തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് ആയതുകൊണ്ടുതന്നെ കേന്ദ്രത്തിനും പ്രതിപക്ഷത്തിനും എതിരെ രാഷ്‌ട്രീയ വിമര്‍ശനത്തിനുള്ള സാദ്ധ്യതയും മന്ത്രി ബാലഗോപാല്‍ നഷ്‌ടപ്പെടുത്തിയില്ല. കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്രത്തിനെതിരായ കുറ്റങ്ങള്‍ അക്കമിട്ടുനിരത്തിയ മന്ത്രി, അതിനെ നേരിടുന്നതിന് ഒന്നിച്ചുനില്‍ക്കാതെ പുറംതിരിഞ്ഞുനില്‍ക്കുന്ന പ്രതിപക്ഷത്തെ അതേനാണയത്തില്‍ തന്നെ വിമര്‍ശിക്കുകയും ചെയ്‌തു. വരും കാലത്ത് ഒരു രാഷ്‌ട്രം എന്ന നിലയില്‍ ഇന്ത്യ അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് സംസ്‌ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ക്ക് മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റം സംബന്ധിച്ചുള്ളതായിരിക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കി. ഇന്ത്യയില്‍ വോട്ടുചോരി മാത്രമല്ല നോട്ടുചോരിയും നടക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രവും സംസ്‌ഥാനങ്ങളും ചേര്‍ന്നുള്ള സംയുക്‌ത ഗവണ്‍മെന്റിന്റെ വലുപ്പം കുറയ്‌ക്കാന്‍ കേന്ദ്രം നിരന്തരം പരിശ്രമിക്കുന്നുവെന്ന് ബജറ്റ് കുറ്റപ്പെടുത്തുന്നു. നിയോലിബറല്‍ പരിഷ്‌കാരങ്ങള്‍ തുടങ്ങിയ മന്‍മോഹന്‍സിങിന്റെ കാലം മുതല്‍ കേന്ദ്രത്തിനെ പിടികൂടിയ ഒരു രോഗമാണിത്.
ഏറ്റവും ചെറിയ സര്‍ക്കാരാണ് ഏറ്റവും നല്ല സര്‍ക്കാര്‍ എന്നതാണ് ആ കാഴ്‌ചപ്പാട്. വികസിത രാജ്യങ്ങള്‍ ദേശീയോല്‍പ്പാദനത്തിന്റെ അമ്പത് ശതമാനം വരെ നികുതിയായി പിരിച്ചെടുത്ത് ചെലവ് ചെയ്യുമ്പോഴാണ് ഇന്ത്യ സര്‍ക്കാരിനെ ചെറുതാക്കാന്‍ പരിശ്രമിക്കുന്നത്. എന്നിട്ട്, സര്‍ക്കാരിന്റെ വലിപ്പം കുറയ്‌ക്കാനുള്ള ഉത്തരവാദിത്തം മുഴുവനും സംസ്‌ഥാനങ്ങള്‍ക്ക് മുകളിലാണ് കെട്ടിവെയ്‌ക്കുന്നതും. സംസ്‌ഥാനങ്ങളുടെ നികുതിവരുമാനവും വായ്‌പാപരിധിയും വെട്ടിക്കുറയ്‌ക്കുന്നു. ഒപ്പം കൂടുതല്‍ ചെലവുത്തരവാദിത്തങ്ങള്‍ കെട്ടിയേല്‍പ്പിക്കുകയും ചെയ്യുന്നു.
കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ നിന്നും സംസ്‌ഥാനങ്ങള്‍ക്ക് വീതം വയ്‌ക്കേണ്ട തുകയുടെ (ഡിവിസിബിള്‍ പൂള്‍) അനുപാതവും വെട്ടിക്കുറയ്‌ക്കുകയാണ്. വീതം വയ്‌ക്കേണ്ടാത്ത സെസ്സും, സര്‍ചാര്‍ജും മറ്റും ഉയര്‍ത്തുന്നു. വീതംവയ്‌ക്കേണ്ട കോര്‍പ്പറേറ്റ് നികുതിയിലും മറ്റും വലിയ ഇളവ് നല്‍കുന്നു. സംസ്‌ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ മുഖ്യ സ്രോതസ്സായ ജി.എസ്.ടിയുടെ നിരക്കുകള്‍ പോലും കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറയ്‌ക്കുകയാണ്. സംസ്‌ഥാനങ്ങള്‍ ആവശ്യപ്പെട്ട നഷ്‌ടപരിഹാരംനല്‍കുന്നുമില്ല.
ഇവയ്‌ക്കൊക്കെ പുറമേയാണ് സംസ്‌ഥാനത്തിന്റെ വായ്‌പാപരിധിയില്‍ വലിയ വെട്ടിക്കുറവു വരുത്തിയതും. കോവിഡ് മഹാമാരിയുടെ കാലത്തനുവദിച്ച അധിക വായ്‌പാ പരിധി ഇല്ലാതായി. സംസ്‌ഥാനത്തിന്റെ പശ്‌ചാത്തല മേഖലയിലെ പിന്നാക്കാവസ്‌ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന ധീരമായ പരീക്ഷണമാണ് കിഫ്‌ബി. ദേശീയപാത അതോറിറ്റിയുടെയും മറ്റും മാതൃക പിന്തുടര്‍ന്ന് കൊണ്ടുവന്ന കിഫ്‌ബിയെ പൂര്‍ണ്ണമായും റദ്ദു ചെയ്യുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.
കിഫ്‌ബി മുന്‍പ് എടുത്ത വായ്‌പയും സര്‍ക്കാരിന്റെ വായ്‌പാ പരിധിയില്‍ നിന്നും കുറവ് ചെയ്‌തു. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയാകാതിരിക്കാന്‍ കൊണ്ടുവന്ന പെന്‍ഷന്‍ കമ്പനിയുടെ വായ്‌പകളും തിരിച്ചടവ് പരിഗണിക്കാതെ സംസ്‌ഥാനത്തിന്റെ വായ്‌പാ പരിധിയില്‍ നിന്നും കുറവ് ചെയ്‌തു. ട്രഷറി അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ പോലും സര്‍ക്കാരിന്റെ വായ്‌പയായി പരിഗണിച്ച വായ്‌പാ പരിധിയില്‍ നിന്നും വെട്ടിക്കുറയ്‌ക്കുന്ന അനുഭവമുണ്ടായി.
ആസൂത്രണ കമ്മീഷന്‍ ഇല്ലാതായതോടെ സംസ്‌ഥാനത്തിനു ലഭിച്ചിരുന്ന പ്ലാന്‍ ഗ്രാന്റ് ഇല്ലാതായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്രവിഹിതം വെട്ടിക്കുറച്ചു. ഏറ്റവും ഒടുവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും കേന്ദ്രം പിന്മാറുകയും ചെയ്‌തു.
ദുരന്തകാലത്ത് ഇന്ത്യയിലെ ഗ്രാമീണ ജീവിതങ്ങള്‍ക്ക് തണലായ തൊഴിലുറപ്പ് പദ്ധതിയുടെ അവസാനത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ പുതിയ കേന്ദ്ര സമീപനം മൂലം ഇത് മുന്നോട്ടുകൊണ്ടുപോകുന്നതിന് സംസ്‌ഥാനം 2000 കോടിയിലേറെ രൂപ അധികമായി കണ്ടെത്തേണ്ട സ്‌ഥിതിയാണ്. കേന്ദ്ര വിഹിതത്തില്‍ നിന്നും കേരളത്തിനു കിട്ടാനുള്ള കുടിശ്ശികകള്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് നിഷേധിക്കുന്നു എന്നും പറയണം.
ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയില്‍ വോട്ടുചോരി മാത്രമല്ല നോട്ടുചോരിയും നടക്കുകയാണ്. നോട്ടുചോരി നടക്കുന്നു എന്നതിനു തെളിവ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ ഹാജരാക്കുന്നുണ്ട്. അടുത്ത കാലത്ത് സി.എ.ജി സംസ്‌ഥാനങ്ങളുടെ ധനകാര്യം സംബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ട് കേരളത്തെ മുക്‌തകണ്‌ഠം പ്രശംസിക്കുന്നുണ്ട്.
കേരളത്തിന്റെ റവന്യു വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് കേന്ദ്രത്തിന്റെ വിഹിതം. 75 ശതമാനവും സംസ്‌ഥാനം സ്വന്തം നിലയില്‍ കണ്ടെത്തുകയാണ്. രാജ്യത്തെ പൊതുശരാശരി എടുത്താല്‍ സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതമായി 50 ശതമാനത്തിന് മുകളില്‍ ലഭിക്കുമ്പോഴാണ് ഈ അവഗണന.
കേരളത്തോടുള്ള ഒരു ഇരുട്ടടിയായിട്ടാണ് ഈ നടപടിയെ കാണേണ്ടത്.ഇതുമായി ബന്ധപ്പെട്ട കത്ത് ലഭിച്ചതിന്റെ അടുത്ത ദിവസം തന്നെ കേന്ദ്ര ധനകാര്യമന്ത്രിയെ ഡല്‍ഹിയിലെത്തി നേരില്‍ കണ്ട് സംസ്‌ഥാനത്തിന്റെ പ്രതിഷേധം അറിയിക്കുകയും നടപടി മരവിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തുവെന്നും മന്ത്രി പറഞ്ഞു.