Wednesday, March 18, 2026 Last Updated 14 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

അവഗണ നേരിട്ടാല്‍ റബര്‍ കൃഷിക്ക്‌ ബദല്‍ പദ്ധതി

തിരുവനന്തപുരം: സാഹിത്യവും ഉദ്ധരണികളും ഒഴിവാക്കിയ കെ.എന്‍. ബാലഗോപാലിന്റെ ബജറ്റ്‌ ഉപസംഹരിക്കുന്നത്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ ട്രംപിന്റെ നയങ്ങള്‍ ലോകത്തിന്‌ ഉയര്‍ത്തുന്ന ഭീഷണിയെ ചൂണ്ടിക്കാട്ടിയും കേരളത്തിന്റെ ഭാവി വികസന കാര്യങ്ങള്‍ക്കുള്ള പരിപ്രേഷ്യത്തെ അവതരിപ്പിച്ചുമാണ്‌. റബര്‍ മേഖലയില്‍ ശക്‌തമായ ബദല്‍ വികസനപദ്ധതി എന്ന സൂചന നല്‍കുന്നതിനോടൊപ്പം വെനിസ്വലയില്‍ ട്രംപ്‌ നടത്തിയ കടന്നുകയറ്റത്തെ ബജറ്റിലൂടെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്‌.
ആസിയാന്‍ കരാറിന്റെയും വന്യജീവികളുടെ ആക്രമണത്തിന്റെയും ആഘാതത്തില്‍നിന്നു കാര്‍ഷിക മേഖലയെ മുക്‌തമാക്കേണ്ടതുണ്ട്‌. ആസിയാന്‍ കരാറിന്റെ ഏറ്റവും രൂക്ഷമായ ആഘാതം ഉണ്ടായത്‌ റബര്‍ മേഖലയിലാണ്‌. അതിനുശേഷം ഇന്നുവരെ റബര്‍ കൃഷിക്കാര്‍ക്ക്‌ ആദായവില കിട്ടിയിട്ടില്ല. കൃഷിക്കാരും തൊഴിലാളികളും കൃഷി ഉപേക്ഷിച്ചു പോകുന്ന സ്‌ഥിതിയുണ്ട്‌. വൈകാതെ ഇത്‌ ഇന്ത്യന്‍ ടയര്‍ വ്യവസായത്തെയും ബാധിക്കും. റബര്‍ മേഖലയിലെ അധികാരം കൈയാളുന്ന റബര്‍ ബോര്‍ഡും കേന്ദ്ര വാണിജ്യ വകുപ്പും ടയര്‍ ഉല്‍പ്പാദകരും റബറിന്‌ ന്യായവില ഉറപ്പാക്കാന്‍ ബാധ്യസ്‌ഥരാണ്‌. അത്‌ നടന്നില്ലെങ്കില്‍ ശക്‌തവും സമഗ്രവുമായ ബദല്‍ വികസന പരിപാടി നടപ്പാക്കാന്‍ സംസ്‌ഥാനം നിര്‍ബന്ധിതമാവും.
കേരളത്തെപ്പോലെ വനത്തെയും വന്യജീവികളെയും സംരക്ഷിച്ച മറ്റൊരു സംസ്‌ഥാനമില്ല. എന്നാല്‍ അത്‌ ഇപ്പോള്‍ കേരളത്തിലെ കൃഷിക്കും കൃഷിക്കാര്‍ക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്‌. ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ വനം വന്യജീവി നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ തയാറല്ല. ആധുനിക സാങ്കേതികവിദ്യകളും നിയമത്തിന്റെ സാധ്യതകളും ഉപയോഗിച്ച്‌ കേരളത്തിലെ കൃഷിയെയും കൃഷിക്കാരെയും സംരക്ഷിക്കാന്‍ സമഗ്ര പദ്ധതി തയാറാക്കി നടപ്പാക്കും. അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ നടപടികള്‍ ലോകവ്യാപാര രംഗത്ത്‌ വലിയ അനിച്‌ഛിതത്വങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന്‌ ബജറ്റില്‍ വിമര്‍ശിക്കുന്നു. ട്രംപ്‌ ഏര്‍പ്പെടുത്തിയ താരിഫുകള്‍ ആ അനിച്‌ഛിതത്വം വര്‍ധിപ്പിച്ചു. അത്‌ ഇന്ത്യയെയും കേരളത്തെയും പ്രതികൂലമായി ബാധിച്ചു.
ട്രംപിന്റെ ഭീഷണിക്ക്‌ വഴങ്ങി ജി.എസ്‌.ടി. നിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ കുറച്ചത്‌ സംസ്‌ഥാനത്തിന്റെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു. യൂറോപ്യന്‍ സാമ്പത്തിക സമൂഹവുമായി ഇന്ത്യ ഒപ്പിട്ടിട്ടുള്ള പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും പുറത്തുവന്നിട്ടില്ല. എന്നാല്‍ നമ്മുടെ ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെടയുള്ളവര്‍ക്കും വ്യവസായ മേഖലകള്‍ക്കും ഇതുമൂലം തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്കയും ശക്‌തമാണ്‌.
ലോകം ജനാധിപത്യക്രമത്തില്‍നിന്നു പിന്നോട്ടുരുളുന്ന കാഴ്‌ച ആശങ്കയുളവാക്കുന്നതാണ്‌. ഒരു റിപ്പബ്ലിക്കിന്റെ തലവനെ അന്താരാഷ്‌ട്രനിയമങ്ങള്‍ കാറ്റില്‍പ്പറത്തി പ്രസിഡന്റ്‌ മന്ദിരത്തില്‍നിന്നു അറസ്‌റ്റ്‌ ചെയ്‌ത്‌ അമേരിക്കയുടെ ജയിലിലടച്ചതുപോലെയുള്ള സംഭവങ്ങള്‍ കോളനിഭരണകാലത്ത്‌ പോലും അത്യപൂര്‍വമായിരുന്നു.
ഇത്തരം കാര്യങ്ങള്‍ നമുക്കും മുന്നറിയിപ്പാണ്‌. നാം കേരളീയര്‍ ഒറ്റക്കെട്ടായി സംസ്‌ഥാനത്തിന്റെ താല്‍പര്യത്തിനുവേണ്ടി മുന്നേറണം. ഐക്യത്തോടെ നാടിന്റെ താല്‍പര്യത്തിനുവേണ്ടി നിന്നാല്‍ ഏത്‌ പ്രതിസന്ധിയെയും നമുക്ക്‌ നേരിടാം. നമ്മുടെ ചരിത്രം അതാണ്‌ പഠിപ്പിക്കുന്നത്‌. ഭാവിക്കായി കരുതലോടെ സംസ്‌ഥാനതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കാം. നമുക്ക്‌ ഭാവിയിലേക്ക്‌ ഒറ്റക്കെട്ടായി മുന്നേറാമെന്ന ആഹ്വാനത്തോടെയാണ്‌ ബജറ്റ്‌ ഉപസംഹരിക്കുന്നത്‌.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED