Wednesday, March 18, 2026 Last Updated 14 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

മുരിയാടിനെ വര്‍ണ്ണാഭമാക്കി സിയോണ്‍ കൂടാരത്തിരുന്നാള്‍ ഘോഷയാത്ര

മുരിയാട്‌ : സിയോണ്‍ കൂടാര തിരുന്നാളിന്റെ ഭാഗമായി ഇന്നലെ മുരിയാട്‌ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സിയോനിലേക്ക്‌ നടത്തിയ ഘോഷയാത്ര പ്രദേശത്തെയാകെ ഭക്‌തി സാന്ദ്രവും വര്‍ണ്ണാഭവുമാക്കി. ബ്ര. ഷാന്റോ പോളിന്റെ അനുഗ്രഹ പ്രഭാഷണത്തോടെ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ പഞ്ചായത്ത്‌ ഓഫീസ്‌, വല്ലക്കുന്ന്‌ എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ഭക്‌തി നിര്‍ഭരമായ യാത്രകളില്‍ ബൈബിളിലെ 12 ഗോത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന ദൃശ്യങ്ങളും വിവിധ നിറങ്ങളിലുള്ള വസ്ര്‌തങ്ങള്‍ ധരിച്ച 20,000 ല്‍ പരം വിശ്വാസികളും പങ്കെടുത്തു.
ദൈവവചനങ്ങളുടെയും ഭക്‌തിഗാനങ്ങളുടെ താളത്തിനനുസരിച്ചുള്ള നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ ജനസാഗരങ്ങള്‍ വൈകിട്ട്‌ 6 ന്‌ സിയോനില്‍ പ്രവേശിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ വിശ്വാസികള്‍ പങ്കെടുത്ത ഭക്‌തിസാന്ദ്രമായ ഘോഷയാത്ര പ്രദേശവാസികള്‍ക്കും നാടിനും വിസ്‌മയ കാഴ്‌ചയായി. ഈജിപ്‌തിന്റെ അടിമത്തത്തില്‍ ആയിരുന്ന ദൈവമക്കളുടെ 12 ഗോത്രങ്ങളുടെ പുനസ്‌ഥാപനത്തിന്റെ അടയാളമായാണ്‌ 12 നിറങ്ങളിലുള്ള വസ്ര്‌തങ്ങളണിഞ്ഞ്‌ വിശ്വാസികള്‍ പ്രദക്ഷണത്തില്‍ അണിനിരക്കുന്നത്‌.
ഈ മാസം 18 മുതല്‍ ആരംഭിച്ച തിരുനാള്‍ വിപുലമായ പരിപാടികളോടെ ഇന്ന്‌ വൈകിട്ടോടെ സമാപിക്കും. ദിവ്യബലി, വചന സന്ദേശ പ്രഘോഷനങ്ങള്‍, കലാപരിപാടികള്‍ എന്നിവയാണ്‌ സമാപന ദിവസത്തെ പ്രധാന പരിപാടികള്‍. ജില്ലയിലെ സാമൂഹിക രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖര്‍ അതിഥികളായി എത്തുന്നതും തിരുന്നാളിന്റെ പ്രത്യേകതയാണ്‌.
വാഗ്‌ദാന ദേശത്തേക്ക്‌ മരുഭൂമിയിലൂടെ നയിക്കപ്പെട്ട ദൈവജനത്തോടൊപ്പം ദൈവം കൂടാരങ്ങളില്‍ വസിച്ചിരുന്നു എന്നതിന്റെ അനുസ്‌മരണവും സംഭവിക്കാനിരിക്കുന്ന ദൈവമനുഷ്യ സംഗമത്തിന്റെ മുന്നാസ്വാധനവുമായിട്ടാണ്‌ കൂടാര തിരുന്നാള്‍ ആഘോഷിക്കപ്പെടുന്നത്‌.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED