Wednesday, March 18, 2026 Last Updated 15 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 11.49 PM

ചെലവ്‌ വര്‍ധിച്ചിട്ടും പിടിച്ചുനിന്നത്‌ വരുമാന വര്‍ധനയിലൂടെ

തിരുവനന്തപുരം: കേന്ദ്രം കുടുക്കുമെന്ന്‌ അറിയാമായിരുന്നതുകൊണ്ട്‌ വരുമാനം വര്‍ധിപ്പിച്ചും ചെലവുകള്‍ നിയന്ത്രിച്ചുമാണ്‌ സാമ്പത്തികമായി ഉണ്ടാക്കിയ ഉപരോധത്തെ കേരളം മറികടന്നതെന്ന്‌ ബജറ്റില്‍ വ്യക്‌തമാക്കി മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇടതുപക്ഷ സര്‍ക്കാരിനെ ധനപരമായി ഒതുക്കാനുള്ള ശ്രമം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവും എന്ന്‌ തുടക്കത്തിലെ കണക്കുകൂട്ടിയിരുന്നുവെന്ന്‌ മന്ത്രി വെളിവാക്കി.
കഴിഞ്ഞ അഞ്ച്‌ വര്‍ഷക്കാലത്തില്‍ ഏകദേശം 1,27,747 കോടി രൂപയുടെ അധിക വരുമാനമാണ്‌ തനത്‌ നികുതി വരുമാനത്തിന്റെ കാര്യത്തില്‍ നമുക്ക്‌ സൃഷ്‌ടിക്കാന്‍ കഴിഞ്ഞത്‌. ഇത്‌ മൊത്തം തനതുനികുതി വരുമാനത്തിന്റെ കണക്കല്ല. തനത്‌ നികുതി വരുമാനത്തില്‍ 1,27,747 കോടി രൂപ അധികമായി പിരിച്ചെടുക്കാന്‍ കഴിഞ്ഞു. 2025-26 ധനവര്‍ഷത്തെ കണക്കുകള്‍ അന്തിമമാക്കുമ്പോള്‍ ഇത്‌ ഇനിയും ഉയരും. മുന്‍ സര്‍ക്കാരിന്റെ കാലത്തെ (2016-17 മുതല്‍ 2020-21) ശരാശരി പ്രതിവര്‍ഷ തനത്‌ നികുതി വരുമാനം 47,453 കോടി രൂപയായിരുന്നു. ഈ സര്‍ക്കാരിന്റെ ശരാശരി പ്രതിവര്‍ഷ തനത്‌ നികുതി വരുമാനം 73,002 കോടി രൂപയാണ്‌. 2025-26 വര്‍ഷത്തെ കണക്കുകള്‍ അന്തിമമാക്കുമ്പോള്‍ ശരാശരി തനതുനികുതി വരുമാനം ഇനിയും ഉയരും. ഈ ബജറ്റില്‍ 2025-26-ലെ തനത്‌ നികുതി വരുമാനമായി റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ 83,731 കോടിരൂപയാണ്‌.
അതോടൊപ്പം സംസ്‌ഥാന സര്‍ക്കാരിന്റെ തനത്‌ നികുതിയേതര വരുമാനത്തിലും അഭിമാനകരമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്‌. നികുതിയേതര വരുമാനമായി 24,898 കോടി രൂപയോളം അധികമായി പിരിച്ചെടുക്കാന്‍ നമുക്ക്‌ കഴിഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ നികുതിയേതര വരുമാനത്തിന്റെ വാര്‍ഷിക ശരാശരി 10,455 കോടി രൂപയായിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത്‌ അത്‌ 15,435 കോടിയായി ഉയര്‍ന്നു. 2025-26 ലെ കണക്കുകള്‍ അന്തിമമാക്കുമ്പോള്‍ ഇത്‌ വീണ്ടും ഉയരും. ചുരുക്കിപ്പറഞ്ഞാല്‍ തനത്‌ നികുതി വരുമാനത്തിലും നികുതിയേതര വരുമാനത്തിലുമായി 1,52,645 കോടിയിലേറെ നമുക്ക്‌ അധികമായി പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. അതാണ്‌ കടുത്ത കേന്ദ്ര അവഗണനയ്‌ക്കിടയിലും നമ്മെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത്‌. അതായിരുന്നു ധനമന്ത്രിയുടെ കൈയിലെ മാന്ത്രിക ദണ്ഡ്‌ : അധികമായി പിരിച്ചെടുത്ത തനത്‌ നികുതി-നികുതിയേതര വരുമാനം. ഈ അവസരത്തില്‍ ഈ നേട്ടം സാധ്യമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരേയും സര്‍വോപരി നികുതിദായകരെയും ബജറ്റില്‍ അഭിനന്ദിക്കുകയും ചെയ്‌തു. അവരോടുള്ള സര്‍ക്കാരിന്റെ കടപ്പാട്‌ അറിയിക്കാനും ഈ അവസരം ഉപയോഗിക്കുന്നു.
നികുതിദായകരോട്‌ ശത്രുതാ മനോഭാവത്തോടുകൂടി പെരുമാറരുത്‌ എന്ന കാര്യം ഉദ്യോഗസ്‌ഥരോട്‌ ആവര്‍ത്തിച്ചു പറയുന്നുണ്ട്‌. നികുതിദായകര്‍ കഠിനാധ്വാനം ചെയ്‌ത്‌ സമ്പത്ത്‌ ഉല്‍പ്പാദിപ്പിക്കുന്നതുകൊണ്ടാണ്‌ സര്‍ക്കാരിന്‌ നികുതി-നികുതിയേതര വരുമാനം ഉണ്ടാവുന്നത്‌. പശ്‌ചാത്തലമേഖലയിലും മറ്റും പുരോഗതി സാധ്യമാക്കിക്കൊണ്ട്‌ എല്ലാ ഉല്‍പ്പാദകരേയും സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്‌. ഒപ്പം നികുതിദായകരെ ആദരിക്കാനും അവര്‍ക്ക്‌ പുരസ്‌കാരം നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി 5 കോടി രൂപ നീക്കിവയ്‌ക്കുകയും ചെയ്‌തു. പുരസ്‌കാരത്തിനുള്ള മാര്‍ഗനിര്‍ദ്ദേശം നികുതിവകുപ്പ്‌ തയ്യാറാക്കും.
സംസ്‌ഥാന സര്‍ക്കാരിന്റെ നികുതി-നികുതിയേതര വരുമാനം ഇനിയുമേറെ വര്‍ധിപ്പിക്കാനാകും. പക്ഷേ അതിന്‌ കേന്ദ്രത്തിന്റെ പിന്തുണകൂടി വേണം. ജി.എസ്‌.ടി വരുമാനം വര്‍ധിക്കണമെങ്കില്‍ സംസ്‌ഥാനത്തെ നികുതിഭരണം മെച്ചപ്പെട്ടാല്‍ മാത്രംപോര.
ഐ.ജി.എസ്‌.ടി വരുമാനം വര്‍ധിക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ട്‌ ഇപ്പോഴും നിലനില്‍ക്കുന്ന ഭരണപരവും സാങ്കേതികവുമായ പോരായ്‌മകള്‍ പരിഹരിക്കണം. ഒപ്പം കേന്ദ്രത്തിന്റെയും മറ്റ്‌ സംസ്‌ഥാനങ്ങളുടെയും നികുതിഭരണം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

Ads by Google
Thursday 29 Jan 2026 11.49 PM
YOU MAY BE INTERESTED