസഭാ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന രാജധാനി ബാര്‍ ഹോട്ടലാണ്‌ ലക്ഷങ്ങള്‍ കോഴ നല്‍കിയും ബിനാമി ഇടപാടിലൂടെയും തുറക്കാന്‍ ശ്രമം നടക്കുന്നത്‌.
തിരുവനന്തപുരം സ്വദേശിയും പ്രമുഖ രാഷ്‌ട്രീയനേതാവും ഇടനിലക്കാരായാണ്‌ കോട്ടയത്തെ പ്രമുഖ രാഷ്‌ട്രീയ നേതാവിനെ ബിനാമിയാക്കി ബാര്‍ തുറപ്പിക്കാനുള്ള പദ്ധതി തയാറാക്കിയത്‌. എക്‌സൈസ്‌, ടൂറിസം വകുപ്പുകളുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ, ഏത്‌ നിമിഷവും പൊളിഞ്ഞുവീഴാവുന്ന മുനിസിപ്പാലിറ്റി കെട്ടിടത്തില്‍ പാട്ടവ്യവസ്‌ഥയിലാണ്‌ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്‌. 50 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടം സുരക്ഷിതമല്ലാത്തതിനാല്‍ പൊളിച്ചുനീക്കാന്‍ ഹൈക്കോടതി (ഡബ്ലു.പി.(സി) നമ്പര്‍ 21823/2020) ഉത്തരവിട്ടിരുന്നു. എന്നാല്‍, രണ്ടുവര്‍ഷം മുമ്പ്‌ ഹോട്ടലിന്റെ മാനേജിങ്‌ പാര്‍ട്‌ണര്‍മാര്‍ മുനിസിപ്പല്‍ അധികൃതരെ സ്വാധീനിച്ച്‌ കെട്ടിടരൂപരേഖ, വര്‍ക്ക്‌ പെര്‍മിറ്റ്‌, ട്രേഡ്‌ ലൈസന്‍സ്‌, ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ്‌, ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റിക്ല ിയറന്‍സ്‌ എന്നിവ നേടിയെടുത്തു. തുടര്‍ന്ന്‌ ഹോട്ടല്‍ നവീകരിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും മാലിന്യസംസ്‌കരണസംവിധാനം, പാര്‍ക്കിങ്‌, അഗ്‌നിശമനസൗകര്യം തുടങ്ങിയവ ഇല്ലാത്തതിന്റ പേരില്‍ പൂട്ടിച്ചു.
ഹോട്ടല്‍ അടച്ചുപൂട്ടുകയും വായ്‌പാകുടിശികയില്‍ ജപ്‌തി നടപടികള്‍ ആരംഭിക്കുകയും ചെയ്‌തതോടെ, ഉടമകളായ ദമ്പതികള്‍ ബാര്‍ വില്‍പ്പനയ്‌ക്കെന്ന പേരില്‍ ഒന്നിലധികം പേരില്‍നിന്ന്‌ കോടികള്‍ അഡ്വാന്‍സായി വാങ്ങുകയും ലൈസന്‍സില്ലാത്ത ബാര്‍ കൈമാറ്റം ചെയ്‌ത്‌ കൂടുതല്‍ തുക തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. പണം നല്‍കിയവര്‍ തിരികെ ആവശ്യപ്പെട്ടതോടെയാണ്‌ കോട്ടയത്തെ പ്രമുഖ രാഷ്‌ട്രീയ നേതാവിനെ ബിനാമിയാക്കി ബാര്‍ തുറപ്പിക്കാനുള്ള നീക്കം. ഇതിന്റെ ഭാഗമായി, വിവിധ കാരണങ്ങള്‍ക്കു പിഴയടക്കം 10 ലക്ഷത്തോളം രൂപ നഗരസഭയിലേക്ക്‌ ഈടാക്കി കെട്ടിടം നവീകരിക്കാനും ലൈസന്‍സ്‌ പുതുക്കാനുമുള്ള നടപടികളാണ്‌ നടന്നുവരുന്നത്‌. ഭരണതലത്തില്‍ വന്‍സ്വാധീനമുള്ള നേതാവായതിനാല്‍ ചട്ടലംഘനങ്ങള്‍ക്കുനേരേ കണ്ണടയ്‌ക്കുകയാണ്‌ നഗരസഭാ ഉദ്യോഗസ്‌ഥര്‍. അനധികൃത ഇടപാടിനെതിരേ കേന്ദ്ര ടൂറിസം മന്ത്രിക്കും എക്‌സൈസ്‌ കമ്മിഷണര്‍ക്കും ജില്ലാ കലക്‌ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പരാതി ലഭിച്ചതായാണ്‌ സൂചന.

Ads by Google
Saturday 31 Jan 2026 10.11 AM
YOU MAY BE INTERESTED